തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനിയറിങ്/മെഡിക്കല്‍ പ്രവേശനപരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിക്കും. എന്‍ജിനിയറിങ്ങിന്റെ ഫിസിക്സ് ആന്‍ഡ് കെമിസ്ട്രി ആണ് ആദ്യപരീക്ഷ. തിങ്കളാഴ്ച രാവിലെ 10 മുതല്‍ 12.30 വരെ നടക്കും. ചൊവ്വാഴ്ച രാവിലെ 10 മുതല്‍ എന്‍ജിനിയറിങ്ങിന്റെ മാത്തമാറ്റിക്സ് പരീക്ഷ നടക്കും. 23 ന് രാവിലെ 10 മുതല്‍ 12.30വരെ മെഡിക്കല്‍ പ്രവേശനപരീക്ഷ ഒന്നാം പേപ്പര്‍ കെമിസ്ട്രി ആന്‍ഡ് ഫിസിക്സ്, ഉച്ചയ്ക്ക് 2.30 മുതല്‍ 5 വരെ രണ്ടാംപേപ്പര്‍ ബയോളജി എന്നിങ്ങനെയാണ് പരീക്ഷ.
എന്‍ജിനിയറിങ് പ്രവേശനപരീക്ഷ 1,19,025 വിദ്യാര്‍ഥികളാണ് എഴുതുന്നത്. 1,02,460 വിദ്യാര്‍ഥികള്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കുണ്ട്. സംസ്ഥാനത്തെ 327 കേന്ദ്രങ്ങളിലും ഡല്‍ഹിയിലെ രണ്ട് കേന്ദ്രങ്ങളിലും മുംബൈ, റാഞ്ചി, ദുബായ് എന്നിവിടങ്ങളിലെ ഓരോകേന്ദ്രത്തിലും ഉള്‍പ്പെടെ 332 കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തും. പ്രവേശനപരീക്ഷാ നടത്തിപ്പിന്റെ എല്ലാ ഒരുക്കവും പൂര്‍ത്തിയായി. 25 ലെയ്സണ്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന പരീക്ഷകള്‍ നിയന്ത്രിക്കുന്നതിന് 332 ചീഫ് സൂപ്രണ്ടുമാരെയും 332 പ്രവേശനപരീക്ഷാ കമീഷണറുടെ പ്രതിനിധികളെയും ഇരുപത്തിരണ്ടായിരത്തിലധികം ഇന്‍വിജിലേറ്റര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പരീക്ഷാനിരീക്ഷണത്തിന് ഓരോകേന്ദ്രത്തിലും ഒബ്സര്‍വര്‍മാരെയും നിയമിച്ചിട്ടുണ്ട്.
എന്‍ജിനീയറിങ് ഒന്നാം പേപ്പര്‍ ഫിസിക്സില്‍നിന്ന് 72 ഉം കെമിസ്ട്രിയില്‍ നിന്ന് 48ഉം ചോദ്യങ്ങളുണ്ടാവും. മെഡിക്കല്‍പരീക്ഷയുടെ രണ്ടാംപേപ്പറായ ബയോളജിയില്‍ ബോട്ടണി, സുവോളജി എന്നിവയില്‍ നിന്നായി 120 ചോദ്യങ്ങളുണ്ടാവും. ഓരോ പേപ്പറിലും ചുരുങ്ങിയത് 10 മാര്‍ക്കെങ്കിലും നേടുന്നവരെയേ റാങ്ക് പട്ടികയിലേക്ക് പരിഗണിക്കൂ. പട്ടിക വിഭാഗക്കാര്‍ക്ക് ഇത് ബാധകമല്ല. പ്രവേശനപരീക്ഷകള്‍ അവസാനിക്കുന്ന 23ന് വൈകിട്ട് ആറിന് എല്ലാ പരീക്ഷയുടെയും ഉത്തരസൂചികകള്‍ പ്രവേശനപരീക്ഷാ കമീഷണറുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: