കാസര്‍കോട്: പുതിയ അധ്യയന വര്‍ഷത്തേക്ക് പ്രവേശനം ആരംഭിക്കാനിരിക്കെ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന് (ആര്‍എംഎസ്എ) സ്കൂളുകളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി സര്‍ക്കാര്‍. ആര്‍എംഎസ്എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈസ്കൂളുകളായി ഉയര്‍ത്തിയ സ്കൂളുകളില്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനും ഒരു ഡിവിഷന് നില നിര്‍ത്തിയാല്‍ മതിയെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവാണ് പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ടെങ്കിലും നിലപാട് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സെക്കണ്റ്ററി വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍എംഎസ്എ പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ ഏപ്രില്‍ ൯ന് സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. ആര്‍എംഎസ്എ സ്കൂളുകളില്‍ ഒരു ഡിവിഷന് മാത്രം നിലനിര്‍ത്തിയാല്‍ മതിയെന്ന് ഉത്തരവില്‍ പറയുന്നു. രണ്ട് ഭാഷാധ്യാപകര്‍, കണക്ക്, സാമൂഹ്യ ശാസ്ത്രം, ഭൗതിക ശാസ്ത്രം, പ്രധാനാധ്യാപകന്, ക്ളര്‍ക്ക് എന്നിവര്‍ക്ക് മാത്രമേ ശമ്പളം നല്കേണ്ടതുള്ളുവെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കയച്ച ഉത്തരവ് നിര്‍ദ്ദേശിക്കുന്നു. ഒന്നിലധികം ഭാഷാ മാധ്യമങ്ങളുള്ള സ്കൂളുകള്‍ക്കാണ് പുതിയ നിര്‍ദ്ദേശം തിരിച്ചടിയായിരിക്കുന്നത്. കാസര്‍കോട് മലയാളത്തിന് പുറമെ കന്നഡയും പാലക്കാട്ടും ഇടുക്കിയും തമിഴും ഡിവിഷനുകളുണ്ട്. ബദിയടുക്ക, കടമ്പാര്‍, മൂഡംവയല്‍, അടുക്കത്ത്വയല്‍ എന്നീ സ്കൂളുകളാണ് ജില്ലയില്‍ കന്നഡ, മലയാളം ഡിവിഷനുകളുള്ളത്. ഉത്തരവ് നടപ്പിലാക്കേണ്ടി വന്നാല്‍ കന്നഡ ഡിവിഷനുകള്‍ ഒഴിവാക്കേണ്ടി വരും. നൂറ് കണക്കിന് വിദ്യാര്‍ത്ഥികളെ ടിസി നല്കി പറഞ്ഞു വിടേണ്ടതായും വരും. പ്രതിസന്ധി ഗുരുതരമെന്ന് ബോധ്യപ്പെട്ടതോടെ കന്നഡ ഡിവിഷനുകള്‍ നില നിര്‍ത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് രംഗത്തെത്തിയിരുന്നു. ഇന്നലെ സ്കൂളുകളില്‍ ഫലപ്രഖ്യാപനം പുറത്ത് വന്നിരുന്നു. ഇനി പ്രവേശന നടപടികളുടെ തിരക്കിലാണ് സ്കൂളുകള്‍. ഇതിനിടയില്‍ എന്ത് ചെയ്യണമെന്നറിയാതെ ത്രിശങ്കുവിലാണ് ആര്‍എംഎസ്എ സ്കൂളുകള്‍. ൨൦൧൧-ല്‍ യുപി സ്കൂളുകള്‍ ഹൈസ്കൂളുകളായി ഉയര്‍ത്തിയതാണ് ആര്‍എംഎസ്എ സ്കൂളുകള്‍. നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ പുതിയ അധ്യയന വര്‍ഷം ഹൈസ്കൂള്‍ പ്രവേശനം നേടാനുണ്ടെന്നിരിക്കെ ഡിവിഷന് ഇല്ലാതാകുന്നത് ഇവരെ പ്രതികൂലമായി ബാധിക്കും. എന്നാല്‍ ഇതിനിടയിലും കൃത്യമായ നിര്‍ദ്ദേശങ്ങളൊന്നും സ്കൂള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വത്തിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും. ജോലി നഷ്ടപ്പെടുന്ന അധ്യാപകരുടെ കാര്യത്തിലും ഒളിച്ചുകളി തുടരുകയാണ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിണ്റ്റെ (എംഎച്ച്ആര്‍ഡി) നിര്‍ദ്ദേശമനുസരിച്ചാണ് പുതിയ ഉത്തരവെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിണ്റ്റെ ഉത്തരവ് പ്രകാരമാണ് നേരത്തെ ഇതേ അധ്യാപകരെ നിയമിച്ചത്. സര്‍ക്കാര്‍ ഉത്തരവിലൂടെ തന്നെ നിയമിച്ചവര്‍ക്ക് മറ്റൊരു ഉത്തരവിലൂടെ ശമ്പളം നിഷേധിക്കുന്ന വൈരുധ്യമാണ് സര്‍ക്കാരിണ്റ്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ സര്‍ക്കാര്‍ അനാസ്ഥ തുടരുന്നതാണ് ഏറെ അശങ്കയുണര്ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: