രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനും സംരക്ഷണത്തിനും വേണ്ടി നരേന്ദ്രമോദി സര്‍ക്കാര്‍, വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കീഴില്‍ നടപ്പാക്കുന്ന പദ്ധതികള്‍ നിരവധിയാണ്. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പിന്തുണയും ഇതിനുണ്ട്.
പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ബേട്ടി ബചാവോ ബേട്ടി പഠാവോ യോജനായാണ് ഇവയില്‍ പ്രധാനപ്പെട്ടത്. ബജറ്റില്‍ പദ്ധതിയെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ലിംഗപരമായ ബോധവല്‍ക്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 100 കോടി രൂപയാണ് പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് കുറയ്ക്കാന്‍ പദ്ധതി സഹായകമാകുമെന്നാണ് വിലയിരുത്തല്‍. മുമ്പ് നിരവധി റിപ്പോര്‍ട്ടുകള്‍ ഇതു സംബന്ധിച്ച് വന്നിട്ടുണ്ടെങ്കിലും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നു എന്ന വിവരം വനിതാ ശിശുക്ഷേമ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പത്ര- മാധ്യമങ്ങള്‍, സോഷ്യല്‍ നെറ്റ്വര്ക്കുകള് എന്നിവയുടെ സേവനവും പദ്ധതിയുടെ പ്രചാരണത്തിനായി ഉപയോഗിക്കും. സന്നദ്ധ സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണവും ഇതിനു വിനിയോഗിക്കും.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും പുരോഗതിക്കും ആരോഗ്യ മന്ത്രാലയവുമായി കൈകോര്‍ത്ത് സ്കൂളുകള്‍, അങ്കന്‍വാടികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിക്കും. ശൈശവ വിവാഹങ്ങള്‍ പാടെ ഇല്ലാതാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകളും നല്‍കും. പ്രചാരണപരിപാടിയില്‍ പങ്കെടുക്കുന്ന സ്കൂളുകള്‍, പൊതുപ്രവര്‍ത്തകര്‍, വോളന്റിയര്‍മാര്‍ എന്നിവരില്‍ നിന്നും തിരഞ്ഞെടുത്തവരെ ആദരിക്കുകയും പുരസ്ക്കാരങ്ങള്‍ നല്‍കുകയും ചെയ്യും.
കുട്ടികളുടെ സംരക്ഷണത്തിനും പരിചരണത്തിനും വേണ്ടിയുള്ള ചൈല്‍ഡ് ലൈന്‍ (1098) പ്രവര്‍ത്തനം ഇപ്പോള്‍ 282 നഗരങ്ങളില്‍ മാത്രമാണുള്ളത്. ഇത് 342 ആയി വ്യാപിപ്പിക്കും. 2013-14 കാലയളവില്‍ 38 ലക്ഷം പരാതികളാണ് ചൈല്ഡ്ലൈന് ലഭിച്ചത്. ചികിത്സ, നിര്‍ദ്ദേശങ്ങള്‍, പീഡനത്തിനിരയായ കുട്ടികളുടെ സംരക്ഷണം, കാണാതായ കുട്ടികളെ കണ്ടെത്തല്‍ തുടങ്ങിയ സേവനങ്ങളാണ് ചൈല്‍ഡ് ലൈന്‍ നല്‍കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം ചെന്നൈ, കൊല്‍ക്കത്ത, ഗുര്‍ഗാവ് എന്നീ മൂന്ന് കേന്ദ്രങ്ങളിലേക്ക്കൂടി വ്യാപിപ്പിക്കും.
ചില്‍ഡ്രണ്‍സ് ഹോമുകള്‍ക്ക് നല്കുന്ന വാര്‍ഷിക ധനസഹായം ഈ വര്‍ഷം മുതല്‍ 25 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമായി ഉയര്‍ത്തും. ഗ്രാന്റ് 750 -ല്‍ നിന്ന് 2000 മായും ഉയര്‍ത്തും.
സ്ത്രീകള്‍ക്കുവേണ്ടി തൊഴിലധിഷ്ഠിത പരിശീലന പരിപാടികള്‍ സജീവമാക്കും. ഐടി, എന്‍ഐടിഇഎസ്, ജെംസ്-ജുവല്ലറി മേക്കിംഗ്, ഗതാഗതം, ടൂറിസം, ഗാര്‍മെന്റ് മേക്കിംഗ് എന്നീ മേഖലകളില്‍ സ്ത്രീകള്‍ക്കും കൂടുതല്‍ പരിശീലനം നല്‍കും.
സ്ത്രീകളുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് പുരസ്ക്കാരം നല്കുവാനും പദ്ധതിയുണ്ട്. ഇതാദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ജില്ലാ-സംസ്ഥാന തല, കേന്ദ്ര ഭരണപ്രദേശം എന്നിങ്ങനെ പ്രത്യേകം പ്രത്യേകം പുരസ്ക്കാരമായിരിക്കും സമ്മാനിക്കുക. രാജ്യ മഹിള സമ്മാന്‍ എന്ന പുരസ്ക്കാരത്തിന് അര്‍ഹരാകുന്നവരെ 40,000 രൂപ നല്കി ആദരിക്കും. ജില്ലാ മഹിളാ സമ്മാന്‍ എന്ന പേരിലുള്ള പുരസ്ക്കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് 20,000 രൂപയും നല്‍കും. വനിതാദിനത്തിലായിരിക്കും ഈ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: