കൊച്ചി: ജനകീയപ്രശ്നങ്ങളില്‍ തങ്ങള്‍ മാത്രമാണ് സജീവമായി ഇടപെടുന്നതെന്ന് ഉദ്ഘോഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്ഥിതി ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും പിന്നോട്ട് പോകുന്ന അവസ്ഥയാണെന്ന് കണക്ക്. രണ്ട് പാര്‍ലമെന്റ് സീറ്റുളള ത്രിപുരയില്‍ മാത്രമാണ് ഇന്ന് ഇടതുഭരണം നിലനില്‍ക്കുന്നത്.
പാര്‍ട്ടിക്ക് ഒരു സംസ്ഥാനത്തു പോലും ഒറ്റയ്ക്ക് മത്സരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പാര്‍ട്ടിക്ക് ശക്തിയുണ്ടായിരുന്ന പഞ്ചാബ്, ആന്ധൃ, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഇന്ന് പരിപൂര്‍ണ തകര്‍ച്ചയിലാണ്. ഏതെങ്കിലും പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കാതെ നിയമസഭയിലെ ഒരു സീറ്റില്‍പ്പോലും വിജയിക്കാന്‍ കഴിയില്ല.
മുപ്പത് വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന പശ്ചിമബംഗാളില്‍ അഞ്ചുവര്‍ഷത്തിനിടെ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും ദയനീയ പരാജയമാണ് ഉണ്ടായത്. സമാന സ്ഥിതിയാണ് കേരളത്തിലും.
2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ മുപ്പത്തിനാല് സീറ്റിലും സിപിഎം 88 സീറ്റിലും മത്സരിച്ചു.പത്ത്, 43 സീറ്റുകളില്‍ യഥാക്രമം വിജയിച്ചു. അങ്ങനെ 53 സീറ്റുകള്‍ നേടി നിര്‍ണായക ശക്തിയായി . ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരരുതെന്ന താത്പര്യപ്രകാരം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെ പിന്തുണക്കുകയും അത് അഭിമാനപൂര്‍വം പറഞ്ഞു നടക്കുകയും ചെയ്തു. അതിന്റെ ക്രെഡിറ്റ് നേടിയതാകട്ടെ അന്ന് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിതും. ആ തെരഞ്ഞെടുപ്പിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെട്ടത്.
എന്നാല്‍ 2009 ലെ തെരഞ്ഞെടുപ്പില്‍ ചിത്രം മാറി. സിപിഐ 56 സീറ്റിലും സിപിഎം 82 സീറ്റിലും മത്സരിച്ചപ്പോള്‍ ആകെ വിജയിച്ചത് 20 സീറ്റ്. കഴിഞ്ഞ 15 പൊതുതെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ 2004 ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത്. അതിന് മുമ്പ് 1991 ല്‍ 49 സീറ്റും. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 1952 ലാണ് ഏറ്റവും കുറവ് സീറ്റ് നേടിയത്. 16 എണ്ണം. പിന്നീട് 2009 ല്‍ 20 സീറ്റ്. ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച (172) 1971 ല്‍ നേടിയതാകട്ടെ 48 എണ്ണം.
അടുത്തകാലത്ത് ഒരു പ്രമുഖ സാഹിത്യകാരന് ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്. ലോക്സഭയില്‍ ആകെയുള്ള സീറ്റുകളുടെ നാലിലൊന്നില്‍ പോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയുന്നില്ല. അതേസമയം, ഒന്നര വര്‍ഷം മുമ്പ് മാത്രം രൂപംകൊണ്ട ആം ആദ്മി പാര്‍ട്ടി പേരിലാണെങ്കില്‍ പോലും ഇത്തവണ മുന്നൂറിലധികം പേരെയാണ് സ്ഥാനാര്‍ത്ഥികളാക്കിയത്. അതായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നം കാണാത്ത ആയിരക്കണക്കിന് ഗ്രാമങ്ങള്‍ ഇന്നും ഇന്ത്യയില്‍ ഉണ്ടെന്ന്.
ഇത്തവണ തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ ബിജെപിക്കും കോണ്‍ഗ്രസിനും അല്ലാത്ത ഒരു പാര്‍ട്ടിക്കാണ് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥന. കേന്ദ്രം ഭരിക്കാന്‍ മൂന്നാംമുന്നണിയെന്ന അവസരവാദ മുന്നണിക്ക് രൂപംകൊടുക്കുവാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന കമ്മ്യൂണിസറ്റ് പാര്‍ട്ടികള്‍ ദല്‍ഹിയിലെ ഒരു മണ്ഡലത്തില്‍പോലും മത്സരിക്കുന്നില്ലെന്നത് വിരോധാഭാസമാണ്. അവിടെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കാനാണ് തീരുമാനം.
മേറ്റ്ല്ലാ സംസ്ഥാനങ്ങളിലും അതതിടത്തെ ജാതി മത കക്ഷികളുടെ പിന്നാലെ പോകേണ്ടിവരുന്ന ദയനീയാവസ്ഥയിലാണ് ഇരുവരും. ഈ പരിതാപകരമായ സ്ഥിതിയില്നിന്നുകൊണ്ടാണ് ബിജെപിക്കും കോണ്‍ഗ്രസിനും ബദല്‍ കെട്ടിപ്പടുക്കുമെന്ന് പ്രഖ്യാപിക്കുന്നത്. ഇരുപാര്‍ട്ടികള്‍ക്കും ദേശീയ പാര്‍ട്ടിയെന്ന പദവി നിലനിര്‍ത്തുവാന്‍ കഴിയുമോയെന്ന് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: