ചേര്‍ത്തല: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചിത്രാഞ്ജലി തീയേറ്ററിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിജയദശമിക്കും തീരില്ല. ചേര്‍ത്തലയിലെ സിനിമാ പ്രേമികളുടെ കാത്തിരിപ്പ് ഇനിയും നീളും. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള തീയേറ്റര്‍ രണ്ട് തീയേറ്ററുകളാക്കി ആധുനിക സൗകര്യങ്ങളോടെ പുനര്‍നിര്‍മ്മിച്ച് വിജയദശമിക്ക് പ്രവര്‍ത്തന സജ്ജമാക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു.
3.15 കോടി രൂപയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. നേരത്തെയുണ്ടായിരുന്ന സീറ്റുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടാകും. 760 സീറ്റുകളാണ് മുമ്പുണ്ടായിരുന്നത്. ഇത് 636 ആയി കുറയും. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ജൂണ്‍ 20നാണ് തീയേറ്റര്‍ താല്ക്കാലീകമായി അടച്ചത്. ഓണത്തിന് മുന്‍പ് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഓണത്തിന് പൂര്‍ത്തിയാക്കാനാകാതെ വന്നപ്പോള്‍ വിജയദശമിക്ക് തുടങ്ങാനാകുമെന്ന് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
കോര്‍പ്പറേഷന്റെ കീഴിലുള്ള തൃശൂരിലെ തീയേറ്ററിന്റെ പുനര്‍നിര്‍മ്മാണം ഇതോടൊപ്പം നടക്കുന്നുണ്ടെന്നും ഇതാണ് പൂര്‍ത്തീകരണം വൈകുന്നതുമെന്നാണ് സൂചന. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ദീപാവലിയോടെ പ്രദര്‍ശനം തുടങ്ങുവാനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: