നൃത്തത്തിന് വേണ്ടി മാത്രം രണ്ട് രാവുകള്‍. അവിടെ ഇന്ത്യയിലെ പ്രമുഖ നര്‍ത്തകര്‍ ആസ്വാദകരുടെ മനസ്സ് കീഴടക്കി നിറഞ്ഞാടി. കുച്ചിപ്പുടിയും ഭരതനാട്യവും, കഥക്കും മോഹിനിയാട്ടവും ഒഡീസിയുമെല്ലാം ഒരേ വേദിയില്‍ സംഗമിച്ച ദിനങ്ങളായിരുന്നു ഏപ്രില്‍ 26 ഉം 27 ഉം. എറണാകുളം ടിഡിഎം ഹാളില്‍ പ്രശസ്തക കുച്ചിപ്പുടി നര്‍ത്തകി അനുപമ മോഹന്റെ നേതൃത്വത്തില്‍ സത്യാഞ്ജലി അക്കാദമി ഒഫ് കുച്ചിപ്പുടി ഡാന്‍സിന്റേയും എറണാകുളം കരയോഗത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നൃത്തോത്സവം മറക്കാനാവാത്ത അനുഭവമാണ് നൃത്ത പ്രേമികള്‍ക്ക് സമ്മാനിച്ചത്. ഓരോ നൃത്ത ഇനത്തിലും പ്രാഗത്ഭ്യം തെളിയിച്ച 10 നര്‍ത്തകരാണ് വേദിയെ ഭാവദീപ്തമാക്കിയത്. ബാംഗ്ലൂരില്‍ നിന്നുള്ള കഥക് നര്‍ത്തകി ശ്വേത വെങ്കിടേഷ്, ഹോങ്കോങ്ങില്‍ നിന്നുള്ള ഭരതനാട്യം നര്‍ത്തകി രൂപ കിരണ്‍, ഭുവനേശ്വറില്‍ നിന്നുള്ള ഒഡീസി നര്‍ത്തകി മഞ്ജുശ്രീ പാണ്ഡെ, ന്യൂദല്‍ഹിയില്‍ നിന്നും കുച്ചിപ്പുടി നര്‍ത്തകി റെഡ്ഡി ലക്ഷ്മി, ഹൈദരാബാദില്‍ നിന്നെത്തിയ കുച്ചിപ്പുടി കലാകാരി നാഗലക്ഷ്മി ഭാഗവതലു, കൊല്‍ക്കത്തയില്‍ നിന്നുള്ള കഥക് നര്‍ത്തകി ദേബ്ജയ സര്‍ക്കാര്‍, മുംബൈയില്‍ നിന്നും മോഹിനിയാട്ടം നര്‍ത്തകി സജി മേനോന്, മുംബൈയില്‍ നിന്നെത്തിയ ഭരതനാട്യം നര്‍ത്തകി സ്നിഗ്ദ സിന്‍ഹ, ഹൈദരാബാദില്‍ നിന്നും കുച്ചിപ്പുടി നര്ത്തകന് സുധാകര്‍ റെഡ്ഡി എന്നിവരാണ് നാട്യകൗസ്തുഭ നൃത്തോത്സവം എന്ന് പേരിട്ടിരുന്ന നൃത്തോത്സവത്തില്‍ നടന വിസ്മയം തീര്‍ത്തത്. ദല്‍ഹിയില്‍ നിന്നുള്ള കുച്ചിപ്പുടി ഡാന്‍സര്‍ പത്മശ്രീ ജയരാമ റാവുവിനെ നാട്യശിഖ പുരസ്കാരം നല്കി ആദരിച്ചു. ഗവര്‍ണര്‍ ഷീല ദീക്ഷിതാണ് പുരസ്കാരം സമ്മാനിച്ചത്.
ഏതൊരു കലാകാരനും കലാകാരിയും സ്വന്തം നാട് വിട്ട് മറ്റ് നാടുകളിലെത്തി നൃത്തം ചെയ്യണമെന്നും ആസ്വാദക ശ്രദ്ധ നേടണമെന്നും ആഗ്രഹിക്കുന്നവരാണെന്ന് നാട്യ കൗസ്തുഭം നൃത്തോത്സവത്തിന്റെ സംഘാടകയും കുച്ചിപ്പുടി നര്‍ത്തകിയുമായ അനുപമ മോഹന്‍ പറയുന്നു. അവര്‍ക്ക് ഒരവസരം ഒരുക്കിക്കൊടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നൃത്തോത്സവത്തില്‍ പങ്കെടുക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ കേരളത്തിന് വെളിയില്‍ നിന്നുള്ളവര്‍ക്കാണ് പ്രഥമ പരിഗണന നല്‍കിയത്. രണ്ട് ദിവസം നീണ്ടുനിന്ന പരിപാടിയില്‍ ഓരോരുത്തരും അര മണിക്കൂര്‍ വീതമാണ് പെര്‍ഫോം ചെയ്തത്. കുച്ചിപ്പുടിയും കഥക്കും ഒഡീസിയും ഭരതനാട്യവും മോഹിനിയാട്ടവും ഒരേ വേദിയില്‍ ആസ്വദിക്കുവാനുള്ള അവസരം കലാപ്രേമികള്‍ പാഴാക്കിയതുമില്ല. രണ്ടാമത്തെ വര്‍ഷമാണ് കൊച്ചിയില്‍ നാട്യകൗസ്തുഭ നൃത്തോത്സവം സംഘടിപ്പിക്കുന്നത്.
ഈ നൃത്തോത്സവത്തിന് സ്പോണ്‍സര്‍മാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും അനുപമ പറയുന്നു. നൃത്തവിദ്യാലയത്തില്‍ നിന്നും ലഭിക്കുന്ന ഫീസ് നൃത്തോത്സവത്തിനായി മാറ്റിവയ്ക്കുകയാണ് അനുപമയുടെ പതിവ്. കുടുംബാവശ്യത്തിനോ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ ഈ തുക ചെലവാക്കാറില്ല. ലോകപ്രശസ്ത കുച്ചിപ്പുടി നര്ത്തകന് പത്മശ്രീ ഡോ. വെമ്പട്ടി ചിന്നസത്യത്തിന്റെ പ്രിയ ശിഷ്യരില്‍ ഒരാളാണ് അനുപമ. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ സ്വദേശിനായായ അനുപമ പ്രമുഖ മലയാള സിനിമ സംവിധായകന് എം. മോഹന്റെ ഭാര്യയാണ്. പുരന്ദര്‍, ഉപേണ്ടര് എന്നിവര്‍ മക്കളാണ്.
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: