തിരുവനന്തപുരം: സുരാജ് വെഞ്ഞാറമൂടിന് ദേശീയ പുരസ്കാരം കിട്ടിയപ്പോള്‍ മൂന്ന് തവണ നല്ല നടനുള്ള ദേശീയ പുരസ്കാരത്തിന് അര്‍ഹനായ നടന് മമ്മൂട്ടിയുടെ പ്രതികരണം, “തള്ളേ, യെവന് പുലി തന്നെ സമ്മതിക്കണം…” . രാജമാണിക്യം എന്ന സിനിമയില്‍ പറയുന്നതിന് തിരുവനന്തപുരം ഭാഷയില്‍ മമ്മൂട്ടിക്ക് ഈ ഡയലോഗ് പഠിപ്പിച്ചത് സുരാജാണ്. ഇന്നലെ സുരാജിന് നല്ല നടനുള്ള ദേശീയപുരസ്കാരം ലഭിച്ചതറിഞ്ഞ് ഫോണില്‍ വിളിച്ച് മമ്മൂട്ടി അതേ ഡയലോഗ് പറഞ്ഞു. കുക്കു സംവിധാനം ചെയ്യുന്ന ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സുരാജിനെ തേടി മമ്മൂട്ടിയുടെ ഫോണ്‍ വിളി എത്തിയത്. മമ്മൂട്ടിയുടെ അകമഴിഞ്ഞ അഭിനന്ദനം കേട്ട് ‘തന്നെ, തന്നെ’ എന്ന് സുരാജ് മറുപടി നല്കി. “തിരുന്തോരം പയലുകളെ കണ്ട്ക്കാ…” എന്ന് ഫോണിലൂടെ പാട്ടും പാടി.
കരമന മണ്ണടി ദേവീക്ഷേത്രത്തിന് സമീപമുള്ള വീട്ടിലായിരുന്നു സുരാജിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ്. ഈ ചിത്രത്തില്‍ എഴുപതുകാരന്റെ വേഷമാണ്. തലമുടിയും മീശയും നരപ്പിച്ച് ഇളംകാവി നിറത്തിലുള്ള ജൂബ്ബയും വെള്ളമുണ്ടും കണ്ണടയും ധരിച്ച് വൃദ്ധന്റെ വേഷത്തില്‍ അഭിനയിച്ചു കൊണ്ടിരുന്ന സുരാജിനെ തേടി ദേശീയ പുരസ്കാരമെത്തിയപ്പോള്‍ ഷൂട്ടിംഗ് സെറ്റ് മുഴുവന്‍ ആഘോഷത്തിമിര്‍പ്പിലായി. അഭിനന്ദനപ്രവാഹമായിരുന്നു. അറിയുന്നവരും അറിയാത്തവരുമായി നൂറുകണക്കിനാളുകള്‍. ദേശീയ അവാര്‍ഡ് പട്ടികയില്‍ പേരുണ്ടെന്ന് ആദ്യം അറിയിച്ചത് സംവിധായകന് എം.എ.നിഷാദാണ്. അപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കൂടെ അഭിനയിച്ചു കൊണ്ടിരുന്ന നടന് റഹ്മാനും ശങ്കര്‍ രാമകൃഷ്ണനും നിര്‍മാതാവ് സുനിലുമെല്ലാം പലരെയും ബന്ധപ്പെട്ടെങ്കിലും ആര്‍ക്കും അറിയില്ലെന്നായിരുന്നു വിവരം.
വൈകുന്നേരം നാലുമണിക്കാണ് അവാര്‍ഡ് പ്രഖ്യാപനം എന്നറിഞ്ഞതോടെ ആ നേരത്ത് ഷൂട്ടിംഗ് നിര്‍ത്തിവച്ച് എല്ലാവരം ടിവിക്കു മുന്നിലായി. ചാനല്‍ ക്യാമറകളും ഷൂട്ടിംഗ് സ്ഥലത്തെത്തിയപ്പോള്‍ സുരാജിന് അമ്പരപ്പായി. അമ്പരപ്പ് പിന്നീട് സന്തോഷത്തിന് വഴിമാറിയത് സുരാജിന് ദേശീയ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞപ്പോഴാണ്. മികച്ച പരിസ്ഥിതി ചിത്രമായി പേരറിയാത്തവര്‍ തെരഞ്ഞെടുക്കപ്പെട്ടുവെന്ന് ജൂറി പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ഹിന്ദി നടന് രാജ്കുമാര് റാവുവിന്റെ പേരിനൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ പേരും മികച്ച നടന്മാരുടെ പട്ടികയില്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ഷൂട്ടിംഗ് സെറ്റ് ഇളകി മറിഞ്ഞു. സ്വന്തം പേര് ടെലിവിഷനില്‍ കേട്ടപ്പോള്‍ അറിയാതെ കയ്യടിച്ച സുരാജിന്റെ മുഖത്ത് ആഹ്ലാദം നിറഞ്ഞു. പലരും വന്ന് കെട്ടിപ്പിടിച്ചു, മുത്തം നല്കി. ചിലര്‍ മതിമറന്ന് കയ്യടിച്ചു.
“സന്തോഷം, ദൈവത്തിന് നന്ദി”-സുരാജിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. “മലയാള ഭാഷയ്ക്കും സിനിമയ്ക്കുമായി പുരസ്കാരം സമര്‍പ്പിക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി..” തുടര്‍ച്ചയായി മുഴങ്ങിയ ഫോണ്‍ വിളികള്ക്കിടയിലൊന്നായിരുന്നു മമ്മൂട്ടിയുടേത്. മമ്മൂട്ടിയുടെ ശബ്ദം കേട്ടപ്പോള്‍ മറ്റൊരു അവാര്‍ഡിന്റെ തിളക്കം സുരാജിന്റെ മുഖത്ത്. പിന്നെ ‘തിരുവന്തോരം’ ഭാഷയില്‍ കുറച്ചു നേരം. അത് സ്പീക്കര്‍ ഫോണിലൂടെ എല്ലാപേരെയും കേള്‍പ്പിച്ചു. പിന്നെ മാറി നിന്ന് കുറച്ചു സംസാരം.
ഇതിനിടെ ഷൂട്ടിംഗ് സെറ്റില്‍ മധുരം വിതരണം ചെയ്തു. എല്ലാപേരും ആഹ്ലാദത്തില്‍ പങ്കുചേര്‍ന്നു. സുരാജ് എടുത്തു തീര്‍ക്കാനുള്ള ബാക്കി സീനുകളിലേക്ക് എഴുപതു വയസ്സുള്ള വൃദ്ധനായി മാറി.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: