ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആലപ്പുഴ ജില്ലയിലെ കുട്ടംപേരൂരെന്ന കൊച്ചുഗ്രാമത്തില്‍ അക്ഷരപ്രേമികളുടെ ഒരു കൂട്ടായ്മ ഉണ്ടായി-കേരള യുവജന സംഘടന. യുവാക്കള്‍ വീടുവീടാന്തരം കയറിയിറങ്ങി കുറെ പുസ്തകങ്ങള്‍ സ്വരൂപിച്ചു. നാടിന്റെ അക്ഷര വെളിച്ചമായി ഒരു ഗ്രന്ഥശാലയുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. പി.എന്‍.പണിക്കരുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘം രൂപീകരിക്കപ്പെട്ട അതേ വര്‍ഷം (1954-ല്‍) തന്നെയായിരുന്നു കേരള യുവജനസംഘടനയുടെ രൂപീകരണവും. കുട്ടംപേരൂര്‍ വാര്യത്ത് ഉണ്ണികൃഷ്ണവാര്യര്‍ പ്രസിഡന്റായും ശാമുവേല്‍ വലിയതെക്കേതില്‍ സെക്രട്ടറിയുമായാണ് പ്രവര്‍ത്തനം മുമ്പോട്ടുപോയത്. എസ്.പി.കുറുപ്പ്, എം.യോഹന്നാന്, പി.ജോസഫ് തുടങ്ങിയ യുവാക്കളും ഒപ്പമുണ്ടായിരുന്നു.
മുന്നൂറോളം പുസ്തകങ്ങള്‍ ശേഖരിച്ചു കഴിഞ്ഞപ്പോള്‍ ഒരു ചെറിയ ഗ്രന്ഥശാലാ കെട്ടിടം പണിതുയര്‍ത്തുക എന്നതായി പിന്നത്തെ ശ്രമം. കുട്ടംപേരൂര്‍ പെരിയമന ഇല്ലത്തെ നാലുകെട്ട് നാമാവശേഷമായി കിടന്നപ്പോള്‍ അവിടുത്തെ തടികളും കല്ലുകളുമൊക്കെ ഗ്രന്ഥശാലാ നിര്‍മാണത്തിനായി നല്കുകയുണ്ടായി. അങ്ങനെ കുട്ടംപേരൂരിന്റെ ഹൃദയഭാഗമായ പടിഞ്ഞാറെ നടയില്‍ കുട്ടംപേരൂര്‍ വാര്യം വക ഭൂമിയില്‍ ഓലയിട്ട മേല്‍ക്കൂരയുമായി ഒരു കെട്ടിടമുയര്‍ന്നു. പമ്പയാറിനേയും അച്ചന്‍കോവിലാറിനേയും കൂട്ടിയിണക്കുന്ന കുട്ടംപേരൂരാറിന്റെ കരയില്‍, ക്രേഷ്ഠമുനി തപസ്സനുഷ്ഠിച്ച് കുട്ടംപേരൂരായി മാറിയ കൊച്ചുഗ്രാമത്തിലെ അക്ഷരപ്രേമികളുടെ ഇടമായിമാറി ഈ ഗ്രന്ഥശാല.
ചുരുക്കം ചില വീടുകളില്‍ മാത്രം പത്രം വരുത്തിയിരുന്ന കാലം. എല്ലാ വീട്ടുകാര്‍ക്കും ദിനപ്പത്രം വരുത്താനുള്ള വരുതിയില്ലായിരുന്നു. അതുകൊണ്ടുതന്നെ നാട്ടുകാര്‍ ഒത്തുകൂടുന്ന കവലകളില്‍ ഉച്ചത്തില്‍ പത്രം വായിച്ചുകേള്‍പ്പിക്കുന്ന ഒരു പതിവുണ്ടായിരുന്നു. പത്രവായനക്കുശേഷം നാട്ടുവര്‍ത്തമാനങ്ങളും പിന്നെ സമകാലിക രാഷ്ട്രീയ സംഭവങ്ങളുമൊക്കെ ചര്‍ച്ചാവിഷയമാകും. കുട്ടംപേരൂര്‍കാരനായ പി.ജോസഫ് എന്ന യുവാവായിരുന്നു പടിഞ്ഞാറെ നടയിലെ നാട്ടുകൂട്ടത്തിനുവേണ്ടി പത്രം വായിച്ചുകേള്‍പ്പിച്ചിരുന്നത്. 1954 ല്‍ തുടക്കം കുറിച്ച ഇവിടുത്തെ ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങളിലും സജീവസാന്നിദ്ധ്യമായിരുന്നു ഈ യുവാവ്. 1956 ല്‍ ഇദ്ദേഹം നാടുവിട്ട് പട്ടാളത്തിലേക്കു പോയി. പട്ടാളത്തിന്റെ പീരങ്കിപ്പടയില്‍ ഒരു വ്യാഴവട്ടക്കാലം. ഈയിടയ്ക്ക് ഗ്രന്ഥശാലയുടെ പ്രവര്‍ത്തനവും മന്ദീഭവിച്ചു. പിന്നീട് 1974 ല്‍ അഡ്വ.രാമദാസ്, വി.എം.കെ.നമ്പൂതിരി, ശ്രീധരന് പിള്ള, തുണ്ടത്തില്‍ രാധാകൃഷ്ണന് തമ്പി, പൊടിയന് മാഷ്, തോമസ് വര്‍ഗീസ് തുടങ്ങിയവരുടെ യുവനേതൃത്വം ഗ്രന്ഥശാലാ പ്രവര്‍ത്തനത്തിന് പുതുജീവന്‍ നല്കി. 1976 ല്‍ പി.ജോസഫ് നാട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ കീഴില്‍ ‘ഉപാസനാ’ ഗ്രന്ഥശാലയെന്ന് നാമകരണം ചെയ്ത് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞിരുന്നു. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിത്തന്നെ മാറി ഈ ഗ്രന്ഥശാല. ലൈബ്രേറിയന്‍ എന്ന സ്ഥാനപ്പേരില്ലെങ്കിലും വര്‍ഷങ്ങളോളം പുസ്തകങ്ങളുടെ കാവല്ക്കാരനായിരുന്നു നാട്ടുകാരുടെ പ്രിയപ്പെട്ട ജോസപ്പച്ചായന്. തനിക്ക് ഔപചാരികമായി ഒരു ചുമതലയും വേണ്ടെന്ന നിലപാടിലായിരുന്നു അദ്ദേഹം. എങ്കിലും വായനശാലാ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി 1995 ല്‍ ലൈബ്രേറിയനായി ചുമതലയേറ്റു. 300 രൂപയായിരുന്നു പ്രതിമാസ അലവന്‍സ്. അതിപ്പോള്‍ 1200 രൂപയായിട്ടുണ്ട്. 2014 ല്‍ എത്തിനില്ക്കുമ്പോള് ലൈബ്രേറിയനായി ഔദ്യോഗികമായി ഇരുപതുവര്‍ഷം തികയുന്നു. ഇപ്പോള്‍ അലവന്‍സുപോലും കൃത്യമായി ലഭിക്കുന്നില്ലെങ്കിലും ജോസപ്പച്ചായന് പരിഭവമോ പരാതിയോ ഇല്ല. അക്ഷരങ്ങളോടുള്ള സ്നേഹത്തില്‍ അക്കങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് തെളിയിച്ചുകൊണ്ട് അവിവാഹിതനായ ഈ എണ്പതുകാരന് ഇന്നും കൃത്യമായി ഗ്രന്ഥശാലയിലെത്തുന്നു. വര്‍ഷങ്ങളോളം വളരെ വൈകിയും ഗ്രന്ഥശാലയിലിരുന്നശേഷം അവിടെത്തന്നെയായിരുന്നു രാത്രി ഉറക്കവും. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മൂലം പിന്നീട് രാത്രി ഉറക്കം സഹോദരീപുത്രിയുടെ വീട്ടിലേക്ക് മാറ്റി.
ഏകാന്തപഥികനായി ഒരു കര്‍മയോഗിയുടെ കൃത്യനിഷ്ഠയോടെ ഇന്നും പുസ്തക വിതരണത്തില്‍ വ്യാപൃതനാണ് ജോസപ്പച്ചായന്. വായനശാലയിലെ പ്രതിമാസ പരിപാടികള്‍ക്കും മറ്റും ചുക്കാന്‍ പിടിക്കുന്നത് അദ്ദേഹം തന്നെ. രാവിലെ ഏഴരയോടെ ഗ്രന്ഥശാലയിലെത്തിയാല്‍ രാത്രി എട്ടുമണിവരെ അവിടെയുണ്ടാകും. അല്‍പ്പസമയം മാറിനില്‍ക്കുന്നത് ഉച്ചയൂണിന് മാത്രം.
ഇന്ന് ഉപാസനാഗ്രന്ഥശാല ലൈബ്രറി കൗണ്‍സിലിന്റെ കീഴിലുള്ള എ ഗ്രേഡ് ഗ്രന്ഥശാലയാണ്. ഏഴുദിനപ്പത്രങ്ങള്‍, പന്ത്രണ്ട് ലിറ്റില്‍ മാഗസിനുകള്‍, മറ്റ് ആനുകാലികങ്ങള്‍. കുട്ടംപേരൂരെന്ന കൊച്ചുഗ്രാമത്തിന് അറിവിന്റെ തണല്‍ ഇന്നും ഈ ഗ്രന്ഥശാലതന്നെ. ഇന്റര്‍നെറ്റും ഇ മെയിലുമൊക്കെ പ്രചാരത്തിലെത്തിയിട്ടും ഇവിടെ വായനയ്ക്കും സാഹിത്യ ചര്‍ച്ചകള്‍ക്കുമൊന്നും യാതൊരു കുറവുമില്ല. മുരാരി ശംഭു സെക്രട്ടറിയും റോയി ശാമുവേല്‍ പ്രസിഡന്റുമായി ഗ്രന്ഥശാല വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്നു. ഓലക്കെട്ടിടത്തില്‍ തുടക്കമിട്ട ഗ്രന്ഥശാലയ്ക്ക് ഇരുനിലക്കെട്ടിടമായി. പന്തീരായിരത്തോളം പുസ്തകങ്ങള്‍, ആയിരത്തോടടുത്ത് അംഗസംഖ്യ, പ്രതിമാസ പരിപാടികളില്‍ നാല്‍പ്പതോളം കുട്ടികളുടെ പ്രാതിനിധ്യം. കഥാരചനയും കവിതാരചനയും സാഹിത്യചര്‍ച്ചയുമൊക്കെയായി ഗ്രന്ഥശാല സജീവം. ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങളില്‍ ആറുദശാബ്ദക്കാലത്തെ ജ്വലിക്കുന്ന ഓര്‍മകളുമായി പി.ജോസഫ് ഗ്രന്ഥശാലയുടെ കാരണവരായി ഇന്നും തുടരുന്നു. 2011 ല്‍ ചെങ്ങന്നൂര്‍ താലൂക്കിലെ ഏറ്റവും നല്ല ലൈബ്രേറിയനായി പി.ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. പി.ജോസഫിന് ഗ്രന്ഥശാലാ പ്രവര്‍ത്തനം ജീവനമാര്‍ഗ്ഗമല്ല, മറിച്ച് ജീവിതം തന്നെയാണ്.
മധുകുട്ടംപേരൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: