കൊച്ചി: യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ടഭ്യര്‍ഥിക്കാന്‍ പ്രിതിരോധമന്ത്രി എ.കെ. ആന്റണി മടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. മന്മോഹന് സര്‍ക്കാര്‍ പരാജയമാണെന്ന കുറ്റസമ്മതമാണ് ഇതിലൂടെ ആന്റണി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തെ ബിജെപി സ്ഥാനാര്‍ഥി എ.എന്‍.രാധാകൃഷ്ണന്റെതെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് വികസനരൂപരേഖ പുറത്തിറക്കികൊണ്ട് സംസാരിക്കുകയായിരുന്നു വി. മുരളീധരന്.
ഓരോ തെരഞ്ഞെടുപ്പിലും എ.കെ. ആന്റണി കേരളത്തിലെത്തുന്നത് യുഡിഎഫിനെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അദ്ദേഹം എല്‍ഡിഎഫിന്റെ പിന്തുണ സ്വീകരിക്കുമെന്ന് പറയുന്നത്. കേരളത്തില്‍ ബിജെപി ജയിക്കരുതെന്ന അജന്ഡയുള്ളതുകൊണ്ടാണ് ഇരുമുന്നണികളും ബിജെപി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ വോട്ടുമറിക്കുന്നത്. കേരളത്തില്‍ മാറിമാറി വന്ന യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ കേരളത്തിന്റെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ല. ഗുജറാത്തിലെ മോദി സര്‍ക്കാരിന്റെ വികസനഭരണത്തില് ന്യൂനപക്ഷങ്ങള്‍ പോലും സംതൃപ്തരാണ്. മോദി കേരളത്തിലെത്തിയപ്പോള്‍
ക്രൈസ്തവ മതനേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത് ഇതിനു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോര്പറേഷന് കൗണ്‍സിലര്‍ സുധ ദിലീപിന് വി.മുരളീധരന് വികസനരൂപരേഖ നല്കി പ്രകാശനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ് അധ്യക്ഷ വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: