ഹൊ, എന്താ പറയുക. കണ്ണേ, കരളേ വിഎസ്സേ എന്നു പറയുമ്പോള്‍ വാസ്തവത്തില്‍ കുളിരുകോരുന്നു. ഈ മീനച്ചൂടില്‍ ആ കുളിര് ശരീരത്തെ ആകെ പൊതിയുകയാണ്. എവിടെയായിരുന്നു ഈ കരള്‍ ഇത് വരെ. പൊടുന്നനെയുണ്ടായ ഈ വികാരത്തള്ളിച്ചയാല്‍ എന്ത് ചെയ്യേണ്ടൂ എന്നറിയാതെ അണികളും താളത്തില്‍ മേളത്തില്‍ തുള്ളിച്ചാടുകയാണ്; കൈകൊട്ടിപ്പാടുകയാണ്, കണ്ണേ കരളേ വിഎസ്സേ.
ഒഞ്ചിയത്തെ ധീരസഖാവ് 51 വെട്ടുകളുടെ സമൃദ്ധിയില്‍ കാല യവനികയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ അന്നംതിന്നുന്ന എല്ലാ ലവന്മാരും കരുതിയത് ചെമ്പടയുടെ താണ്ഡവം മൂലമാണ്അത് നടന്നതെന്നാണ്. അന്ന് കണ്ണും കരളുമായി നിന്നയാള്‍ ശക്തമായ ഭാഷയില്‍ തന്നെ അതു പറഞ്ഞുവെച്ചു. അതിന്റെ തുടര്‍ച്ചയും ഇടര്‍ച്ചയുമായി ഒട്ടനവധിപേര്‍. ചെമ്പടയുടെ ക്രൗര്യത്തെ നേരെ ചൊവ്വെ അറിയുന്നയാള്‍ തന്നെ ഒഞ്ചിയം കാപാലികത തുറന്നു കാട്ടിയപ്പോള്‍ മനസ്സാക്ഷിയുള്ള ഒരാളെങ്കിലും അതിലുണ്ടെന്ന് കരുതി. അതൊരു ശക്തിയായിരുന്നു. നെറികേടിനെതിരെ, നീതികേടിനെതിരെ, ക്രൂരതക്കെതിരെ ശക്തമായ ഒരു വിരല്‍ചൂണ്ടല്‍.
എന്നാല്‍ ആലുവാപ്പുഴയില്‍ വെള്ളം കുറവാണെങ്കിലും കുറേയേറെ ഒഴുകിപ്പോയി. ഒടുവില്‍ അടിത്തട്ട് ഏതാണ്ട് കാണാവുന്ന പരുവവുമായി. അപ്പോള്‍ അന്നം തിന്നുന്നവര്‍ക്ക് എന്തൊക്കെയോ വെളിപാടുകളുണ്ടായി. പാര്‍ട്ടികോടതി കണ്ടെത്തിയതും ശരി, ശിക്ഷകൊടുത്തതും ശരി. അത്രയൊക്കെയേ ഒരു ധീരസഖാവ് അര്‍ഹിക്കുന്നുള്ളൂ. മരിച്ചവന് മരിച്ചു, ഇനി മരിക്കാനിരിക്കുന്നവരുടെ കാര്യം നോക്കാം. എല്ലാ ശരികള്ക്കുമുകളിലും ഒരു പാര്‍ട്ടി ശരിയുണ്ട്. ആ ശരിയെ നെഞ്ചേറ്റുമ്പോഴാണ് യഥാര്‍ത്ഥ സഖാവ് ആവുന്നത്. ധീരസഖാവും യഥാര്ത്ഥസഖാവും തമ്മില്‍ ഒട്ടേറെ സാജാത്യ വൈജാത്യങ്ങളുണ്ട്. പാര്‍ട്ടി ഭരണഘടന ഒരു തവണയെങ്കിലും വായിച്ചിട്ടുള്ളവര്‍ക്ക് ഇത് എളുപ്പം മനസ്സിലാവും. അല്ലാത്തവര്‍ മാസങ്ങളോളം തലപുകച്ചാലും കാര്യങ്ങളുടെ ഹിക്മത്ത് പിടികിട്ടില്ല.
അത് പിടികിട്ടിയവരോടാണ് ഇനി പറയാനുള്ളത്: പാര്‍ട്ടി നയത്തില്‍ നിന്ന് പിന്മാറിയവരെ ഒരിക്കലും ആക്രമിക്കുന്ന പാര്‍ട്ടിയല്ല ഇത്. അഥവാ അങ്ങനെ സംഭവിച്ചുവെന്നു കരുതുക. അഖിലേന്ത്യാതലത്തിലുള്ള നേതൃനിര അന്വേഷിക്കും, നടപടിയെടുക്കും. ഒഞ്ചിയത്തെ കാര്യവും അങ്ങനെ തന്നെ. എല്ലാം ക്രിസ്റ്റല്‍ ക്ലിയറായ സംഗതികള്‍. എത്ര സുതാര്യമാണ് നടപടികള്‍. ലോകത്ത് ഏതെങ്കിലും പാര്‍ട്ടിക്ക് സാധിക്കുന്ന കാര്യമാണോ ഇത്. നേരത്തെ അന്നം തിന്നുന്ന സമയത്ത് അത് അത്രയ്ക്കങ്ങട് വന്നില്ല എന്നു കൂട്ടിക്കോളൂ. ഇപ്പോ ഏതാണ്ടെല്ലാം കലങ്ങിത്തെളിഞ്ഞു. ആയതിനാല്‍ ഈ ചെങ്കൊടി എന്നും പ്രിയപ്പെട്ടത് തന്നെ. ഒന്നുമില്ലെങ്കിലും അവസാനയാത്രയ്ക്ക് ഇതിന്റെ കൂട്ടില്ലാത്ത അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. ഇതെന്താ നേരത്തെ തോന്നാഞ്ഞത് ദാസാ എന്നാണോ ചോദിക്കുന്നത്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് വിജയാ എന്നേ മറുപടി പറയാനാവൂ.
ഇതിനെക്കുറിച്ച് ഇനിയാര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കൂ കേന്ദ്ര പോലീസിനോട്. അന്നം അങ്ങനെ എപ്പോഴും തിന്നാത്തവരായതുകൊണ്ട് കാര്യങ്ങള്‍ക്ക് ഒരു വെളിവും വെള്ളിയാഴ്ചയും ഉണ്ടാവും. ച്ചാല്‍ ഒരു കൃത്യത. അവര്‍ പറയുന്നു: ഒഞ്ചിയം കേസില്‍ എല്ലാ അന്വേഷണവും കഴിഞ്ഞു, പ്രതികള്‍ക്ക് ശിക്ഷയും കിട്ടി. ഇനി അന്വേഷണത്തിന് എന്ത് പ്രസക്തി. നേരറിയാനാണല്ലോ കേന്ദ്ര പോലീസ്. ആ നേരൊക്കെ നേരത്തെ അറിഞ്ഞ സ്ഥിതിക്ക് ഇനി എന്ത്. നേര് നേരത്തെ അറിയിക്കുന്ന പാര്‍ട്ടിയും നടത്തി അന്വേഷണം. അതിനാല്‍ എല്ലാം ഡബിള്‍ ഓ.കെ. ഇതിന്റെ പൊരുളറിയുന്ന രമയും അഭിനന്ദും പത്മിനിയമ്മയും ഓര്‍മകളുടെ നിലാവത്ത് ടിപിയുടെ സാന്നിധ്യം അനുഭവിക്കും; ഒരുപാട് ഒഞ്ചിയത്തുകാരും. കാര്യങ്ങള്‍ എങ്ങനെ ഒരു കൗതുകക്കാഴ്ചയായി മാറുന്നു എന്നറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് കേരളകൗമുദിയിലെ (ഏപ്രില്‍ 02) കാര്‍ട്ടൂണ്‍ കാണാം. വരകള്ക്കുള്ളിലൂടെ എന്തൊക്കെയാണ് നിങ്ങള്‍ക്ക് കാണാനാവുന്നത് എന്ന് നോക്കുക. മരിച്ചവര്‍ പോകട്ടെ, നമുക്കിനി മരിക്കാനുള്ളവരെക്കുറിച്ച് നോക്കാം എന്നായിരിക്കുന്നു രീതികള്‍. ന്യൂ ജനറേഷന് തലമുറയ്ക്കൊപ്പം ഓള്‍ഡ് ജനറേഷന് കൂടിച്ചേര്‍ന്നാല്‍ ഇങ്ങനെയൊക്കെയായിരിക്കുമോ തമ്പുരാനേ.
ജുഡീഷ്യറിയെ എന്നും മുള്‍മുനയില്‍ നിര്‍ത്തുന്ന പാരമ്പര്യം ചെമ്പടക്കാര്ക്കു മാത്രമേ ഉള്ളൂവെന്നായിരുന്നു ധാരണ. ജഡ്ജിക്കെതിരെ മുദ്രാവാക്യം വിളിക്കുക, മതിലില്‍ എഴുതുക, പ്രതീകാത്മകമായി നാടുകടത്തുക, നാട്ടുവിചാരണ നടത്തുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കലാപരിപാടികള്‍ മൊത്തമായും ചില്ലറയായും വില്‍പ്പന നടത്തുന്നവരാണവര്‍. എന്നാല്‍ നമ്മുടെ കറപുരളാത്ത അന്തോണിച്ചന്റെ കക്ഷികളും ആ വഴിക്ക് നടക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഹൈക്കോടതി ജഡ്ജിയുടെ ചില നിരീക്ഷണങ്ങള്‍ നെഞ്ചത്ത് പന്തം കത്തുന്ന പ്രതീതിയുണ്ടാക്കിയപ്പോള് സ്ഥിരം അങ്കക്കോഴികളും മന്ത്രിതല അങ്കക്കോഴികളും മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ രംഗത്തെത്തിയത് കണ്ട് അന്തംവിട്ട് നില്‍ക്കുകയാണ് ജനം. പച്ചവെള്ളം ചവച്ചരച്ച് കഴിക്കുന്ന അറയ്ക്കപ്പറമ്പിലെ ഏമാന് മോദിക്കെതിരെ ഓരിയിട്ടു തുടങ്ങിയപ്പോഴേ ചിലതു പ്രതീക്ഷിച്ചതാണ്. ഇന്ത്യന്‍ പട്ടാളക്കാരെ കൊലപ്പെടുത്തിയത് പാക് പട്ടാളക്കാരുടെ വേഷത്തില്‍ തീവ്രവാദികളാണെന്ന് കണ്ടെത്തിയ വിദ്വാനാണല്ലോ. എന്നും ശത്രുപക്ഷത്തേക്കുള്ള ആ ചായ്വിനെ നമുക്ക് ഏതു പേരിട്ട് വിളിക്കാം എന്നറിയില്ല. ഒന്നറിയാം: സത്യം പുറത്തുവരുമ്പോള്‍ ഏത് അറയ്ക്കപ്പറമ്പിലിനും പൊള്ളും. മൈക്കും പത്രക്കാരും മുന്നിലുണ്ടെങ്കില്‍ ഏതുതരം നടനവും ഉണ്ടാവും. കോടതിയെ അങ്ങേയറ്റം സംരക്ഷിച്ചു നിര്‍ത്തുന്നവര്‍ തന്നെ പുറംകാലുകൊണ്ട് തൊഴിക്കാനിറങ്ങുമ്പോള് അവര്‍ക്കും അന്തോണിച്ചന്മാരുടെ സംരക്ഷണം. ഒരു മാറ്റം ആരാണ് ആഗ്രഹിച്ചു പോകാത്തത് അല്ലേ? ഇപ്പോള്‍ കോടതിയെ സംരക്ഷിക്കാന്‍ ദൃഢപ്രതിജ്ഞയെടുത്തിരിക്കുന്നത് നമ്മുടെ ചെമ്പടയാണ്. ആയതിനാല്‍ നമുക്ക് സകലര്‍ക്കും മംഗളങ്ങള്‍ നേരുക.
ഇനി നേര് നേരത്തെ അറിയിക്കുന്ന പത്രത്തിന്റെ വക്കാലത്താണ്. ഇന്ത്യയിലെ ഏറ്റവും കഴിവുറ്റ അന്വേഷണ ഏജന്‍സിക്ക് വസ്തുതകള്‍ മാത്രം മാലോകരെ അറിയിച്ച് പരിചയമുള്ള പത്രത്തിന്റെ ശക്തമായ വക്കാലത്ത്. ഏപ്രില്‍ മൂന്നിന്റെ അവരുടെ മുഖപ്രസംഗത്തില്‍ നിന്ന്: കേസ് അന്വേഷിക്കില്ലെന്നു പറയാന്‍ സിബിഐക്ക് എല്ലാ അധികാരവുമുണ്ട്. ആര് പറയുന്ന ഏത് അന്വേഷണവും നടത്താന്‍ ബാധ്യസ്ഥരൊന്നുമല്ല സിബിഐ. പ്രാഥമികമായി പഠിച്ച് തീരുമാനമെടുക്കാനുള്ള അവകാശം സിബിഐക്കുണ്ട്. ആയതിനാല്‍ സിബിഐയോട് ഏറ്റുമുട്ടാന്‍ ആരെങ്കിലും തുനിഞ്ഞിറങ്ങുന്നുണ്ടെങ്കില്‍ ഒന്ന് ശ്രദ്ധിച്ചോളണേ. അതേ മുഖപ്രസംഗത്തില്‍ നടപ്പു കേന്ദ്രഭരണം ഇനിയുണ്ടാവില്ലെന്നും സൂചിപ്പിക്കുന്നുണ്ട്. അതിപ്രകാരം: കൂട്ടിലടച്ച തത്ത എന്ന് സുപ്രീംകോടതി തന്നെ വിശേഷിപ്പിച്ച സിബിഐയെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കലിനായി ദുരുപയോഗിക്കുകയാണ് കോണ്‍ഗ്രസ്. ഇത് അനുവദിച്ചുകൊടുത്തുകൂടാ. യഥാര്‍ത്ഥത്തില്‍ അന്വേഷണം വേണ്ടത് സിബിഐയെ കോണ്‍ഗ്രസ് രാഷ്ട്രീയമായി ദുരുപയോഗിച്ചതിന്റെ പരമ്പരകളെക്കുറിച്ചാണ്. പൊതു തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകുന്ന സര്‍ക്കാര്‍ ആ ദുരുപയോഗം അന്വേഷിക്കട്ടെ. ആ ആവശ്യം നടക്കുമെന്നു തന്നെ വിശ്വസിക്കുക. പുറത്ത് മേറ്റ്ന്ത് പറഞ്ഞാലും ഉള്ളില്‍ സര്‍ക്കാര്‍ മാറണം എന്നു കരുതുന്നവര്‍ അനവധിയുണ്ടെന്ന് മനസ്സിലായല്ലോ.
ജനാധിപത്യോത്സവം ആയതിനാലാവാം എല്ലാവരും പ്രസിദ്ധീകരണങ്ങളൊക്കെ ആനയും അമ്പാരിയും മുത്തുക്കുടയും വെടിക്കെട്ടുമായാണ് രംഗത്ത് സജീവമായിരിക്കുന്നത്. മലയാളം (ഏപ്രില്‍ 04) വാരികയുടെ കവറില്‍ ആരാ നിങ്ങടെ നേതാവ് എന്താ നിങ്ങടെ പരിപാടി എന്ന അക്ഷരങ്ങളും കോളാമ്പി മൈക്കും കാണാം. ഒട്ടേറെ പേരുടെ അക്ഷരക്കസര്ത്തുകള് അന്യത്ര. തൊട്ടുപിന്നില്‍ ഒരു വെടിപ്പുരയുമായി മാധ്യമം. കവറില്‍ ഇങ്ങനെ കാണാം: അതുകൊണ്ട് ഇന്ത്യന്‍ ജനത ഇവര്‍ക്കൊക്കെ വോട്ടു ചെയ്യും; ഇവരെയൊക്കെ ജയിപ്പിക്കും. സുബോധ് സര്‍ക്കാര്‍, ഡോ. ടി.ടി. ശ്രീകുമാര്‍, പി. കെ. ശിവദാസ്, സി.ആര്. നീലകണ്ഠന്, രാമചന്ദ്രന്, ബിനിത തമ്പി, വി.കെ. ആദര്‍ശ് ഇത്യാദി മഹാരഥന്മാരുടെ രചനകള്‍. കരിക്കേച്ചര്‍ എന്നു വേണമെങ്കില്‍ പറയാവുന്ന ഒരു അപഹാസ്യചിത്രവും മോഡി എങ്ങനെ വരും എന്ന ചോദ്യവുമാണ് കലാകൗമുദി വഹ. ലോകചരിത്രകാരന്‍ എന്നഭിമാനിക്കുന്ന ഇടത് അങ്കക്കോഴി ഡോ. കെ.എന്‍. പണിക്കരുടെ മറുതാപിടുത്ത രചനയും ഇതിലുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ. വേണുവിന്റെ നിഷേധ വോട്ട് രചനയാണുള്ളത്. ഇതു മുഴുവന്‍ വായിച്ചാല്‍ ഇപ്പറഞ്ഞ വിദ്വാന്മാര്ക്കാര്ക്കും ജനാധിപത്യം എന്താണെന്ന് ഇനിയും മനസ്സിലായിട്ടില്ലെന്ന് വ്യക്തമായി അറിയാനാവും എന്ന ഗുണമുണ്ട്. മോദി വിരോധം കരഞ്ഞു തീര്‍ക്കുന്നവര്‍, അടിച്ചു തീര്‍ക്കുന്നവര്‍, എഴുതിത്തീര്‍ക്കുന്നവര്‍…. എത്രയെത്ര തരക്കാര്‍.
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: