മുംബൈ: പത്ത് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇനി സ്വന്തമായി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും പണം നിക്ഷേപിക്കുന്നതിനുമൊക്കെ ഇനിമുതല്‍ രക്ഷിതാക്കളുടേയോ മറ്റ് ബന്ധുക്കളുടേയോ സഹായം കുട്ടികള്‍ക്ക് ആവശ്യമില്ലെന്നും ആര്‍ബിഐയുടെ പുതിയ ഉത്തരവില്‍ പറയുന്നു.
പത്ത് വയസിനു മുകളിലുള്ളവര്‍ക്ക് സ്വന്തമായി അക്കൗണ്ട് തുറക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ് ഇതിലൂടെ ബാങ്കുകള്‍ വഴി ലഭിക്കുന്നത്. സാമ്പത്തിക ഭദ്രത ഉയര്‍ത്തുക എന്ന ലക്ഷ്യം വെച്ചാണ് ആര്‍ബിഐ പുതിയ പദ്ധതി ആരംഭിക്കുന്നത്. ഇതുവരെ 18 വയസിനു മുകളിലുള്ള കുട്ടികള്‍ക്കു മാത്രമേ സ്വന്തമായി അക്കൗണ്ട് തുറക്കാന്‍ അനുമതി നല്കിയിരുന്നുള്ളു. അതിനു താഴെയുള്ള കുട്ടികള്‍ക്ക് അക്കൗണ്ട് തുറക്കുന്നതിന് രക്ഷിതാക്കളുടേയോ ബന്ധുക്കളുടേയോ സഹായം നിര്‍ബന്ധമായിരുന്നു.
ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുക മാത്രമല്ല, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എടിഎം, ഡെബിറ്റ് കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവയും ബാങ്കുകള്‍ വഴി കുട്ടികള്‍ക്ക് ലഭ്യമാകും. അതേസമയം, അക്കൗണ്ട് തുറക്കുന്നതിന് കുട്ടികളുടെ നിശ്ചിത പ്രായം ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്നും ആര്‍ബിഐ പറയുന്നു. സ്വന്തം അക്കൗണ്ടുകള്‍ വഴി എത്ര തുക പിന്‍വലിക്കാം, നിക്ഷേപിക്കാം എന്നതിലും ബാങ്കുകള്‍ക്ക് പരിധി നിശ്ചയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: