ഐക്യരാഷ്ട്രസഭ: ഉത്തര്‍പ്രദേശിലെ കൂട്ടബലാത്സംഗത്തെ ഐക്യരാഷ്ട്രസംഘടന അപലപിച്ചു. കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യയോട് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ആവശ്യപ്പെട്ടു. ഇത്തരം മനോഭാവങ്ങളെ സമൂഹം പാടെ തള്ളിക്കളയണമെന്നും ബാന്‍കി-മൂണ്‍ പറഞ്ഞു. ഇന്ത്യയിലെ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്നതിനെതിരെ ഇതിനു മുമ്പും യുഎന്‍ പ്രതികരിച്ചിട്ടുണ്ട്.
ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ക്കെതിരെ അധമമായ ഇത്തരം പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നൈജീരിയ, പാക്കിസ്ഥാന്, കാലിഫോര്‍ണിയ, ഇന്ത്യ എന്നിവിടങ്ങളില്‍ നിരന്തരമായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമം സമാധാനത്തിനും സുരക്ഷയ്ക്കും വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം അതിക്രമങ്ങള്‍ രാജ്യസുരക്ഷയ്ക്കും സമാധാനത്തിനും മനുഷ്യാവകാശത്തിനും വെല്ലുവിളിയാണ്. ഇന്ത്യയില്‍ പുരുഷ മേല്‍ക്കോയ്മ നിലവിലുണ്ട്. ഈ സ്ഥിതിക്ക് മാറ്റം വന്നാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കൂ എന്നും മൂണ്‍ അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം ഇടപെടണമെന്നും എല്ലാ സ്ത്രീകള്‍ക്കും തുല്യ പരിഗണന എന്ന നേട്ടം സാധ്യമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്കെതിരെയുള്ള പുരുഷന്മാരുടെ ഇത്തരം നിഷേധാത്മകമായ മനോഭാവം തള്ളിക്കളയം. ഇത്തരം അതിക്രമങ്ങള്‍ തടയുന്നതിന് കൂടുതല്‍ ആളുകളെ ബോധവാന്മാരാക്കണം.
ലൈംഗീകാതിക്രമങ്ങള്‍ തടയുന്നതുവഴി സ്ത്രീ-പുരുഷ സമത്വം കൈവരിക്കുന്നതിന് വീഡിയോ പ്രചാരണം ആരംഭിക്കണമെന്നും മൂണ്‍ അഭിപ്രായപ്പെട്ടു.
ഇതിനുവേണ്ടി താന്‍ ശബ്ദമുയര്‍ത്തുകയാണെന്നും ലോകത്തിലെ എല്ലാവരും തനിക്കൊപ്പം അണിചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ലോകത്തിലുടനീളം ഇത്തരം അതിക്രമങ്ങള്‍ സംഭവച്ചുകൊണ്ടേയിരിക്കുകയാണെന്നും മൂണ്‍ പറഞ്ഞു.
കാലിഫോര്‍ണിയയില്‍ അടുത്തിടെ മൂന്ന് സ്ത്രീകളെ വെടിവെച്ചു കൊന്ന സംഭവം, പാക്കിസ്ഥാനില്‍ ഗര്‍ഭിണിയായ യുവതിയെ കല്ലെറിഞ്ഞു കൊന്നത്, നൈജീരിയയില്‍ നിന്നും ബൊക്കോ ഹറാം തീവ്രവാദികള്‍ 200 ഓളം വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയത്, ഉത്തര്‍പ്രദേശില്‍ സഹോദരികളെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കിയ സംഭവം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ബാന്‍കി മൂണിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: