സ്വാതന്ത്ര്യ സമര സേനാനി, ആദ്ധ്യാത്മിക നേതാവ്. റാണി ഗൈഡിന്‍ലിയു എന്ന സ്ത്രീയുടെ ഒറ്റയാള്‍ പോരാട്ടത്തെക്കുറിച്ച് ഒറ്റവാക്കില്‍ പറഞ്ഞു നിര്‍ത്താനാവില്ല. രാഷ്ട്രീയ, സാമൂഹിക, മത, സാംസ്ക്കാരിക ഉന്നമനത്തിനുവേണ്ടി ഒറ്റയ്ക്കാണ് ഈ വനിത പോരാടി വിജയിച്ചത്. ആസാം, നാഗാലാന്റ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന സെലിയംഗ്റോംഗില് 1915 ജനുവരി 26-നാണ് റാണി ജനിച്ചത്. 1993 ഫെബ്രുവരി 17-ന് മരിച്ച റാണിയുടെ ജന്മവാര്ഷികാഘോഷങ്ങള് രാജ്യം കൊണ്ടാടുകയാണ്. 2014 ജനുവരി 26 മുതല്‍ 2015 ജനുവരി 26 വരെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭാരതത്തിലെ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അഖില ഭാരതീയ വനവാസി കല്യാണാശ്രമമാണ് ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. കൗമാരത്തില്‍ തുടങ്ങി 78 വയസുവരെ ഒരു ജനതയ്ക്കുവേണ്ടി ആ വനിത നടത്തിയ പോരാട്ടങ്ങളുടെ ഓര്മ്മപ്പെടുത്തല്കൂടിയാണ് ഈ ആഘോഷപരിപാടികള്‍… റാണി ഗൈഡിന്‍ലിയുവിന്റെ ഒറ്റയാള്‍പ്പോരാട്ടത്തെ ‘മിഴി’ അനുസ്മരിക്കുന്നു…
ഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ 18-ാം വയസില്‍ ആരംഭിച്ചതാണ് റാണിയുടെ പോരാട്ടം. ബന്ധുവായ ഹെയ്പു ജഡോനാഗിനൊപ്പം ചേര്‍ന്നായിരുന്നു പോരാട്ടത്തിന്റെ തുടക്കം. വിദേശ ആധിപത്യത്തിനെതിരെ അവര്‍ സ്വീകരിച്ച നിലപാടുകള്‍ പിന്നീട് അനേകം ജനങ്ങളുടെ അവകാശങ്ങളെയും ജീവിതത്തെയും സംരക്ഷിച്ചു. ഉറച്ച തീരുമാനങ്ങളും നിശ്ചയദാര്‍ഢ്യവുമായിരുന്നു അവരുടെ വിജയത്തിനു പിന്നില്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ ധര്‍മ്മയാത്ര എന്ന പരിപാടിയിലാണ് കൗമാരക്കാരിയായിരുന്ന റാണി ആദ്യമായി പങ്കെടുത്തത്. കൗമാരത്തിന്റെ തുടിപ്പില്‍ എടുത്തുചാടിയതായിരുന്നില്ല അവര്‍. സ്വാതന്ത്ര്യം എന്ന ഒരേയൊരു ലക്ഷ്യമായിരുന്നു ധര്‍മ്മയാത്രയില്‍ പങ്കെടുക്കാന്‍ ആ കൗമാരക്കാരിയെ പ്രേരിപ്പിച്ചത്. ഇതിനിടെ, മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളെക്കുറിച്ച് തിരിച്ചറിഞ്ഞ റാണിയും ബന്ധുവും അതിന് പിന്തുണ പ്രഖ്യാപിച്ചു.
ആസമയത്ത് വിദേശികള്‍ ഗ്രാമീണ മേഖലകളുടെ നിയന്ത്രണം കയ്യടക്കി. ഗ്രാമീണരില്‍ നിന്നും വന്‍ തോതിലുള്ള നികുതിയും വിദേശികള്‍ വാങ്ങിയിരുന്നു. വനമേഖലകളുടെ നിയന്ത്രണം കയ്യാളിയിരുന്ന വിദേശികളെ തുരത്താന്‍ റാണിയും സംഘവും പദ്ധതിയിട്ടു. വിദേശ ഭരണം സഹിക്കാനാവാതെ സര്‍വ്വ സന്നാഹങ്ങളും ഒരുക്കി റാണിയും സംഘവും അവര്‍ക്കെതിരെ പോരാട്ടം ആരംഭിച്ചു. രാഷ്ട്രീയപരവും ആദ്ധ്യാത്മികവുമായിരുന്നു ഇവരുടെ പോരാട്ടങ്ങള്‍. 1931ല്‍ ബന്ധു ഹെയ്പു ജഡോനാഗിനെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി. തുടര്‍ന്ന് പോരാട്ടങ്ങളുടെ മുന്‍നിരയിലേക്ക് മറ്റാരുടേയും പേര് ഉയര്‍ന്നുവന്നില്ല. റാണി ഗൈഡിന്‍ലിയു നേതൃത്വം ഏറ്റെടുത്തു.
പിന്നീട് മടിച്ചിരിക്കാന്‍ റാണി തയ്യാറായില്ല. ഗ്രാമീണരെ സംഘടിപ്പിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ നിര്‍ദ്ദേശം നല്കി. നാളുകള്‍ നീണ്ട പോരാട്ടത്തിനിടെ 1932ല്‍ അവരെ അറസ്റ്റുചെയ്തു. ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 1937-ല്‍ ഷിലോങ്ങില്വെച്ച് ജവഹര്‍ലാല്‍ നെഹ്രു റാണിയെ പരിചയപ്പെട്ടു. നെഹ്രുവാണ് റാണിയെന്ന പേര് അവര്‍ക്ക് നല്‍കിയത്. 1947-ല്‍ ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ജയില്‍ മോചിതയായ റാണി സെലിയംഗ്റോംഗിന്റെയും അവിടുത്തെ ജനങ്ങളുടെയും ഉന്നമനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
15 വര്‍ഷത്തെ നീണ്ട തടവുശിക്ഷയാണ് ആ വനിത അനുഭവിച്ചത്. അതുകൊണ്ടുതന്നെ ജയില്‍മോചിതയായ ശേഷം പ്രതിരോധ പ്രസ്ഥാനം രൂപീകരിക്കാനാണ് റാണി ആദ്യം തീരുമാനിച്ചത്. പിന്നീട് ഗ്രാമങ്ങളില്‍ ശക്തമായിരുന്ന മതപരിവര്‍ത്തനത്തിനെതിരെയും അവര്‍ പോരാടി. ക്രിസ്ത്യന്‍ മതവിഭാഗത്തിലെ ഫിസോ എന്ന സംഘടനയുടെ നേതൃത്വത്തില്‍ നാഗാ നാഷണല്‍ കൗണ്‍സില്‍ വനവാസികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയിരുന്നു. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്തു.
1996-ല്‍ റാണിയുടെ പോസ്റ്റല്‍ സ്റ്റാമ്പും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഹെരാക എന്ന ആദ്ധ്യാത്മിക പ്രസ്ഥാനത്തിന്റെ ആചാര്യയായും പിന്നീട് അവര്‍ പ്രവര്‍ത്തിച്ചു. വനവാസികള്‍ക്കിടയില്‍ വിശ്വാസം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രസ്ഥാനം ആരംഭിച്ചത്. ഒരു ഉപദേശകയോ, തത്വശാസ്ത്രജ്ഞയോ മാത്രമായിരുന്നില്ല റാണി, പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ചത് അവരായിരുന്നു. അങ്ങനെ ആദ്ധ്യാത്മിക നേതാവെന്ന പര്യവേഷംകൂടി റാണി ഗൈഡിന്‍ലിയുവിന് ലഭിച്ചു.
ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും കല്യാണാശ്രമത്തിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. വിശ്വഹിന്ദു പരിഷത്, വിദ്യാഭാരതി തുടങ്ങിയ സംഘടനകളുമായും അവര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. 1969-ല്‍ ഗുരുജി ഗോള്‍വല്‍ക്കറെയും റാണി സന്ദര്‍ശിച്ചിട്ടുണ്ട്. 1979-ല്‍ വിശ്വഹിന്ദു പരിഷത്ത് അലഹബാദില്‍ സംഘടിപ്പിച്ച സമ്മേളനത്തിലും പങ്കെടുത്തു. 1985-ല്‍ വനവാസി കല്യാണാശ്രമം സംഘടിപ്പിച്ച വനിതാസമ്മേളനത്തിന്റെ മുഖ്യാതിഥിയായിരുന്നു. രാമജന്മഭൂമി പ്രസ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടത്തിനും റാണിയുടെ പിന്തുണ ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ അവര്‍ നടത്തിയ പോരാട്ടങ്ങളെ പരിഗണിച്ച് ബിര്‍സാ മുണ്ട പുരസ്കാരം, താമരപത്ര സ്വാതന്ത്ര്യ സേനാനി പുരസ്കാരം, വിവേകാനന്ദ സേവാ പുരസ്കാരം, പദ്മഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്കി രാജ്യം അവരെ ആദരിച്ചു.
റാണിമായെന്നാണ് സ്നേഹത്തോടെ എല്ലാവരും അവരെ വിളിച്ചിരുന്നത്. ഈ പോരാട്ട നായികയുടെ ഓര്‍മ്മകളുടെ വെള്ളിവെളിച്ചത്തില്‍ നിന്നാണ് അഖിലഭാരതീയ വനവാസി കല്യാണാശ്രമം അവരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. റാണി മായെപ്പോലുള്ള സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികളും ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: