ആലുവ: ഗുണനിലവാരമില്ലാത്ത ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ആലുവയിലെ ബാറുകളെല്ലാം അടച്ചു. ഇതേത്തുടര്‍ന്ന് ആലുവയിലെ ബീവറേജ് ഷോപ്പിന് മുന്നില്‍ നീണ്ടനിര അനുഭവപ്പെട്ടുതുടങ്ങി. ഇന്നലെ പുലര്‍ച്ചെ മുതല്‍തന്നെ ബീവറേജിന് മുന്നില്‍ നീണ്ടനിര തുടങ്ങിയിരുന്നു. മദ്യം വാങ്ങി നല്‍കുന്നവര്‍ക്ക് കുപ്പി ഒന്നിന് 30 രൂപവരെയാണ് ഇപ്പോള്‍ കമ്മീഷനായി നല്‍കുന്നത്. അന്യസംസ്ഥാനക്കാരെ ഉപയോഗപ്പെടുത്തി ചിലര്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിനം വന്‍തുകയാണ് സമ്പാദിക്കുന്നത്.
ബീവറേജിന് മുന്നില്‍ ലോട്ടറി വില്‍പ്പന നടത്തിവന്നിരുന്ന ഒരാള്‍ ഇപ്പോള്‍ ലോട്ടറി വില്‍പ്പന തല്ക്കാലം നിര്‍ത്തി മദ്യം വാങ്ങി നല്കുന്ന ഏര്‍പ്പാട് തുടങ്ങിയിരിക്കുകയാണ്. ആലുവയില്‍ 11 ബാറുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഗുണനിലവാരമില്ലാത്തതിന്റെ പേരില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് ശേഷം ഇവക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. പലരും ഇപ്പോള്‍ മദ്യപിക്കുന്നതിന് കാലടിയിലും അങ്കമാലിയിലും പോകേണ്ട അവസ്ഥയിലാണ്. അങ്കമാലിയില്‍ 10 ബാറുകള്‍ക്കും കാലടിയില്‍ 5 ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ സ്റ്റാര്‍ ഹോട്ടലുകളായതിനാല്‍ സാധാരണക്കാരന് ഇവിടെ കൂടുതലായി കയറുവാന്‍ പരിമിതികളുണ്ട്. ആലുവ മേഖലയില്‍ ആലുവക്ക് പുറമെ അത്താണി, അങ്കമാലി, കാലടി, മഞ്ഞപ്ര എന്നിവിടങ്ങളിലാണ് ബിവറേജിന്റെ ഷോപ്പുകളുള്ളത്. ഇവിടങ്ങളിലും പുലര്‍ച്ചെ മുതല്‍ നീണ്ട നിര കാണപ്പെട്ടു. വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ ബീവറേജ് ജീവനക്കാരുടെ നടുവൊടിയുകയാണ്. പലയിടത്തും താല്‍ക്കാലിക ജീവനക്കാരെ നിയോഗിക്കുന്ന കാര്യം ബിവറേജ് കോര്പ്പറേഷന് പരിഗണിച്ചേക്കുമെന്ന് അറിയുന്നു. തല്‍ക്കാലത്തേക്ക് പ്രവര്‍ത്തനസമയം കൂട്ടുന്ന കാര്യവും പരിഗണിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: