ആലപ്പുഴ: മാരാരിക്കുളം വടക്ക് പത്താം വാര്‍ഡ് എസ്എല്‍പുരം ചിറയില്‍ വീട്ടില്‍ സുമേഷ് കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് അച്ഛന് ആര്. രമേശന് ആഭ്യന്തരമന്ത്രിക്ക് പരാതി നല്കി.
കഴിഞ്ഞ 13നാണ് സുമേഷിനെ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ തേവള്ളി ഓലയില്ക്കടവിന് സമീപമുള്ള വാടക കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നേദിവസം വൈകിട്ട് നാലോടെ സുമേഷ് രമേശനെ മൊബൈല്‍ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ‘എന്നെ കൊല്ലം വെസ്റ്റ് പോലീസ് പിടിച്ചെന്നും, ഞാന്‍ പോലീസ് കസ്റ്റഡിയിലാണെന്നും രക്ഷിക്കണം’ എന്നും പറഞ്ഞു. പിന്നീട് ആ ഫോണിലേക്ക് വിളിച്ചപ്പോള്‍ ആരും ഫോണെടുത്തില്ല.
പിന്നീട് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ സുമേഷ് എന്നയാളെ പിടിച്ചിട്ടില്ലെന്നും ഇയാളുടെ ബൈക്കും ബാഗും ഹെല്‍മറ്റും മൊബൈല്‍ ഫോണും സ്റ്റേഷന്റെ മുന്‍വശം ഇരിപ്പുണ്ടെന്നും പറഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷം സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ സുമേഷ് വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് അറിയിച്ചത്.
തന്നെ വിളിച്ചപ്പോള്‍ ‘എന്നെ ആരോ പിന്തുടരുന്നു, ജീവന് ഭീഷണിയുണ്ടെന്നുമാണ്’ അവസാനമായി പറഞ്ഞതെന്നും, യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നും രമേശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: