കൊച്ചി: ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണ വിധേയനായ ഹൈക്കോടതി അഭിഭാഷകന് കെ.തവമണിക്ക് കേരള ബാര്‍ കൗണ്‍സില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
ജഡ്ജിയുമായി കൂടിക്കാഴ്ച നടത്താനുണ്ടായ സാഹചര്യം വിശദീകരിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തവമണിയുടെ വിശദീകരണം ലഭിച്ച ശേഷം നടപടി വേണമോയെന്ന കാര്യത്തില്‍ ബാര്‍ കൗണ്‍സില്‍ തീരുമാനം കൈക്കൊള്ളും. തവമണി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ബാര്‍ ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച ഹര്ജിയിന്മേല് വിധി പറയുന്നതില്‍ നിന്ന് ചൊവ്വാഴ്ചയാണ് ജസ്റ്റീസ് സി.ടി.രവികുമാര്‍ പിന്മാറിയത്.
ഹൈക്കോടതി അഭിഭാഷകന് തവമണി വഴി ഹര്‍ജിക്കാര്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പിന്മാറ്റമെന്ന് ജഡ്ജി വ്യക്തമാക്കിയിരുന്നു. ഉത്തരവിലൂടെയാണ് ജഡ്ജി സിടി രവികുമാര്‍ ഇക്കാര്യം അറിയിച്ചത്. ഇതേ തുടര്‍ന്നാണ് ബാര്‍ കൗണ്‍സില്‍ അഭിഭാഷകന് നോട്ടീസയച്ചത്. എന്നാല്‍ ജഡ്ജിയുടെ ആരോപണം അഡ്വ. തവമണി ഇന്നലെ നിഷേധിച്ചിരുന്നു.
ജഡ്ജിയുടെ വസതിയില്‍ സൗഹൃദസംഭാഷണത്തിനാണ് പോയത്. കേസുമായി ബന്ധപ്പെട്ട് ആരേയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അബ്കാരികളുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. 418 ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് 47 ഹര്‍ജികളാണ് സിടി രവികുമാറിന്റെ ബഞ്ച് പരിഗണിച്ചിരുന്നത്. ഹര്‍ജികളില്‍ ഏപ്രില്‍ 11ന് വാദം പൂര്‍ത്തിയായിരുന്നു. കേസില്‍ വിധി പറയാനിരിക്കെയാണ് ജഡ്ജിയുടെ പിന്മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: