329 – രുക്മീവീര്യഹന്താ – രുക്മിയുടെ വീര്യം നശിപ്പിച്ചവന്. താന്‍ ശിശുപാലനുകൊടുക്കാനേറ്റ രുക്മിണിയെ ശ്രീകൃഷ്ണന് അപഹരിച്ചത് രുക്മിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. കൃഷ്ണനെ വധിച്ച് രുക്മിണിയെ വീണ്ടെടുക്കാതെ കുണ്ഡിതം കടക്കുകയില്ലെന്ന് രുക്മി ശപഥം ചെയ്തു. കൃഷ്ണനും രുക്മിയുമായുണ്ടായ യുദ്ധത്തില്‍ രുക്മി തോറ്റു. രുക്മിണിയുടെ അഭ്യര്‍ഥന മാനിച്ച് ഭഗവാന് രുക്മിയെ കൊല്ലാതെ വിട്ടു. (രുക്മിണീസ്വയംവരം നാരായണീയം 78, 79 ദശകങ്ങളില്‍ വായിക്കാം.)
330 – അപരാജിതഃ – പരാജയപ്പെടുത്താനാകാത്തവന്‍. സര്‍വശക്തനായ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണനെ തോല്‍പ്പിക്കാന്‍ രുക്മിക്കോ മറ്റേതെങ്കിലും ശത്രുവിനോ കഴിഞ്ഞിട്ടില്ല. ആരാലും തോല്പിക്കപ്പെടാതെ നിരന്തരമായി വിജയിച്ച അത്ഭുതചരിത്രമാണ് ശ്രീകൃഷ്ണന്റേത്.
ശ്ലോകം 78 :
സംഗൃഹീതസ്യമന്തകോ ധൃതജാംബവതീകരഃ
സത്യഭാമാപതിശ്ചൈവ ശതധന്വാനിഷൂദകഃ
331. സംഗൃഹീതസ്യമന്തകഃ (ജാംബവാനില്നിന്ന്) സ്യമന്തകരത്നം സ്വീകരിച്ചവന്.
സത്രാജിത് എന്ന യാദവശ്രേഷ്ഠന്‍.
സത്രാജിത് എന്ന യാദവശ്രേഷ്ഠന്‍ സൂര്യദേവനെ തപസ്സുകൊണ്ട് പ്രീതിപ്പെടുത്തി സ്യമന്തകം എന്ന ദിവ്യരത്നം നേടി. ആ ദിവ്യരത്നം ദിവസം തോറും എട്ടുഭാരം സ്വര്‍ണം ഉണ്ടാക്കും. അതുള്ളിടത്ത് രോഗം തുടങ്ങിയ ബാധകള്‍ ഉണ്ടാകുകയില്ല. ഇങ്ങനെയുള്ള രത്നം വ്യക്തികളുടെ കൈയിലിരിക്കുന്നത് അപകടമാണെന്നുകണ്ട് ശ്രീകൃഷ്ണന് രാജാവിനുവേണ്ടി അത് ചോദിച്ചു. അല്പബുദ്ധിയായ സത്രാജിത്ത് രത്നം കൊടുത്തില്ല. സത്രാജിത്തിന്റെ അനുജനായ പ്രസേനന്‍ ആ രത്നം കഴുത്തിലണിഞ്ഞുകൊണ്ട് നായാട്ടിന് പോയി. ഒരു സിംഹം രത്നദീപ്തികണ്ട് മാംസമാണെന്ന് കരുതി പ്രസേനനെ കൊന്ന് രത്നം കടിച്ചെടുത്തുകൊണ്ടുപോയി.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: