ബൊഗോട്ട: കൊളംബിയന്‍ പ്രസിഡന്റായി ഹുവാന്‍ കാര്‍ലോസ് സാന്റോസ്(62) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സാന്റോസിന് 51 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ മുഖ്യ പ്രതിയോഗിയായ ഓസ്കര് ഇവാന് സുല്വാഗയ്ക്ക് 45 ശതമാനം വോട്ട് മാത്രമെ നേടാനായുള്ളു. രാജ്യത്തെ ഇടതുപക്ഷ വിമത പോരാളി ഗ്രൂപ്പായ റെവല്യൂഷനറി ആംഡ് ഫോഴ്സസ് ഒഫ് കൊളംബിയ (ഫാര്‍ക്)യുമായി നടത്തിക്കൊണ്ടിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ക്കുള്ള പിന്തുണയാണ് അടുത്ത നാലു വര്‍ഷം കൂടി പ്രസിഡന്റായി തുടരാനുള്ള ജനവിധിയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഭീതിയുടെ മേല്‍ പ്രതീക്ഷ നേടിയ വിജയമാണിതെന്നും സമാധാനമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് പ്രകടമാക്കുന്ന ജനവിധി തനിയ്ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്കുന്നു എന്നും സാന്റോസ് പറഞ്ഞു. സമാധാന ചര്ച്ചാനയം സംബന്ധിച്ച് സാന്റോസും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവും മുന്‍ പ്രസിഡന്റുമായ അല്‍വാരോ യൂറിബ് വെലെസും തമ്മിലുള്ള ഭിന്നതയായിരുന്നു കൊളംബിയയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്.
യൂറിബിന്റെ പ്രതിരോധ മന്ത്രിയായിരുന്ന സാന്റോസ് 2010ല്‍ പ്രസിഡന്റായ ശേഷം തീവ്രനയങ്ങളുപേക്ഷിച്ച് ഫാര്‍ക് വിമതരുമായി ചര്‍ച്ച തുടങ്ങിയതാണ് ഭിന്നതയ്ക്ക് കാരണം. യൂറിബ് ഡെമോക്രാറ്റിക് സെന്റര്‍ എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി ഓസ്കര് ഇവാന് സുല്വാഗയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തു. താന്‍ വിജയിച്ചാല്‍ ഫാര്‍ക്കുമായുള്ള ചര്‍ച്ചകള്‍ നിറുത്തിവെക്കുമെന്നു വാഗ്ദാനം നല്‍കിയായിരുന്നു സുല്വാഗയുടെ തെരഞ്ഞെടുപ്പു പ്രചാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: