പെര്‍ത്ത്: ചൈനയിലേക്ക് പോകും വഴി കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ബ്രിട്ടന്റെയും ഓസ്ട്രേലിയയുടെയും രണ്ട് യുദ്ധക്കപ്പലുകളാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.
ഒരു അന്തര്‍വാഹിനി ഈ ദൗത്യവുമായി രംഗത്തുണ്ട്. 240 കിലോമീറ്റര്‍ അകലത്തില്‍ നിലയുറപ്പിച്ചശേഷം രണ്ടു കപ്പലുകളും സമുദ്രം അരിച്ചുപെറുക്കി പരസ്പരം സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് തിരച്ചിലിനായി രൂപീകരിച്ചിട്ടുള്ള സംയുക്ത ഏജന്‍സി ഏകോപന കേന്ദ്രം (ജാക്ക്) അറിയിച്ചു.
വിമാനത്തിലെ ബ്ലാക്ബോക്സിന്റെ ബാറ്ററിയുടെ ശേഷി രണ്ടു ദിവസത്തിനകം നശിക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ സമുദ്രാന്തര്‍ഭാഗത്തേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.
ബാറ്ററിയുടെ കാലാവധി തീരുന്നതോടെ ബ്ലാക്ബോക്സില്‍നിന്ന് സിഗ്നലുകള്‍ ലഭിക്കില്ലെന്ന് മാത്രമല്ല വിമാനം കണ്ടെത്തുന്നതിന് ഇത് കൂടുതല്‍ ദുഷ്കരമാകുകയും ചെയ്യും. ഇത് കണക്കിലെടുത്താണ് ജലോപരിതലത്തിനു താഴെയുള്ള തിരച്ചില്‍ ശക്തമാക്കുന്നത്.
പത്ത് യുദ്ധവിമാനങ്ങളും അല്ലാത്ത നാലു വിമാനങ്ങളുമാണ് ആകാശ നിരീക്ഷണം നടത്തുന്നത്. സിവില്‍ വിമാനങ്ങളിലൊന്ന് പരസ്പരമുള്ള ആശയവിനിമയം ഏകോപിപ്പിക്കുന്നു. 2,17,000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന തിരച്ചില്‍ മേഖലയില്‍ നിരവധി രാഷ്ട്രങ്ങളുടെ കപ്പലുകള്‍ നിലയുറപ്പിച്ചിട്ടുണ്ട്.
മലേഷ്യയുടെയും ഓസ്ട്രേലിയയുടെയും രണ്ട് യുദ്ധക്കപ്പലുകള്‍ കൂടി നാളെ എത്തും. വിമാനം കടലില്‍ വീഴാന്‍ സാദ്ധ്യതയുള്ള ഭാഗം കേന്ദ്രീകരിച്ചെടുക്കുകയാണ് ഇവയുടെ ലക്ഷ്യം.
അതേസമയം ബാറ്ററിയുടെ ശേഷി ഏപ്രില്‍ പകുതിവരെ നീളാമെന്നും ദുര്‍ബലമായ സിഗ്നലുകളെങ്കിലും അതുവരെ ലഭിക്കുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: