കോട്ടയം: ഓയില്‍പാം ഇന്ത്യാ ലിമിറ്റഡ് ആധുനിക രീതിയിലുള്ള നെല്ലുസംഭരണശാല നിര്‍മ്മിക്കുമെന്ന് ചെയര്മാന് ഷെയ്ക് പി. ഹാരിസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. വെച്ചൂരില്‍ ഓയില്‍പാം നടത്തുന്ന നെല്ലുകുത്തുമില്ലിനോടനുബന്ധിച്ചാണ് ആധുനിക നെല്സംഭരണശാല ‘സൈലോ’ നിര്‍മ്മിക്കുന്നത്.
കുട്ടനാട് പാക്കേജിലുള്‍പ്പെടുത്തി 9.9 കോടി രൂപ ചെലവഴിച്ചാണ് സൈലോ നിര്‍മ്മാണം. ഈര്‍പ്പമുള്ള നെല്ലുള്‍പ്പെടെ സംഭരിച്ച് സൂക്ഷിക്കാന്‍ കഴിയുംവിധമാണ് ഇതിന്റെ നിര്‍മ്മാണം. 5,000 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ച് സൂക്ഷിക്കാനാവുന്നത്. ഇതിന്റെ നിര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ ഒന്നിന് കൃഷിമന്ത്രി കെ.പി. മോഹനന് നിര്‍വ്വഹിക്കും. വൈക്കം വെച്ചൂരില്‍ 3ന് നടക്കുന്ന സമ്മേളനത്തില്‍ കെ. അജിത് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും.
കുട്ടനാട് റൈസ് എന്ന പേരിലുള്ള അരിയാണ് പുറത്തിറക്കുന്നത്. കമ്പനിയുടെ വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി അരിയില്‍ നിന്നുമുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള പദ്ധതിയും മുന്നിലുണ്ട്. കമ്പനിയുടെ പ്രവര്‍ത്തനവും ഗുണമേന്മയും നടത്തിപ്പും മറ്റും കണക്കിലെടുത്ത് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. ഈ സര്‍ട്ടിഫിക്കറ്റിന്റെ ഔപചാരികമായ ഏറ്റുവാങ്ങല്‍ ചടങ്ങും ഒക്ടോബര്‍ ഒന്നിന് നടക്കും. പ്രതിദിനം 40 ടണ്‍ നെല്ല് സംസ്കരിക്കുന്നതിനുള്ള ശേഷിയാണ് നിലവിലുള്ളത്. 12,000 ടണ്‍ നെല്ല് വര്‍ഷം സംസ്കരിക്കാനുള്ള ശേഷി ഉണ്ടെങ്കിലും 300 ടണ്‍ നെല്ല് മാത്രമാണ് സംഭരിച്ചുവയ്ക്കാന്‍ ശേഷിയുള്ളത്.
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ സൈലോ സ്ഥാപിക്കുന്നതോടെ സംഭരിക്കപ്പെടുന്ന നെല്ല് വൃത്തിയാക്കി നേരെ സംസ്കരണശാലയിലെത്തിക്കാനും കഴിയും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കമ്പനി മാനേജിംഗ് ഡയറക്ടര്‍ കെ.എന്‍. രവീന്ദ്രനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: