തിരുവനന്തപുരം ജില്ലയില്‍ ഒറ്റശേഖരമംഗലം പഞ്ചായത്തിലാണ് ചിരപുരാതനമായ ശ്രീമഹാദേവക്ഷേത്രം. മൂന്നുധ്വജപ്രതിഷ്ഠകളുള്ള തെക്കന്‍ കേരളത്തിലെ പ്രസിദ്ധക്ഷേത്രം കൂടിയാണിത്. റോഡരികില്‍ ചിത്രഗോപുരം. ക്ഷേത്രത്തിനടുത്തുകൂടി ചിറ്റാര്‍ പുഴയൊഴുകുന്നു.
നാലമ്പലത്തിന് പുറത്ത് മൂന്ന് ധ്വജ പ്രതിഷ്ഠകളും ബലിക്കല്ലുകളുമുണ്ട്. അകത്ത് മൂന്ന് ശ്രീകോവിലുകള്‍. മൂന്നും വട്ടശ്രീകോവിലുകള്‍. അതില്‍ ആദ്യത്തെ രണ്ടിലും ശിവനും മൂന്നാമത്തേതില്‍ മഹാവിഷ്ണുവുമാണ്. നാലമ്പലത്തിനുള്ളില്‍ സപ്തമാതൃക്കളുടെ രൂപങ്ങള്‍ ശിലയില്‍ കൊത്തിയിട്ടുണ്ട്. ഖരമഹര്‍ഷിയാണ് പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചതെന്ന് വിശ്വാസം. അഗസ്ത്യന്റെ ഉപദേശപ്രകാരം ഖരമഹര്‍ഷി ഗണ്ഡികിനദിയില്‍ മുങ്ങിയപ്പോള്‍ കിട്ടിയത് നാല് ശിവലിംഗങ്ങള്‍. മൂന്നെണ്ണത്തിന് വേണ്ടിയായിരുന്നു മുങ്ങിയത്. എന്നാല്‍ കിട്ടിയത് നാല്. വൈക്കത്തും ഏറ്റുമാനൂരും കടുത്തുരുത്തിയിലുമായി മൂന്നെണ്ണം പ്രതിഷ്ഠിക്കുകയും മുഹൂര്‍ത്തം കഴിയുന്നതിന് മുന്‍പ് നാലാമത്തേത് പ്രതിഷ്ഠിക്കാന്‍ പോകുന്നവഴി ഐശ്വര്യസമൃദ്ധമായ പ്രദേശം കണ്ട് ഇവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. മംഗലമായ ഈ പ്രദേശത്ത് ഒറ്റക്കൈകൊണ്ട് ശേഖരനെ പ്രതിഷ്ഠിച്ചതുകൊണ്ട് ഒറ്റശേഖരമംഗലമെന്ന് ഈ സ്ഥലത്തിന് പേരുണ്ടായി എന്ന് ഐതിഹ്യം. മഹര്‍ഷിയുടെ പ്രതിഷ്ഠയ്‌ക്ക് ശക്തി കൂടിപ്പോയതുകൊണ്ട് തെക്കേനടയില്‍ മറ്റൊരു ശിവപ്രതിഷ്ഠ കൂടി നടത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഗണപതി, ശാസ്താവ്, ദേവയക്ഷി എന്നീ ഉപദേവതകളെ കൂടാതെ നാഗരുമുണ്ട്. ധാരയും പായസവും പ്രധാന വഴിപാടുകള്‍. മണ്ഡലകാലം ചിറപ്പു മഹോത്സവംകൊണ്ട് വിശേഷമാണ്. എല്ലാ മലയാളമാസത്തിലേയും തിരുവാതിരനാളില്‍ നാമജപം നടന്നുവരുന്നു. ധനുമാസത്തിലാണ് ഉത്സവം. മൂന്നുധ്വജങ്ങളിലും കൊടിയേറിയുള്ള ഉത്സവം പത്തുദിവസം നീണ്ടുനില്‍ക്കും. തിരുവാതിര നാളില്‍ ആറാട്ടോടെ സമാപിക്കും.
പെരിനാട് സദാനന്ദന്‍ പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: