ചില കാര്യങ്ങള്‍ അറിയുമ്പോള്‍ നമുക്ക് അത്ഭുതം, ആശ്ചര്യം, പുച്ഛം, തമാശ തുടങ്ങിയ വികാരങ്ങള്‍ തോന്നുക സ്വാഭാവികം. അത്തരത്തിലൊരു വികാരത്തിന് തീകൊളുത്തിയിരിക്കുന്നു നമ്മുടെ ചെന്നിത്തലയിലെ രമേശന്. വട്ടിപ്പലിശക്ക് പണം വാങ്ങി ജീവിതം മുടിഞ്ഞുപോയ തിരുവനന്തപുരത്തെ ഒരു കുടുംബത്തിന്റെ ഗതി മറ്റാര്‍ക്കും വരരുതെന്ന് കരുതിയാണ് രമേശന് പുതിയൊരു പരിപാടിക്ക് കോപ്പുകൂട്ടിയിരിക്കുന്നത്. ബ്ലേഡ് ബ്ലേഡ് എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന സ്വകാര്യ പണമിടപാട് മനുഷ്യ ജീവിതങ്ങള്‍ തകര്‍ത്തെറിയുന്നു എന്ന കാര്യം പുതുമയൊന്നുമല്ല. അറിഞ്ഞും അറിയാതെയും അത് സമൂഹത്തില്‍ ഫണം വിടര്‍ത്തിയാടുന്നുണ്ട്. പെട്ടെന്ന് അഞ്ചുപേര്‍ ഇതിന്റെ പേരില്‍ നില്‍ക്കക്കള്ളിയില്ലാതെ ജീവിതം ഉപേക്ഷിച്ചതോടെ സമൂഹം ഞെട്ടിയുണര്‍ന്നു. അധികൃതര്‍ ഉറക്കം പോകാന്‍ മുഖത്ത് തണുത്തവെള്ളം ചിതറിച്ചു. അതിനുശേഷം സമൂഹത്തിലെ ആദ്യത്തെ ബ്ലേഡ് പലിശക്കാരനായി കുബേരനെ വാഴിച്ചു. പിന്നീട് ടിയാന്റെ പേരില്‍ ഒരു നടപടിക്കും തുടക്കമിട്ടു. പേര് ഓപ്പറേഷന് കുബേര.
ഹൈന്ദവ സംസ്കാര സംബന്ധിയും വിശ്വാസപരമായി പ്രാധാന്യവുമുള്ള അഷ്ടദിക് പാലകരില്‍ ഒരാളായ കുബേരനെ ഇങ്ങനെ മ്ലേച്ഛമായി ചിത്രീകരിക്കാന്‍ ചെന്നിത്തല രമേശനാണോ അദ്യത്തിന്റെ കൂട്ടത്തിലെ ഏതെങ്കിലും ഐഎഎസ്, ഐപിഎസ് കാരനാണോ മുന്‍കൈ എടുത്തതെന്ന് നമുക്കറിയില്ല. കുബേരനെക്കുറിച്ച് അത്യാവശ്യം ഗ്രാഹ്യമുള്ളവര്‍ക്ക് ഇത് അപമാനിക്കലായി തോന്നിയാല്‍ കുറ്റം പറയാനാവില്ല. (ദേ, വര്‍ഗീയത ആരോപിച്ച് മാറ്റി നിര്‍ത്തല്ലേ. ഇപ്പോ, അതാണല്ലോ ഫാഷന്‍) മേപ്പടി വിഷയത്തെക്കുറിച്ച് അത്യാവശ്യം വ്യുല്പത്തിയുള്ള കോഴിക്കോട്ടെ സി.എം. കൃഷ്ണനുണ്ണി മെയ് 13ലെ മാതൃഭൂമി പത്രത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും കോളത്തില്‍ ചിലത് കുറിച്ചിട്ടുണ്ട്. തലക്കെട്ട് ഇപ്രകാരം: കുബേരന് ബ്ലേഡ് മാഫിയാ തലവനോ.
അതില്‍ നിന്ന് മൂന്നു നാലു വരി വായിച്ചാലും: രാവണന്റെ അര്ധസഹോദരനായി, വിശ്രവസ്സിന് ഇളിബിളയില്‍ ജനിച്ച പുത്രനാണ് കുബേരന്. വിശ്രവസ്സിന് മറ്റു ഭാര്യമാരില്‍ ജനിച്ചവരാണ് രാവണന്, കുംഭകര്ണന്, വിഭീഷണന് എന്നിവര്‍. വിഷ്ണു, ബ്രഹ്മാവ്, പുലസ്ത്യന്, വിശ്രവസ്സ് എന്നിങ്ങനെയാണ് കുബേരന്റെ പിതൃപരമ്പര. അച്ഛനായ വിശ്രവസ്സ് മൂത്തമകനായ കുബേരന് പണിയിച്ച് നല്കിയ ലങ്കാനഗരം രാവണന് പിടിച്ചടക്കുകയും കുബേരനെ അവിടെ നിന്ന് ആട്ടിപ്പായിക്കുകയുമായിരുന്നു. കുബേരന്റെ പുഷ്പകവിമാനവും രാവണ്‍ തട്ടിയെടുത്തു. പരാജിതനായ കുബേരന് പിന്നീട് വടക്ക് ദിക്കില്‍ ചെന്ന് ഗന്ധമാദന പര്‍വതത്തില്‍ താമസമുറപ്പിച്ചു. അന്യന്റെ മുതല്‍ പിടിച്ചടക്കിയത് രാവണനായിരുന്നു. കുബേരന് വെറും ഇര. രാവണനെ വിട്ട് കുബേരന്റെ നേരെ സര്‍ക്കാര്‍ തിരിഞ്ഞത് അവരുടെ ഇതിഹാസ പുരാണങ്ങളും ഭാരതീയ സംസ്കാരവും സംബന്ധിച്ച അജ്ഞത. അവരുടെ രാവണ പ്രകൃതത്തിന് അത് അനുയോജ്യമായേക്കാം. വേട്ടക്കാരനെ രക്ഷിക്കുകയും ഇരയെ വേട്ടക്കാരനൊപ്പം ചേര്‍ന്ന് പീഡിപ്പിച്ച് രസിക്കുകയും ചെയ്യുന്ന ഭരണകൂട ഉത്സാഹത്തിനെതിരെ മുഖമടച്ച് രണ്ടു കൊടുക്കാന്‍ ആളില്ലാത്തതാണല്ലോ പ്രശ്നം. ഇവിടെ മൂവ്വാറ്റുപുഴയിലെ ജോസഫിന്റെ കാര്യം വെറുതെ ഓര്‍ത്തുപോവുന്നു. ഏതായാലും ചെന്നിത്തലയിലെ രമേശന് സമയം കിട്ടുമ്പോള്‍ ഇത്യാദിവഹകളെക്കുറിച്ച് നാലക്ഷരം വായിക്കുന്നത് ഉചിതമാവും.
എസ്എസ്എല്‍സി, വിഎച്ച്എസ്സി, ഹയര്‍ സെക്കന്ററി മേഖലകളില്‍ നക്ഷത്രങ്ങള്‍ വാരിക്കൂട്ടിയവരെക്കുറിച്ച് നമുക്ക് ആഹ്ലാദിക്കാനും സന്തോഷിക്കാനും അഭിനന്ദനങ്ങള്‍ അറിയിക്കാനും എത്രയോ അവസരങ്ങള്‍. മുഖപുസ്തകം (അതേ, ഫേസ്ബുക്ക്) തുറന്നാല്‍ ലൈക്കുകളുടെ ശോഭായാത്ര. എന്നാല്‍ അവിടെ എത്തിപ്പെടാന്‍ കഴിയാത്ത പതിനായിരങ്ങള്‍ വേറെയുണ്ടെന്ന് നമുക്കറിയാം. അവരെക്കുറിച്ച് ഓര്‍ക്കുന്നതില്‍ ഒരര്‍ഥവുമില്ല. എന്നാലും നമ്മള് നിസ്ലയെ ഓര്‍ക്കണം. ഒമ്പതാംക്ലാസില്‍ രണ്ടാം വര്‍ഷവും തോല്‍പ്പിച്ചതിന്റെ മനോവ്യഥയില്‍ നാലുമുഴം കയറില്‍ ജീവിതം അവസാനിപ്പിച്ചു നിസ്ല. ഇത്തവണ ജയിക്കും എന്നുറച്ച് വിശ്വസിച്ച അവള് പത്താംക്ലാസിലേക്കുള്ള പുസ്തകങ്ങളും വാങ്ങിവെച്ചിരുന്നു. അധ്യാപകരുടെ കാല് പിടിച്ച് കേണിട്ടും സ്കൂളിന്റെ അഭിമാനം വലുതെന്ന് ചൂണ്ടിക്കാട്ടി അധ്യാപകര്‍ അവളെ നിഷ്കരുണം തള്ളി. പത്താം ക്ലാസിലേക്കുള്ള പുസ്തകങ്ങള്‍ സ്റ്റൂളില്‍ അട്ടിയായി വെച്ച് അതില്‍ ചവിട്ടി നിന്നാണ് അവള് ജീവന് ഇറുത്തെടുത്തത്. വിദ്യാഭ്യാസരംഗത്തെ ക്യാന്‍സര്‍ ബാധയുടെ ഇരയായിത്തീര്‍ന്നു നിസ്ല. ഒരു സ്കൂളിന്റെ അഭിമാനം മനുഷ്യജീവനെക്കാള്‍ വലുതാവുമ്പോള്‍ ഇതും ഇതിലപ്പുറവും സംഭവിക്കുന്നു. ഈ രംഗത്തെ നെറികേടുകളെക്കുറിച്ച് വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനും മാതൃകാമനുഷ്യനുമായ സുകുമാരന്‍ പെരിയച്ചൂരിന്റെ രണ്ടു കുറിപ്പുകള്‍ മാതൃഭൂമി (മെയ് 03)യിലും കലാകൗമുദി (മെയ് 18)യിലും വായിക്കാം. നിസ്ലയെപ്പോലുള്ളവരെ എങ്ങനെയാണ് ഇന്നത്തെ രീതികള്‍ ബാധിക്കുന്നത് എന്നതിനെക്കുറിച്ചാണ് ഒമ്പതാം ക്ലാസുകാരനോടു മാത്രം എന്തിനീക്രൂരത, തോല്പ്പിക്കല് നിയമം എന്ന മാതൃഭൂമിയിലെ കുറിപ്പ്. ഇതാ നാലുവരി: നമ്മുടെ മിക്ക വിദ്യാലയങ്ങളിലും അവഗണിക്കപ്പെടുന്നത് ഒമ്പതാം ക്ലാസുകാരനെയാണ്. പല വിദ്യാലയങ്ങളില്‍ നിന്നും ടി.സി. കൊടുത്ത് പറഞ്ഞയക്കുന്നത് പഠിക്കാന്‍ പിന്നാക്കം നില്ക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ്. പത്താം ക്ലാസില്‍ നൂറുശതമാനം വിജയത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ മാനസിക പീഡനങ്ങള്‍ സഹിക്കേണ്ടി വരുന്ന ഒമ്പതാം ക്ലാസുകാരനെക്കുറിച്ച് ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകനും ചിന്തകനും ശ്രദ്ധിച്ചുകാണുന്നില്ല. ഡിഎ വര്‍ധന, പ്രൊട്ടക്ഷന്‍, ശമ്പളപരിഷ്കരണം, യൂണിയന് അംഗത്വം പുതുക്കല്‍, ആളെ ചേര്‍ക്കല്‍ തുടങ്ങി പല പല ഭാരിച്ച കാര്യങ്ങള്‍ക്കിടയില്‍ ഇത്തരം സില്ലിമാറ്റേഴ്സിനെക്കുറിച്ച് ചിന്തിക്കുകയോ, ഛായ് കഷ്ടം.
പത്താംതരം പരീക്ഷയെന്ന ബാലപീഡനത്തെക്കുറിച്ചാണ് കലാകൗമുദിയിലെ കുറിപ്പ്. ജീവിതത്തിന്റെ അടിസ്ഥാനരേഖയായി കണക്കാക്കുന്ന എസ്എസ്എല്‍സി പരീക്ഷയിലെ അന്യായങ്ങളെക്കുറിച്ച് സുകുമാരന്‍ ചൂണ്ടിക്കാണിക്കുന്നു. കേരളീയ പൊതുമണ്ഡലത്തിലെ ഒരു അന്ധവിശ്വാസമായാണ് സുകുമാരന്‍ എസ്എസ്എല്‍സി പരീക്ഷയെ കാണുന്നത്. അത് മാറ്റണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. നോക്കുക: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇനി വിദ്യാര്‍ത്ഥികള്‍ ഐ.ടി ഒഴികെയുള്ള ഒന്‍പത് വിഷയങ്ങള്‍ക്കും കൂടി കേവലം അറുപത് മാര്‍ക്ക് നേടിയാല്‍ മതി, പരീക്ഷ പാസ്സാവാന്‍ (ഐ.ടി, പ്രാക്ടിക്കല്‍ പരീക്ഷ നടന്നു കഴിഞ്ഞു. ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും എ പ്ലസ് ആണത്രേ ലഭിച്ചിരിക്കുന്നത്.) ഈ അറുപത് മാര്‍ക്ക് നേടാന്‍ വേണ്ടിയാണ് നാം യുദ്ധസമാനമായ അന്തരീക്ഷത്തില്‍ എസ്എസ്എല്‍സി എന്ന പൊതു പരീക്ഷ കോടിക്കണക്കിന് രൂപ ചെലവഴിച്ച് നടത്തുന്നത്. വിദ്യാഭ്യാസം ഒരഭ്യാസമാവുകയും സര്‍ക്കാറും അകമ്പടിക്കാരും അതില്‍ രസിച്ചിരിക്കുകയും ചെയ്യുമ്പോള്‍ ഇതും ഇതിലപ്പുറവും സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
വരയുടെ മാസ്മരികതയിലേക്ക് മനുഷ്യന്റെ കലാനേത്രം തുറപ്പിക്കാനുള്ള അശ്രാന്ത പരിശ്രമമായിരുന്നു എം.വി. ദേവന്റേത്. അതിനെക്കുറിച്ച് മലയാളം വാരിക (മെയ് 16)യില്‍ കെ. എസ്. രവികുമാറും പൊന്ന്യം ചന്ദ്രനും എഴുതുന്നു. വിതുമ്പുന്ന കരുത്തന്, ചിന്തകനായ ചിത്രകാരന് എന്നിവ ദേവനെ അടുത്തറിഞ്ഞവര്‍ക്ക് വേഗം ഉള്‍ക്കൊള്ളാനാവും; അല്ലാത്തവര്‍ക്ക് അറിയാനും. ഉരുക്കി വാര്‍ത്തെടുത്ത ഒരു സമരശില്‍പം (എംജിഎസ്) ഒരു ചിത്രമേശയുടെ അപ്പുറവും ഇപ്പുറവും (ആര്‍ട്ടിസ്റ്റ് നമ്പൂതിരി) കമ്മാള സംസ്കാരത്തിന്റെ കരുത്ത് (ഡോ. അജയ്ശേഖര്‍) മദിരാശിയിലെ ദേവന്; മലബാറിലേയും (ഡോ. എം. ഗംഗാധരന്) എന്നിവര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (മെയ് 18) ദേവനെപ്പറ്റി ചാരുതയോടെ അനുസ്മരിക്കുന്നു. കാലത്തിന്റെ കടുംനിറം കാണാന്‍ പോയ ദേവന് ഇനി നമ്മുടെ ഓര്‍മ്മകളില്‍ ചിത്രം വരച്ചുകൊണ്ടേയിരിക്കും, ഇളം ചിരിയോടെ.
തൊട്ടുകൂട്ടാന്‍
പെണ്ണ് ഒരുമ്പെട്ടപ്പോളാണ്
ആണുങ്ങളായ മാധ്യമങ്ങള്‍ക്ക്
പീഡനകഥകള്‍
വയസ്സറിയിച്ചത്.
അസ്മോ പുത്തന്‍ചിറ
കവിത: പഴമാകാത്ത ചൊല്ലുകള്‍
മാതൃഭൂമി ആഴ്ചപ്പതിപ്പ് (മെയ് 18)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: