ചെങ്ങന്നൂര്‍: പാണ്ടനാട്ടില്‍ വില്ലേജ് ഓഫീസര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. ഒരു മാസം മുന്‍പ് വില്ലേജ് ഓഫീസര്‍ ഉദ്യോഗക്കയറ്റം ലഭിച്ച് പോയതോടെയാണ് നാട്ടുകാര്‍ക്ക് ദുരിതം ആരംഭിച്ചത്. നിലവില്‍ തിരുവന്‍വണ്ടൂര്‍ വില്ലേജ് ഓഫീസര്‍ക്കാണ് പാണ്ടനാടിന്റെയും അധിക ചുമതല നല്‍കിയിട്ടുളളത്. ഇതുമൂലം വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങള്‍ പാണ്ടനാട്-തിരുവന്‍വണ്ടൂര്‍ വില്ലേജ് ഓഫീസുകളില്‍ കയറി ഇറങ്ങേണ്ട ഗതികേടിലാണ്.
പാണ്ടനാട്ടില്‍ വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. നിലവില്‍ രണ്ടുപേര്‍ മാത്രമാണ് ഇവിടെ ജീവനക്കാരായുള്ളത്. എന്നാല്‍ കഴിഞ്ഞദിവസം ഇവരും ഓഫീസില്‍ ഇല്ലാതായതാണ് നാട്ടുകാരില്‍ പ്രതിഷേധം ഉയര്‍ത്തിയത്. വിവിധ ആവശ്യങ്ങളുമായ് എത്തിയവര്‍ക്ക് ഒഴിഞ്ഞ ആഫീസ് മാത്രമാണ് കാണാന്‍ കഴിഞ്ഞത്.
തുടര്‍ന്ന് ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, പഞ്ചായത്തംഗം ഗോപിനാഥപിള്ള, കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോസ് പുതുവന, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ബി. യശോധരന്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ഡി. മോഹനന്, കെ.വി. വര്‍ഗീസ്, എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഓഫീസിനുമുന്പില് പ്രതിഷേധ ധര്‍ണ നടത്തി.
പ്രതിഷേധം ശക്തമായതോടെ തഹസില്‍ദാര്‍ നബീസ ബീവി, ഡപ്യൂട്ടി തഹസില്‍ദാര്‍ ത്യാഗരാജന്, തിരുവന്‍വണ്ടൂര്‍ വില്ലേജ് ഓഫീസര്‍ ജയപ്രകാശ്, ചെങ്ങന്നൂര്‍ പോലീസും സ്ഥലത്തെത്തി. പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ വില്ലേജ് ഓഫീസറെ ഉടന്‍ നിയമിക്കാന്‍ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചതോടെയാണ് സമരം അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: