കായംകുളം: സാധാരണക്കാര്‍ക്കുവേണ്ടി രൂപപ്പെടുത്തിയ വേദാന്തമാണ് ദൈവദശകമന്ത്രമെന്ന് മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പത്തിയൂര്‍ മലമേല്‍ ശ്രീ ഭുവനേശ്വരി യോഗീശ്വര ക്ഷേത്രത്തില്‍ നവരാത്രിയോടനുബന്ധിച്ച് നടക്കുന്ന ദൈവദശകമന്ത്രരചനാ ശതാബ്ദി നാട്ടറിവുത്സവത്തില് ശ്രീനാരയണദര്ശനം ദൈവദശകത്തിലൂടെ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭൗതികതയെയും ആത്മീയതയെയും ഒരുപോലെ സമന്വയിപ്പിക്കുന്ന പ്രാര്‍ത്ഥനയാണ് ദൈവദശകം. അന്ന വസ്ത്രാദി മുട്ടാതെ എന്ന രൂപകം ഭൗതികതയുടെ അര്‍ത്ഥനയാണ്. കൈവിടാതെ കാത്തുകൊള്ളണമെന്ന പ്രര്‍ത്ഥനയില്‍ ഭഗവത് ഗീതയിലെ മാമേകശരണം വ്രജ എന്ന വാക്യം അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ഇങ്ങനെ അതിഗഹനമായ വേദാന്ത തത്വങ്ങളെ കേവലം 320 അക്ഷരങ്ങളിലൂടെയാണ് അദ്ദേഹം ആവിഷ്ക്കരിക്കുന്നതെന്നും ആദ്ദേഹം പറഞ്ഞു.
ഒരേസമയം ഗുരു ഋഷിയും കവിയും സാമൂഹ്യ പരിഷ് കര്‍ത്താവുമായിരുന്നു. ഏതു മതത്തിനും ഏതു കാലത്തിനും ഏതു രാഷ്ട്രത്തിനും എപ്പോഴും സ്വീകാര്യമായ ദൈവത്തെയാണ് ദൈവദശകത്തില്‍ അദ്ദേഹം ആവിഷ്ക്കരിക്കുന്നത്. ഓരോ വ്യക്തിയിലേയും പവിത്രതയെ സ്ഫുടീകരിക്കാനും അതിന്റെ നിത്യപാരായണത്തിലൂടെ കഴിയും. ആ നിലയ്ക്ക് അതി വിശ്വപ്രാര്ത്ഥനാഗീതമാണ് ദൈവദശകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമിതി അംഗം ജി.മോഹനന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: