സിലിഗുരി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയുടെ രൂക്ഷവിമര്‍ശനം.
മമതയുടേത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണത്തിന് കീഴില്‍ ബംഗാളില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും മോദി പറഞ്ഞു. ബംഗാളില്‍ മമതയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മാറ്റം ഉണ്ടാവുമെന്നാണ് കരുതിയത്. എന്നാല്‍ രണ്ടു വര്‍ഷമായി ഒരു മാറ്റവും സംഭവിച്ചില്ല. തന്നെ വിമര്‍ശിച്ചില്ലെങ്കില്‍ മമതാ ബാനര്‍ജിക്ക് ഉറക്കം വരില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ബംഗാളിലെ ശാരദ ചിട്ടിഫണ്ട് തട്ടിപ്പിന്റെ പേരിലും മമതയെ മോദി വിമര്‍ശിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചില നേതാക്കള്‍ ഉള്‍പ്പെട്ട തട്ടിപ്പുകാര്‍ക്കെതിരെ എന്തു നടപടിയാണ് മമത സ്വീകരിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
കുറ്റക്കാരെ ശിക്ഷിക്കണമെന്നും മോദി ആവശ്യപ്പെട്ടു. തന്നെ എത്രത്തോളം ചെളി വാരിയെറിയുന്നുവോ അത്രയും താമര വിരിയുമെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: