പാലാ: രക്തം നല്‍കൂ ജീവന് രക്ഷിക്കൂ” എന്ന മഹത്തായ സന്ദേശം ജനഹൃദയങ്ങളില്‍ എത്തിച്ചുകൊണ്ട് ബോബി ചെമ്മണ്ണൂര്‍ കാസര്‍കോട്ടുനിന്നും ആരംഭിച്ച കേരള മാരത്തോണ്‍ ഇന്ന് പാലായില്‍ എത്തിച്ചേരും. രാവിലെ കൂത്താട്ടുകുളത്തുനിന്നും ആരംഭിക്കുന്ന മാരത്തോണിനെ ജില്ലാ അതിര്‍ത്തിയായ മംഗലത്താഴെനിന്നും പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. രാമപുരത്ത് ഉച്ചക്ക് എത്തുന്ന മാരത്തോണ്‍ വിശ്രമത്തിനുശേഷം വൈകുന്നേരം 4 മണിക്ക് പാലായിലേയ്ക്ക് പ്രയാണം ആരംഭിക്കും. രാമപുരത്തുനിന്നും നൂറുകണക്കിന് ടൂവീലറുകളുടെ അകമ്പടിയോടെ പാലായില്‍ എത്തിച്ചേരുമ്പോള്‍ പാലായില്‍ വമ്പിച്ച വരവേല്പ് നല്‍കും. വൈകുന്നേരം 6 മണിയ്ക്ക് എത്തുന്ന മാരത്തോണിനെ പാലാ സിവില്‍ സ്റ്റേഷനു സമീപം സ്വീകരിച്ച് ബൈപ്പാസ് വഴി ളാലം ജംഗ്ഷനില്‍ എത്തി കുരിശുപള്ളിയില്‍ സ്വീകരണം നല്‍കും. പാലാ ബ്ലഡ് ഫോറം കണ്‍വീനര്‍ ഷിബു തെക്കേമറ്റത്തിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സ്വീകരണ സമ്മേളനം ധനകാര്യമന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. പാലാ മുനിസിപ്പല്‍ ചെയര്മാന് കുര്യാക്കോസ് പടവന് മുഖ്യപ്രഭാഷണം നടത്തും. പാലാ ബ്ലഡ്ഫോറം ചെയര്‍മാനും പാലാ ഡി.വൈ.എസ്.പി.യുമായ ബിജു കെ. സ്റ്റീഫന്‍, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ സാബു എബ്രാഹം, ജോജോ കുടക്കച്ചിറ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിക്കും. പാലാ സി.ഐ. ക്രിസ്പില്‍ സാം, പ്രൊഫ. പി.ഡി. ജോര്‍ജ്ജ്, സുനില്‍ തോമസ്, കെ.ആര്.ബാബു, സജി തോമസ്, പാലാ എസ്.ഐ. കെ.പി. തോംസണ്‍, ഫാ. ജോസ് ആലഞ്ചേരി, എസ്.ഐ. വി.കെ. സുരേഷ്കുമാര്‍, കെ.സി. തങ്കച്ചന്, കെ.വി. ഷാജിമോന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബൈജു കൊല്ലംപറമ്പില്‍ എന്നിവര്‍ സ്വീകരണത്തിനു നേതൃത്വം നല്‍കും.
നാളെ രാവിലെ 8.30ന് മാരത്തോണ്‍ കോട്ടയത്തേയ്ക്ക് പ്രയാണം ആരംഭിക്കും. മാരത്തോണിന് സ്വീകരണം നല്കാന് താല്പര്യമുള്ള സംഘടനകള്‍ക്ക് 9447043388 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: