ന്യൂയോര്‍ക്ക്: യു.എന്‍ ജനറല്‍ അസംബ്ലിയില്‍ കാശ്മീര്‍ വിഷയം ഉയര്‍ത്തി മുഖം രക്ഷിക്കാന്‍ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ശ്രമം. പ്രമേയങ്ങളിലൂടെ കാശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
മേഖലയിലെ പ്രശ്നപരിഹാരത്തിന് ജനഹിത പരിശോധന ആവശ്യമാണെന്നും പ്രശ്നത്തിന് ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ പാകിസ്ഥാന് ഒരുക്കമാണെന്നും ഷെരീഫ് പറഞ്ഞു. യുഎന്‍ ദീര്‍ഘനാളായി നേരിടുന്ന ഒരു തര്‍ക്ക വിഷയമാണ് കാശ്മീര്‍. ജമ്മുകാശ്മീരില്‍ ജനഹിത പരിശോധന വേണമെന്ന് ആറ് ദശാബ്ദങ്ങള്‍ക്ക് മുമ്പ് യുഎന്‍ പ്രമേയം പാസാക്കിയിരുന്നു. ആ ഉറപ്പ് നിറവേറുമെന്ന പ്രതീക്ഷയിലാണ് കാശ്മീറ്റ് ജനത.
കാശ്മീരിലെ ഒട്ടേറെ തലമുറകള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ അക്രമത്തിന് സാക്ഷ്യം വഹിച്ചവരാണ്. സ്വയം നിര്‍ണ്ണയത്തിനുള്ള കാശ്മീര്‍ ജനതയുടെ അവകാശത്തിനെ പിന്തുണയ്ക്കുകയെന്നതില് പാകിസ്ഥാന് പ്രതിജ്ഞാബന്ധമാണ്. കാശ്മീരിന്റെ കാതലായ പ്രശ്നം പരിഹരിക്കപ്പെടണം. ഇത് അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ഷെരീഫ് പറഞ്ഞു. കൂടിയാലോചനകളിലൂടെയും ചര്‍ച്ചകളിലൂടെയും പരിഹാരം കാണാന്‍ പാകിസ്ഥാന് ഒരുക്കമാണെന്നും നവാസ് ഷെരീഫ് പറഞ്ഞു.
സമാധാനപരമായ അയല്‍രാജ്യം കെട്ടിപ്പടുക്കുന്നതിനാണ് പാകിസ്ഥാന് ശ്രമിക്കുന്നത്. പ്രാദേശിക സമാധാനവും സുരക്ഷിതത്വവും രാഷ്ട്രീയ സമാധാനവും നിയമവാഴ്ച്ചയുമെല്ലാം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ മാസം പാകിസ്ഥാനിലെയും ഇന്ത്യയിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ നടത്താനിരുന്ന കൂടിക്കാഴ്ച്ച പിന്‍വലിക്കേണ്ടി വന്നത് ഖേദകരമാണെന്നും നവാസ് ഷെരീഫ് പറഞ്ഞു.
ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ മറികടന്ന് കാശ്മീരി വിഘടനവാദികളുമായി പാകിസ്ഥാന് വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ച്ച നടത്തിയ സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടത്താനിരുന്ന ചര്‍ച്ച മാറ്റി വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: