തിരുവനന്തപുരം: കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ചാനലുകള്‍ നല്‍കിവരുന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസിലോ യുഡിഎഫിലോ ഒരു പ്രശ്നവുമില്ല. ഒത്തൊരുമയോടെയാണ് മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിലെ ആത്മവിശ്വാസം അവസാനഘട്ടത്തില്‍ തനിക്കുണ്ടായിരുന്നില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കാണിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വാര്‍ത്തള്‍ ഇല്ലാത്തതിനാലാകും ചാനലുകള്‍ ഇത്തരം ബ്രേക്കിംഗ് ന്യൂസ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോഴാണ് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞത്.
കസ്തൂരി രംഗന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കഡസ്ട്രല്‍ ഭൂപടം തയാറാക്കുന്നതിനു സമയം ലഭിച്ചില്ലെന്നാരോപിച്ച് എല്‍ഡിഎഫും ഹൈറേഞ്ച് സംരക്ഷണ സമിതിയും പ്രഖ്യാപിച്ച ഇടുക്കി ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമാണെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സമിതിക്കും എല്‍ഡിഎഫിനും കര്‍ഷകരുടെ താത്പര്യ സംരക്ഷണമല്ല ലക്ഷ്യമല്ലെന്ന് ഇതോടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രശ്നങ്ങളും അവസാനിച്ചപ്പോള്‍ കൃഷിഭൂമിയെ അല്ല പട്ടയഭൂമിയെ മാത്രമാണ് പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്ന് ഒഴിവാക്കുക എന്ന പ്രചാരണമാണ് ചിലര്‍ നടത്തുന്നത്. ഇത് അടിസ്ഥാനരഹിതമാണ്.സര്‍ക്കാരിന്റെ ഇനിയുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഇന്നലെത്ത മന്ത്രിസഭാ യോഗം ചര്‍ച്ച നടത്തി.
സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട പദ്ധതികളെ സംബന്ധിച്ച് അതതു വകുപ്പ് മന്ത്രിമാര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയിലെ ക്യാബിനറ്റ് ഈ പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കും. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയല്ല, മറിച്ച് ബുദ്ധിമുട്ടാണുള്ളത്. വരുമാനം വര്‍ധിപ്പിച്ചും കുടിശിക പിരിച്ചെടുത്തും അതു തരണം ചെയ്യാനാകുമെന്നാണ് വിശ്വാസമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: