ബംഗളൂരു: ഭാരതത്തിലെ ശാസ്ത്രജ്ഞര്‍ അസാധ്യമായത് സാധ്യമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മംഗള്‍യാനിന്റെ വിജയം കാണാനെത്തിയ അദ്ദേഹം ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുകയായിരുന്നു. ചരിത്രം കുറിച്ച വലിയ വിജയത്തിന് അദ്ദേഹം ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.
ഭാരതം വിജയകരമായി ചൊവ്വയില്‍ എത്തിയിരിക്കുന്നു. ഇന്നു ചരിത്രമാണ് സൃഷ്ടിച്ചത്. അജ്ഞാതമായതിലെത്താന്‍ നാം ധൈര്യം കാട്ടി. അസാധ്യമായതു നമ്മള് നേടി. ഇത് ശാസ്ത്രജ്ഞരുടെ ആത്മവിശ്വാസം കൊണ്ടാണ്, അവരുടെ ആത്മാര്‍പ്പണം കൊണ്ടാണ്.
ലോകമെമ്പാടും നടന്ന 51 പരിശ്രമങ്ങളില്‍ വിജയം കണ്ടത് 21 എണ്ണം മാത്രമാണ്. പക്ഷേ നാം വിജയിക്കുക തന്നെ ചെയ്തു. ഭാരതത്തിലെ ശാസ്ത്രജ്ഞര്‍ ആദ്യശ്രമത്തില്‍ തന്നെ വിജയം നേടിയിരിക്കുന്നു. ചുവന്ന ഗ്രഹത്തില്‍ വിജയകരമായെത്തിയ മൂന്നു ലോകരാജ്യങ്ങളുടെ സമൂഹത്തില്‍ ഭാരതവും അംഗമായി. വളരെക്കുറഞ്ഞ ചെലവിലാണ് നാം മംഗള്യാന് അയച്ചത്.
വിക്ഷേപണം നടത്തിയത് നമ്മുടെ സ്വന്തം പിഎസ്എല്‍വി റോക്കറ്റിലും. ഈ വിജയങ്ങള്‍ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. വിജയകരമായ ചന്ദ്രായനം നമ്മെ ചൊവ്വാ യാത്രയിലെത്തിച്ചു. ഇത് അടുത്ത ചക്രവാളം തേടിയുള്ള യാത്രയ്ക്കു തുടക്കമാകട്ടെ- ഗ്രഹാന്തര യാത്രകളുടെ മിഷന്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: