ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കു മുന്നിലെ ഇന്ത്യന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ യുവരാജ് സിംഗിന്റെ രക്തത്തിനായി ആരാധകര്‍ മുറവിളി കൂട്ടിത്തുടങ്ങിയിരിക്കുന്നു. ഒച്ചിഴയുന്ന വേഗത്തില്‍ ബാറ്റ് ചെയ്ത യുവി ടീമിന്റെ ലോക കിരീട സ്വപ്നത്തിന്റ കടയ്ക്കല്‍ കത്തിവെച്ചന്നാണ് ആരോപണം. ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ നേടിത്തരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച യുവിയുടെ പഴയവീരഗാഥകള്‍ മറന്നാണ് ആരാധകരുടെ പ്രതികാര ബുദ്ധിയോടെയുള്ള പ്രതികരണം. 2007ലെ ആദ്യ ട്വന്റി ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ യുവിയെ സൂപ്പര്‍താരമായി ഇതേ ആരാധകര്‍ വാഴ്ത്തി. 2011ലെ ഏകദിന ലോകകപ്പിലെ മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് പട്ടവും യുവിക്കായിരുന്നു. അതുമാത്രമല്ല, മറ്റു പല നിര്‍ണായക സന്ദര്‍ഭങ്ങളിലും ഉജ്ജ്വലമായ ബാറ്റിംഗിലൂടെ കളി ജയിപ്പിച്ച താരംകൂടിയാണ് യുവി. ബാറ്റുകൊണ്ടുമാത്രമല്ല പന്തിനാലും യുവി മായാജാലങ്ങള്‍ കാട്ടിയിട്ടുണ്ട്.
എന്നാല്‍ ഇന്ന അതല്ല സ്ഥിതി. യുവരാജ് ടീമില്‍ നിന്ന് പുറത്തായിക്കാണാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിക്കുന്നത്. അതിനായി മനസ്സറിഞ്ഞു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു അവര്‍. അതിന് ഒരേയൊരു കാരണം ഫൈനലിലെ നിരുത്തരവാദപരമായ ബാറ്റിംഗും. യുവിയുടെ വിമര്‍ശകര്‍ ഒരു കാര്യം ഓര്‍ക്കണം, എന്നും എല്ലാവര്ക്കും ഒരേ ഫോമില്‍ കളിക്കാന്‍ കഴിയില്ല. ഏതുസമയത്ത് ക്രീസിലെത്തിയാലും ആദ്യപന്തു മുതല്‍ തകര്‍ത്തടിക്കാന്‍ എല്ലാ കളിക്കാര്‍ക്കും സാധ്യമായെന്നും വരില്ല. നിലയുറപ്പിച്ചശേഷമായിരിക്കും ഇവരുടെ ബാറ്റില്‍ നിന്ന് സിക്സറുകളും ബൗണ്ടറികളും പ്രവഹിക്കുക. അല്ലെങ്കില്‍ സെവാഗിനെപ്പോലെയോ സുരേഷ് റെയ്നയെപ്പോലുള്ള ഹിറ്റര്‍മാരായിരിക്കണം. നിലയുറപ്പിച്ചശേഷം അടിച്ചുകളിക്കുന്നതാണ് യുവരാജിന്റെശൈലി.
ലങ്കയ്ക്കെതിരായ ഫൈനലില്‍ 16 ഓവറില്‍ 111 റണ്‍സെടുത്ത ഇന്ത്യ പിന്നത്തെ നാല് ഓവറില്‍ നേടിയത് 19 റണ്‍സ് മാത്രം. ഇതിന്റെ മുഖ്യ കാരണക്കാരനാകട്ടെ യുവരാജും. ഇതുവരെ ഇന്ത്യയുടെ ഹീറോയായിരുന്ന യുവി ഒറ്റ മത്സരം കൊണ്ട് ആരാധകര്‍ക്ക് മുന്നില്‍ വില്ലനായി. കോഹ്ലി ആഞ്ഞടിച്ച് റണ്‍ നിരക്ക് കൂട്ടുമ്പോള്‍ സിംഗിളെടുത്ത് സ്ട്രൈക്ക് കൈമാറുന്നതിനുപോലും യുവിക്ക് കഴിഞ്ഞില്ല.
ഒരുവേള കോഹ്ലി പോലും യുവിയുടെ പ്രകടനത്തില്‍ അസ്വസ്ഥനായിരുന്നു. ഒടുവില്‍ കുലശേഖരയുടെ നിരുപദ്രവകാരിയായ ഫുള്‍ടോസില്‍ തിസാര പെരേരയുടെ കൈകളില്‍ യുവിയുടെ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ലങ്കയെക്കാള്‍ ആശ്വാസംകൊണ്ടത് ഇന്ത്യയായിരുന്നു. 2007ലെ ട്വന്റി20 ലോകകപ്പില്‍ സ്റ്റ്യുവര്‍ട്ട് ബ്രോഡിന്റെ ഒരു ഓവറിലെ ആറു പന്തുകളും ഗ്യാലറിയിലേക്ക് പറത്തിയ യുവിയുടെ നിഴല്‍പോലുമല്ലായിരുന്നു ലങ്കയ്ക്കെതിരെ ദര്‍ശിച്ചത്.
സെമിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും യുവിയുടെ ബാറ്റിംഗ് ഇന്ത്യയെ തോല്‍പ്പിക്കേണ്ടതായിരുന്നു. എന്നാല്‍ യുവി പുറത്തായശേഷമെത്തിയ റെയ്നയുടെ കടന്നാക്രമണം അത്തവണ ഇന്ത്യയെ രക്ഷിച്ചു. പക്ഷേ, പാഠം പഠിക്കാഞ്ഞ ധോണി ഇത്തവണയും യുവിയെ നാലാമനായി ബാറ്റിംഗിനയച്ചു. വിജയങ്ങളുടെ നായകന് അപൂര്‍വ്വമായി പറ്റുന്ന തന്ത്രപരമായ പിഴവുകളിലൊന്നായി അതു വിലയിരുത്തപ്പെടുന്നു. ഒറ്റയ്ക്ക് മത്സരം ജയിക്കാന്‍ കഴിവുള്ള യുവിയുടെ മുന്‍കാല പ്രകടനത്തില്‍ വിശ്വാസമര്‍പ്പിച്ചായിരുന്നു ധോണി അത്തരമൊരു തീരുമാനം എടുത്തത്. കാന്‍സര്‍ ചികിത്സയ്ക്കുശേഷം ഏകദിന, ടെസ്റ്റ് ടീമുകളില്‍ നിന്ന് പുറത്താക്കപ്പെട്ട യുവിയുടെ ക്രിക്കറ്റ് ഭാവിയെ ഇരുളിലാക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.
സ്പോര്‍ട്സ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: