ന്യൂദല്‍ഹി: അതിര്‍ത്തി മേഖലകളിലെ നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ചതായി ബിജെപി കുറ്റപത്രത്തില്‍ പറയുന്നു. പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ പൂര്‍ണ്ണ പരാജയമാണ്. 2022ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ 503 റോഡുകളില്‍ 17 എണ്ണം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. 2006ല്‍ പൂര്‍ത്തിയാക്കേണ്ട 3505 കിലോമീറ്റര്‍ അതിര്‍ത്തി റോഡുകളില്‍ 527 കിലോമീറ്റര്‍ മാത്രമാണ് ഇതുവരെ നിര്‍മ്മാണം നടത്തിയത്.
അതിര്‍ത്തി കടന്നെത്തിയ പാക് സൈനികര്‍ ഇന്ത്യന്‍ ഭടന്മാരുടെ തല വെട്ടിക്കൊണ്ടുപോയപ്പോള്‍ അതു ചെയ്തത് ഭീകരരാണെന്ന് പറഞ്ഞ എ.കെ ആന്റണിയുടെ നിലപാട് രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായിരുന്നു. 2 വര്‍ഷം 500 അതിര്‍ത്തി ലംഘനങ്ങള്‍ ചൈനയുടെ ഭാഗത്തു നിന്നുണ്ടായി.
നഗരങ്ങളിലെ കുറ്റകൃത്യ നിരക്ക് വര്‍ദ്ധിച്ചു, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി. പോലീസ് നവീകരണം മന്ദഗതിയിലായി. 72 ലക്ഷം ക്രിമിനല്‍ കേസുകള്‍ രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്നു. കോടതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. ജമ്മുകാശ്മീരിലെ സംഘര്‍ഷങ്ങള്‍ ദിവസംതോറും വര്‍ദ്ധിച്ചുവരുന്നു.
വിഘടനവാദി നേതാക്കള്‍ക്ക് പാക്കിസ്ഥാനിലേക്ക് യാത്രാനുമതി നല്കിയതും സര്‍ക്കാരിന്റെ നയപരാജയം വ്യക്തമാക്കുന്നു.
2004 ഒക്ടോബറില്‍ ഇടതുപക്ഷ ഭീകരവാദമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചെങ്കിലും പത്തുവര്‍ഷം കഴിയുമ്പോള്‍ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും മാവോയിസ്റ്റ് ശക്തികള്‍ വ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ 170 ജില്ലകള്‍ മാവോയിസ്റ്റ് സ്വാധീനത്തില്‍ പെട്ടിരിക്കുന്നു. ലഷ്കരെ തോയ്ബയും ഇന്ത്യന്‍ മുജാഹിദ്ദീനും നടത്തിയ സ്ഫോടനങ്ങളില്‍ ആയിരത്തോളം പേര് കൊല്ലപ്പെട്ടു. ഗുജറാത്ത് ഭീകരവാദ വിരുദ്ധ ബില്ലിന് അനുമതി നല്‍കാതിരുന്നതും പോട്ട പിന്‍വലിച്ചതും ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: