ആലപ്പുഴ: വരുന്ന അധ്യയന വര്‍ഷം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലെയും പ്ലസ് വണ്ണിലെയും പാഠപുസ്തകങ്ങളില്‍ മാറ്റം. ബാക്കി ക്ലാസുകളിലെ പുസ്തകങ്ങള്‍ അടുത്ത അധ്യയന വര്‍ഷങ്ങളില്‍ മാറും. ഒന്നര വര്‍ഷത്തിലേറെയുള്ള തയാറെടുപ്പുകള്‍ക്ക് ശേഷമാണ് പുസ്തകങ്ങള്‍ മാറുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
കുട്ടികളുടെ പഠനനിലവാരം സൂക്ഷ്മമായി വിലയിരുത്തുന്ന രീതിയിലും മൂല്യനിര്‍ണയ ഭാഗവുമായാണ് പാഠപുസ്തകങ്ങള്‍ പരിഷ്ക്കരിച്ചതെന്നും അധികൃതര്‍ പറഞ്ഞു. 2007ലാണ് ഇതിന് മുമ്പ് പുസ്തകങ്ങള്‍ മാറിയത്. അതിനിടെ പുസ്തകങ്ങള്‍ മാറിയെങ്കിലും ഇതുസംബന്ധിച്ച് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഇതുവരെയായിട്ടില്ല.
മധ്യവേനല്‍ അവധിക്കാലത്ത് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ സ്കൂളുകള്‍ തുറന്നതിന് ശേഷം വിദ്യാര്‍ഥികളുടെ പഠനം മുടക്കി അധ്യാപകര്‍ പരിശീലനത്തിന് പോകേണ്ടി വരുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
അച്ചടിച്ച പാഠപുസ്തകങ്ങളുടെ വിതരണവും വളരെ വൈകിയാണ് ആരംഭിച്ചത്. അധ്യയന വര്‍ഷം ആരംഭിച്ചാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പുസ്തക വിതരണം പൂര്‍ത്തിയാകാന്‍ സാധ്യതയില്ല. തപാല്‍ വകുപ്പിനാണ് പുസ്തക വിതരണത്തിന്റെ ചുമതല. കാക്കനാട്ടെ കെബിപിഎസ് പ്രസില്‍ പുസ്തകം അച്ചടി ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല.
പി.കെ.അബ്ദുള്‍ അസീസ് ചെയര്‍മാനും, എന്‍സിഇആര്‍ടി ഡയറക്ടര്‍ കെ.എ.ഹാഷിം കണ്‍വീനറുമായ വിദഗ്ധ സമിതിയാണ് പാഠ്യപദ്ധതി പരിഷ്ക്കരിച്ചത്. ഉമ്മന്‍.വി.ഉമ്മന്‍, കെ.പി.രാമനുണ്ണി, ദ്വരൈസ്വാമി, റോസമ്മ ഫിലിപ്, ഡോ.വി.സുമംഗല എന്നിവരായിരുന്നു സമിതി അംഗങ്ങള്‍.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: