കോട്ടയം: റബ്ബര്‍നടീല്‍വസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തേണ്ടത് റബ്ബര്തോട്ടവ്യവസായത്തിന്റെ നിലനില്പിന് അത്യാവശ്യമാണെന്ന് റബ്ബര്‍ബോര്‍ഡ് ചെയര്മാന് ഷീല തോമസ് പറഞ്ഞു. ഉത്പാദനശേഷി കൂടിയ ഒട്ടേറെ ഇനങ്ങള്‍ ലഭ്യമാണെങ്കിലും അവയുടെ നടീല്‍വസ്തുക്കളുടെ ഗൂണമേന്മ ഉറപ്പാക്കിയെങ്കില്‍ മാത്രമെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉത്പാദനക്ഷമതാവര്ദ്ധനവ് സാധ്യമാകുകയുള്ളുവെന്നും ചെയര്മാന് പറഞ്ഞു. റബ്ബര്‍ബോര്‍ഡിന്റെ ക്വാളിറ്റി പ്ലാന്റിങ് മെറ്റീരിയല്‍സ് & സര്ട്ടിഫിക്കേഷന് എന്ന് നാമകരണം ചെയ്ത തീവ്രപ്രചാരണ പരിപാടിയുടെ ദേശീയോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ചെയര്മാന്. ഇന്ത്യയിലെ റബ്ബര്കൃഷിവിസ്തൃതിയിലും നഴസ്റികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. മെച്ചപ്പെട്ട നടീലിനങ്ങള്‍ തന്നെ കൃഷിക്ക് ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് റബ്ബര്നഴ്സറികളുടെ സര്ട്ടിഫിക്കേഷന് നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ റബ്ബര്‍ബോര്‍ഡിന്റെ നഴ്സറികളിലാണ് സര്ട്ടിഫിക്കേഷന് നടപ്പാക്കുക.
നഴ്സറികളുടെ സര്ട്ടിഫിക്കേഷന് തൈകളുടെ ഉത്പാദനം, പരിപാലനം എന്നിവയിലെല്ലാം പ്രത്യേക മാനദണ്ഡങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഡോ. തോമസ് ജെ. പറഞ്ഞു.
റബ്ബര്‍ബോര്‍ഡ് തയ്യാറാക്കിയ മികവുറ്റ നഴ്സറി സമ്പ്രദായം എന്ന പുസ്തകത്തിന്റെ പ്രകാശനം അഡ്വ. സിബി. ജെ. മോനിപ്പള്ളിക്ക് ആദ്യപ്രതി നല്കി ചെയര്മാന് നിര്‍വ്വഹിച്ചു. അഡ്വ. സിബി. ജെ. മോനിപ്പള്ളി (മുന്‍ റബ്ബര്‍ബോര്‍ഡ് മെമ്പര്‍), സി.എഫ്. സന്തോഷ് കുമാര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍, നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡ്), ബിന്നി മാത്യു ചോക്കാട്ട് (പ്രസിഡന്റ്, ഐങ്കൊമ്പ് റബ്ബറുത്പാദകസംഘം), ജോസ്കുട്ടി തുളുമ്പന്മാക്കല് (സെക്രട്ടറി, ആള് കേരള റബ്ബര്‍ നഴ്സറി അസോസിയേഷന്) എന്നിവര്‍ പ്രസംഗിച്ചു. ജോയിന്റ് റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍മാരായ ഡി. അനില്‍കുമാര്‍ സ്വാഗതവും പി. മുകുന്ദന് കൃതജ്ഞതയും പറഞ്ഞു. മെയ് രണ്ടു മുതല്‍ ജൂണ്‍ 13 വരെയുള്ള കാലയളവില്‍ കേരളം, തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലെ റബ്ബര്‍മേഖലകളില്‍ നടക്കുന്ന യോഗങ്ങളിലായി ഒരു ലക്ഷത്തോളം ചെറുകിടറബ്ബര്കര്ഷകരെയും അതതു പ്രദേശങ്ങളിലെ നഴ്സറി ഉടമകളെയും നേരിട്ടുകണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് പ്രചാരണപരിപാടിയിലൂടെ ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ വര്‍ഷംതോറും ശരാശരി 25000 ഹെക്ടര്‍ സ്ഥലത്ത് റബ്ബര്‍കൃഷി ചെയ്യുന്നുണ്ട്. ഇതിലേക്കായി ഏതാണ്ട് ഒന്നേകാല്‍ കോടി നടീല്‍വസ്തുക്കള്‍ ആവശ്യമാണ്. റബ്ബര്‍ബോര്‍ഡിന്റെ നഴ്സറികളിലൂടെ 12-15 ലക്ഷം തൈകളേ ഉത്പാദിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ. ബാക്കി തൈകള്‍ക്ക് രണ്ടായിരത്തോളം വരുന്ന സ്വകാര്യ നഴ്സറികളെ കര്‍ഷകര്‍ ആശ്രയിക്കേണ്ടിവരും. മെച്ചപ്പെട്ട നടീല്‍വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിന്റെ ആവശ്യകതകള്‍ കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയാണ് റബ്ബറുത്പാദക സംഘങ്ങളുടെയും സ്വാശ്രയസംഘങ്ങളുടെയും സഹകരണത്തോടെ റബ്ബര്‍ബോര്‍ഡ് തീവ്രബോധനപരിപാടി സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: