തമിഴകത്തെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി, ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി, ആദ്യ വനിതാ പ്രതിപക്ഷ നേതാവ്, എതിരാളികളോട് ദയാശൂന്യമായി പ്രതികാരം ചെയ്യുന്നവള്‍, അഴിമതിയുടെ അവതാരം… സ്വന്തം പ്രതിച്ഛായ വാനോളം കെട്ടിപ്പൊക്കുന്നതിനിടെ തമിഴകത്തിന്റെ സ്വന്തം അമ്മയായ ജയലളിതയ്ക്ക് വീണുകിട്ടിയ വിശേഷണങ്ങളാണ് ഇവ. സിനിമയും രാഷ്ട്രീയവും കെട്ടുപിണഞ്ഞു കിടക്കുന്ന തമിഴകത്ത് രണ്ടു മേഖലകളിലും വിജയം വരിച്ചവര്‍ നിരവധി ഉണ്ടെങ്കിലും ജയലളിത അദ്വിതീയ തന്നെ. തമിഴ്ജനതയുടെ വികാരവും ആവേശവുമായ അമ്മക്ക് പക്ഷെ പാതിവഴിയില്‍വെച്ച് അടി തെറ്റിയിരിക്കുന്നു.
ഒരു സിനിമാക്കഥയുടെ ചേരുവകളല്ലാം ഉള്ളതാണ് ജയലളിതയുടെ ജീവിതം. തമിഴ്നാട്ടില്‍ നിന്നും മൈസൂരില്‍ എത്തിയ അയ്യങ്കാര്‍ കുടുംബത്തിലായിരുന്നു കോമളവല്ലി എന്ന ജയലളിതയുടെ ജനനം. മുത്തച്ഛന് മൈസൂര്‍ മഹാരാജാവിന്റെ കൊട്ടാര വൈദ്യനായിരുന്നു. അഭിഭാഷകനായിരുന്ന അച്ഛന് ജയരാമന് കോമളവല്ലിയുടെ രണ്ടാം വയസില്‍ മരിച്ചു. അതോടെ അമ്മയായ വേദവല്ലി സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ മദിരാശിയിലേക്കു കുടിയേറി. സന്ധ്യ എന്ന പേരില്‍ അവര്‍ സിനിമാഭിനയവും തുടങ്ങി.
മകള്‍ക്ക് 15 വയസുള്ളപ്പോഴാണ് അവളെയും സിനിമയില്‍ അഭിനയിപ്പിക്കാന്‍ അമ്മതീരുമാനിക്കുന്നത്. പഠിപ്പ് മുടങ്ങാതിരിക്കാന്‍ അവധി ദിവസങ്ങളിലും രാത്രി കാലങ്ങളിലും മറ്റുമായിരുന്നു ഷൂട്ടീംഗ്. 1964 ല്‍ ചിന്നഡ കൊംബെ എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു ജയലളിതയുടെ നായികയായുള്ള ജയലളിതയുടെ അരങ്ങേറ്റം. അതോടെ പഠനത്തോട് വിടപറഞ്ഞ ജയലളിതയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
തമിഴ് സിനിമയിലെ മുടിചൂടാമന്നനായിരുന്ന എം.ജിആറിന്റെ ദൃഷ്ടിയില് പതിഞ്ഞതോടെയാണ് ജയലളിതയുടെ ശുക്രന് ഉദിക്കുന്നത്. ബ്ലാക്ക് ആന്റ് വൈറ്റിലും കളറിലുമായി 28 ചിത്രങ്ങള്‍ ഈ താരജോഡി അഭിനയിച്ചു തീര്‍ത്തു. ഇവയെല്ലാം തന്നെ വമ്പന്‍ ഹിറ്റുകളുമായിരുന്നു. സിനിമയിലെ നായികാ-നായക ബന്ധം സിനിമക്കു പുറത്തേക്കും നീണ്ടു.
നായികയായി എംജി ആര് മഞ്ജുളയെ തിരഞ്ഞെടുത്തതോടെയാണ് എംജി ആര്-ജയലളിത ബന്ധം ഉലയുന്നത്. താല്‍ക്കാലികമായിട്ടാണെങ്കിലും ജയലളിത വിസ്മൃതിയിലേക്ക് തള്ളപ്പെട്ടു. 1984ല്‍ എംജിആര്‍ തന്റെ എഐഎഡിഎംകെയില്‍ തന്നെ അംഗമാക്കിയതോടെയാണ് ജയലളിത വീണ്ടും ജനശ്രദ്ധയില്‍ വരുന്നത്. ഏറെ താമസിയാതെ പാര്ട്ടിയുടെപ്രചാരണ വിഭാഗം സെക്രട്ടറിയായും തന്റെ സ്വപ്ന പദ്ധതിയായ സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലക്കാരിയായും എംജിആര്‍ ജയലളിതയെ ഉയര്‍ത്തി. നെടുംചെഴിയന്‍, എസ്. ഡി. സോമസുന്ദരം തടുങ്ങിയ ഏതാനും മുതിര്‍ന്ന നേതാക്കള്‍ ഇതില്‍ അസംതൃപ്തരായിരുന്നു.
പ്രശ്നം ഒഴിവാക്കാന്‍ എംജിആര്‍ ജയലളിതയെ രാജ്യസഭാംഗമാക്കി ദല്ഹിയിലേക്കയച്ചു.
ഇതിനിടെ എംജിആര്‍ അമേരിക്കയിലെ ബ്രൂക്ലിനില്‍ ചികിത്സക്ക് പോയതോടെ ജയലളിത പാര്‍ട്ടിയില്‍ പിടി മുറുക്കി. ക്രമേണ ജയലളിത പാര്‍ട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയാവുകയായിരുന്നു. എംജിആറിന്റെ മരണശേഷം 1989ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ രണ്ട് കക്ഷികളായാണ് മത്സരിച്ചത്. ഒന്നിന്റെ നേതൃത്വം ജയലളിതക്കും മറ്റേത് എംജിആറിന്റെ ഭാര്യ ജാനകിക്കുമായിരുന്നു. രണ്ട് വിഭാഗങ്ങളും തോറ്റ ആ തെരഞ്ഞെടുപ്പില്‍ ഡിഎംകെ അനായാസ വിജയവും നേടി. അതോടെ തന്റെ കക്ഷിയെ ജയലളിതയുടെ കക്ഷിയില്‍ ലയിപ്പിച്ച് ജാനകി രാമചന്ദ്രന് രാഷ്ട്രീയത്തില്‍ നിന്നും വിടവാങ്ങി.
1991ല്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട എഐഎഡിഎംകെ ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനം തൂത്തുവാരി. തെരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ദ്ധന്യത്തില്‍ എത്തിനില്‍കെ ശ്രീ പെരുംമ്പത്തൂരില്വെച്ച് രാജീവ് ഗാന്ധി കൊല്ലപ്പെടാന്‍ ഇടയായത് സഖ്യത്തിന്റെ വിജയത്തിന് ആക്കം കൂട്ടി. 1991 മുല് 96 വരെയുള്ള കാലത്തെ ജയലളിതയുടെ ഭരണം അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കുപ്രസിദ്ധി നേടിയതായിരുന്നു.
96ല്‍ അധികാരത്തില്‍ വന്ന കരുണാനിധിയുടെ സര്‍ക്കാര്‍ നിരവധി അഴിമതി കേസുകളില്‍ ജയലളിതയെ പ്രതിയാക്കിയിരുന്നെങ്കിലും മിക്കതിലും അവര്‍ വിടുവിക്കപ്പെടുകയാണുണ്ടായത്. അതില്‍ ഏറ്റവും പ്രമാദമായ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസാണ് ഇപ്പോള്‍ ജയലളിതയെ ജയിലില്‍ എത്തിച്ചതും അവരുടെ രാഷ്ട്രീയ ജീവിതത്തിനു മുന്നില്‍ ചോദ്യ ചിഹ്നമായി മാറിയിരിക്കുന്നതും.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ മുഖ്യമന്ത്രി എന്ന സ്ഥാനത്തു നിന്നാണ് ജയലളിത ഇപ്പോള്‍ തറയില്‍ വീണുകിടക്കുന്നത്. ബംഗളൂരുവിലെ പ്രത്യേക കോടതി വിധി പ്രസ്താവിച്ചിരിക്കുന്ന ഈ കേസിനു പുറമേ എഗ്മോറിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടന്നു വരുന്ന നികുതി വെട്ടിപ്പ് കേസും സുപ്രീംകോടതിയില്‍ നിലവിലുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ കൈപ്പറ്റുന്ന കേസും ജയിലില്‍പ്പോലും ജയലളിതയുടെ ഉറക്കം കെടുത്തുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: