കീവ്: യുക്രൈനില്‍നിന്ന് പിടിച്ചെടുത്ത് ക്രീമിയ റഷ്യയോടുചേര്ത്ത ശേഷം ഇതാദ്യമായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിന് ക്രീമിയയിലെത്തി. ലോകമഹായുദ്ധ വിജയദിനാഘോഷത്തിന് സെവാസ്റ്റോപോളിലെത്തിയ പുടിന് അവിടെയുള്ള റഷ്യന്‍ കപ്പലുകള്‍ പരിശോധിച്ചു. അതേസമയം പുടിന് ക്രീമിയ സന്ദര്ശിച്ചിതിനെതിരെ ലോക രാജ്യങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു.
പുടിന്റെ സന്ദര്‍ശനം പ്രകോപനപരവും അനാവശ്യവുമാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ചൂണ്ടിക്കാട്ടി. പുടിന്റെ നടപടി യുക്രൈന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സര്‍ക്കാര്‍ ആരോപിച്ചു. യൂറോപ്യന്‍ യൂണിയനും പുടിനെ വിമര്‍ശിച്ച് രംഗത്തെത്തി. ആഭ്യന്തര കലാപത്തെ തുടര്‍ന്ന് മാര്‍ച്ചിലാണ് ജനഹിത പരിശോധനയ്ക്കു ശേഷം ക്രീമിയ യുക്രൈനോട് വിടപറഞ്ഞ് റഷ്യയുടെ ഭാഗമായത്.
റഷ്യയുടെ ഭാഗമായ ക്രീമിയയുടെ നടപടിയെ പുകഴ്ത്തിയ പുടിന്, രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസികളെ പരാജയപ്പെടുത്തിയ സോവിയറ്റ് വിജയത്തോടാണ് വിശേഷിപ്പിച്ചത്. ക്രീമിയ റഷ്യയുടെ ഭാഗമാണെന്ന് അംഗീകരിക്കപ്പെട്ട വര്‍ഷമായതിനാല്‍ 2014 ചരിത്രത്തിലിടംപിടിക്കുന്ന വര്‍ഷമായിരിക്കുമെന്നും പുടിന് പറഞ്ഞു. അതേസമയം, പുടിന്റെ സന്ദര്‍ശന വേളയില്‍ യുക്രൈന്റെ തെക്കു- കിഴക്കന്‍ മേഖലയില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. റഷ്യ അനുകൂല പ്രവര്‍ത്തകര്‍ പോലീസ് ആസ്ഥാനം ആക്രമിക്കുകയായിരുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആക്രമണത്തില്‍ 21 പേര് കൊല്ലപ്പെടുകയും 39 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
തോക്കുകളുമായി അറുപതോളം വരുന്ന വിമതര്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ വിമതര്‍ ഞായറാഴ്ച ജനഹിത പരിശോധന നടത്താനൊരുങ്ങുകയാണ്. ക്രീമിയയെ പിന്തുടര്ന്ന് റഷ്യയോടു ചേരുകയാണ് ഇവരുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: