ന്യൂദല്‍ഹി: റബ്ബറിന്റെ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് ധനമന്ത്രി കെ.എം. മാണി കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മല സീതാരാമനുമായി ന്യൂദല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. 1,48000 മെട്രിക് ടണ്‍ റബ്ബറിന്റെ അപര്യാപ്തതയാണുളളത്. എന്നാല്‍ ഇതിനു പകരം മൂന്നേകാല്‍ ലക്ഷം മെട്രിക് ടണ്‍ റബ്ബറാണ് ഇറക്കുമതി ചെയ്യുന്നത്. ഇത് റബര്‍ കര്‍ഷകരെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രിയെ ധരിപ്പിച്ചതായി കൂടിക്കാഴ്ച്ചക്കു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മാണി പറഞ്ഞു.
റബ്ബറിന് ഉയര്‍ന്ന വില ലഭ്യമാക്കണം. റീപ്ലാന്റിനുളള സാമ്പത്തിക സഹായം 25,000 രൂപയില്‍ നിന്നും 40,000 രൂപയായി ഉയര്‍ത്തണം. റബ്ബറിന്റെ ഇറക്കുമതി ചുങ്കം 20 ശതമാനത്തില്‍ നിന്നും 25 ശതമാനമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കര്‍ഷക സൗഹൃദ ഇറക്കുമതി നയം ആവിഷ്ക്കരിക്കണമെന്നും നികുതി രഹിത ഇറക്കുമതി നടത്തുന്നത് മരവിപ്പിക്കണമെന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. റബ്ബര്‍ ഉള്‍പ്പെടെയുളള കാര്ഷികോല്പന്നങ്ങള്ക്ക് വിലയിടിയുമ്പോള്‍ സഹായകരമായി പ്രൈസ് സ്റ്റബിലൈസേഷന്‍ ഫണ്ട് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. റബ്ബര്‍ തടിക്ക് ഒരു ലോഡിന് 4000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നത് നേരത്തെയുളള 2000 രൂപയായി പുനസ്ഥാപിക്കണമെന്ന് സംസ്ഥാന വാണിജ്യ നികുതി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ധനമന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിലും മന്ത്രി കെ. എം.മാണി പങ്കെടുത്തു. സംസ്ഥാനങ്ങള്‍ക്കുളള ധനസഹായം 32 ശതമാനത്തില്‍ നിന്നും 50 ശതമാനമായി ഉയര്‍ത്തണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു.
എം.പിമാരായ ജോസ്.കെ.മാണി, ജോയ് എബ്രഹാം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: