ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ഗ്രൂപ്പ് ജിയില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടു. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്നലെ ജോര്‍ദാനോട് ഇന്ത്യ പരാജയപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന ആദ്യ കളിയില്‍ ഇന്ത്യ യുഎഇയോട് മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് കീഴടങ്ങിയിരുന്നു. ഇരുപകുതികളിലുമായാണ് ജോര്‍ദാന്‍ രണ്ട് തവണ ഇന്ത്യന്‍ വല കുലുക്കിയത്. 16-ാം മിനിറ്റില്‍ അല്ബസ്താവിയിലൂടെയാണ് ജോര്‍ദന്‍ ലീഡ് നേടിയത്. 67-ാം മിനിറ്റില്‍ യാസാന് മുഹമ്മദ് യൂസഫ് വിജയമുറപ്പിച്ച രണ്ടാം ഗോളും നേടി. ഗോള്‍കീപ്പര്‍ അമരീന്ദര്‍സിങ് കുത്തിയകറ്റിയ പന്തുകള്‍ പിടിച്ചെടുത്താണ് ഇരുവരും ലക്ഷ്യം കണ്ടത്. എതിര് താരങ്ങളെ മാര്‍ക്ക് ചെയ്യുന്നതില്‍ ഇന്ത്യന്‍ പ്രതിരോധത്തിന് പറ്റിയ പാളിച്ചയാണ് തോല്‍വിയുടെ പ്രധാന കാരണം.
റാങ്കിംഗില്‍ ഇന്ത്യയേക്കാള്‍ മുകളിലാണെങ്കിലും ആ മികവൊന്നും ജോര്‍ദാന്‍ കളിക്കാരില്‍ കണ്ടില്ല. എന്നാലും ആധിപത്യം ജോര്ദാനുതന്നെയായിരുന്നു. ശരാശരി നിലവാരത്തിലേക്ക് മാത്രമുയര്‍ന്ന കളിയില്‍ 66 ശതമാനവും പന്ത് നിയന്ത്രിച്ചത് ജോര്‍ദാന്‍ താരങ്ങളായിരന്നു. എന്നാല്‍ മത്സരത്തില്‍ 9 ഷോട്ടുകള്‍ മാത്രമാണ് അവര്‍ക്ക് പായിക്കാന്‍ കഴിഞ്ഞത്. അതില്‍ തന്നെ ലക്ഷ്യത്തിലേക്ക് നീങ്ങിയത് നാലെണ്ണവും. ഇന്ത്യ 7 ഷോട്ടുകള്‍ പായിച്ചതില്‍ മൂന്നെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. എന്നാല്‍ ഷോട്ടുകള്‍ക്ക് ജോര്‍ദാന്‍ ഗോളിയെ കീഴ്പ്പെടുത്താന്‍ തക്ക കരുത്തുണ്ടായില്ല. ഇന്ത്യന്‍ ക്യാപ്റ്റനും മികച്ച സ്ട്രൈക്കറുമായ സുനില്‍ഛേത്രി, പരിചയസമ്പന്നരായ റോബിന് സിംഗ്, മധ്യനിരയിലെ കരുത്തന് ഫ്രാന്‍സിസ്കോ ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് അവസരത്തിനൊത്തുയരാനും കഴിഞ്ഞില്ല.
ഹാന്‍ഡ്ബോളിലും ഇന്ത്യന്‍ വെല്ലുവിളി അവസാനിച്ചു. ഗ്രൂപ്പ് ഡിയിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട് ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ പുറത്തായത്. പുരുഷ വിഭാഗത്തില്‍ ഇന്നലെ നടന്ന മൂന്നാം മത്സരത്തില്‍ ജപ്പാന് 47-12നാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. പകുതി സമയത്ത് ജപ്പാന് 21-6ന് മുന്നിട്ടുനിന്നു. നേരത്തെ ചൈനീസ് തായ്പേയിയോടും ദക്ഷിണ കൊറിയയോടും ഇന്ത്യന്‍ പുരുഷ ടീം പരാജയപ്പെട്ടിരുന്നു.
വനിതാ വിഭാഗത്തില്‍ ചൈനയാണ് ഇന്ത്യയെ 39-12ന് തകര്‍ത്തത്. ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തില്‍ തായ്ലാന്റിനെ സമനിലയില്‍ തളച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: