കൊച്ചി: കളിയും ചിരിയുമായി തങ്ങളുടെ കൂട്ടുകാര്‍ അവധിക്കാലം ആസ്വദിക്കുമ്പോള്‍ പോലീസ് വിസില്‍ മുഴങ്ങുന്നതിനനുസരിച്ച് അവര്‍ കായികപരിശീലനം നടത്തുകയായിരുന്നു. കാര്‍ട്ടൂണുകള്‍ക്കു മുന്നില്‍ സമയം കളയാതെ അവര്‍ ഈ ദിവസങ്ങളില്‍ യോഗ പരിശീലിച്ചു. പഠനക്ലാസുകള്‍ സാകൂതം കേട്ടിരുന്നു.
എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം.ഹൈസ്ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് മൂന്നു ദിവസം നീണ്ടു നിന്ന പരിശീലനക്യാമ്പില്‍ പങ്കെടുക്കാന്‍ ഈ അവധിക്കാലത്ത് സ്ക്കൂളില്‍ ഒത്തുകൂടിയത്. കായിക പരിശീലനം കൂടാതെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെയും വിദഗ്ദ്ധരുടെയും ക്ലാസുകളും കേഡറ്റുകള്‍ക്ക് ലഭിച്ചു.
നിയമം സ്വയം അനുസരിക്കുന്നവരും അച്ചടക്കമുള്ളവരുമായ ഒരു തലമുറയെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയങ്ങളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രവര്‍ത്തിക്കുന്നത്. പോലീസ്, വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി നേതൃത്വം നല്കുന്ന ഈ വിദ്യാര്‍ത്ഥി സേനയ്ക്ക് എക്സൈസ്, ഗതാഗതം, ഫോറസ്റ്റ്, നിയമം, തദ്ദേശസ്വയംഭരണം, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ സഹകരണവും ലഭിക്കുന്നുണ്ട്.
പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ചലച്ചിത്രതാരം മജീദ് ഉദ്ഘാടനം ചെയ്തു. ഞാറക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.കെ ഷൈജു അധ്യക്ഷത വഹിച്ചു. ക്യാമ്പിലെ മികച്ച കേഡറ്റുകള്‍ക്ക് സമ്മാനങ്ങള്‍ നല്കി. തുടര്‍ന്ന് കേഡറ്റുകള്‍ അവതരിപ്പിച്ച കലാപരിപാടികളുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: