കായംകുളം: ഡ്യൂട്ടിക്കിടെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സൂര്യാഘാതമേറ്റു. കായംകുളം ജോയിന്റ് ആര്‍ടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ബി.ബിജു, കെ.എസ്.പ്രമോദ്, കിഷോര്‍രാജ് എന്നിവര്‍ക്കാണ് സൂര്യഘാതമേറ്റത്. ബിജുവിനേയും, പ്രമോദിനേയും കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലും കിഷോര്രാജിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ടെസ്റ്റ് നടത്തുന്നതിനിടയില്‍ കൃഷ്ണപുരത്തെ ഗ്രൗണ്ടില്വെച്ചാണ്കിഷോര്രാജിന് സൂര്യാഘാതമേറ്റത്. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനിടെ ടെസ്റ്റിങ് ഗ്രൗണ്ടായ പട്ടാണിപ്പറമ്പില്‍ മൈതാനത്താണ് ബിജുവിനും പ്രമോദിനും സൂര്യഘാതമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് സംഭവം. പട്ടാണിപറമ്പ് മൈതാനിയില്‍ സൂര്യാഘാതമേറ്റ പ്രമോദ് തലകറങ്ങി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുശേഷമാണ് മറ്റുള്ളവര്‍ക്കും സൂര്യാഘാതമേറ്റത്.
മൂവര്‍ക്കും കൈകള്‍ക്കാണ് പൊള്ളലേറ്റത്. ചൂട് വര്‍ധിച്ചതിനെ തുടര്‍ന്ന് ഇനിമുതല്‍ രാവിലെ ഏഴു മുതല്‍ ഒന്‍പത് വരെയും വൈകിട്ട് മൂന്നുമുതല്‍ അഞ്ചുവരെയുമായിരിക്കും വിവിധ ടെസ്റ്റുകള്‍ നടത്തുന്നതെന്ന് ജോയിന്റ് ആര്.ടി.ഒ. ഷാജി.എം.പണിക്കര്‍ അറിയിച്ചു.
മാവേലിക്കരയില്‍ ചുമട്ടുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു. പ്രായിക്കര പുതുവേല്‍ പുത്തന്‍വീട്ടില്‍ ദിവാകരന് (63)നാണ് ഇന്നലെ ഉച്ചയ്ക്ക് ലോഡ് ഇറക്കുന്നതിനിടെ ഇടതു കൈതോളിന് സൂര്യാഘാതമേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: