കൊല്ലം: ഫിലിപ്പൈന്‍സില്‍ ഹയാന് ചുഴലിക്കാറ്റ് ബാധിതരുടെ പുനരധിവാസത്തിനായി മാതാ അമൃതാനന്ദമയി മഠം ആറു കോടിരൂപ സംഭാവന നല്കി. മാതാ അമൃതാനന്ദമയിയുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ എംബ്രെയ്സിംഗ് ദ വേള്‍ഡ് (ഇടിഡബ്ല്യു) ഭാരവാഹികള്‍ മനിലയില്‍ ഫിലിപ്പൈന്‍സ് പ്രധാനമന്ത്രിയുടെ ഓഫീസിന് ബുധനാഴ്ചയാണ് ചെക്ക് കൈമാറിയത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് സൗത്ത് ഏഷ്യയിലുടനീളം നാശം വിതയ്ക്കുകയും പ്രത്യേകിച്ച് ഫിലിപ്പൈന്‍സിന്റെ തീരപ്രദേശങ്ങളില്‍ വന്‍ ദുരന്തം വരുത്തിവയ്ക്കുകയും ചെയ്ത ചുഴലിക്കാറ്റ് 6300ല്‍ അധികം പേരുടെ ജീവന് കവര്‍ന്നിരുന്നു. ഇടിഡബ്ല്യുവിന്റൈ പ്രതിനിധികള്‍ ദുരന്തമേഖലകള്‍ സന്ദര്‍ശിച്ച ശേഷമാണ് സഹായം നല്കാന് തീരുമാനിച്ചത്.
ഇടിഡബ്ല്യുവിന്റെ അമേരിക്കന്‍ ശാഖയായ മാതാ അമൃതാനന്ദമയി സെന്റര്‍, ഹയാന് മള്‍ട്ടി ഡോണര്‍ ഫണ്ണ്ടിലേക്ക് നല്കുന്ന സഹായം ദുരിത ബാധിത മേഖലയിലെ അനാഥരുള്പ്പെടെയുള്ള കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കാണ് ചെലവഴിക്കുകയെന്ന് മാതാ അമൃതാനന്ദമയി മഠത്തിന്റെ വക്താവ് സ്വാമി രാമകൃഷ്ണാനന്ദപുരി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഹൈസ്്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനും യുവജനങ്ങള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം നല്കുന്നതിനുമായി തുടര്‍ന്നും സഹായം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ദുരന്തനിവാരണത്തിന് രാജ്യാന്തരതലത്തില്‍ സഹായം നല്കുന്ന ആദ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിലൊന്നാണ് ഇടിഡബ്ല്യുവെന്ന് പുനരധിവാസത്തിനും വീണ്ടെടുപ്പിനുമുള്ള പ്രസിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (പാര്) സെക്രട്ടറി പാന്‍ഫിലോ എം ലാക്സണ്‍ പറഞ്ഞു. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലുള്ളവര്‍ ഫിലിപ്പൈന്‍സിലെ യൊളാന്ഡാ ഹയാന് ചുഴലിക്കാറ്റ് ബാധിത മേഖലകളില്‍ നടത്തുന്ന സന്നദ്ധപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഏര്‍പ്പെടുത്തിയതാണ് പാര്. ലോകത്തിനു മുഴുവനായും സന്നദ്ധ സേവനങ്ങള്‍ ഉറപ്പാക്കുന്ന മാതാ അമൃതാനന്ദമയി ദേവിയെ അഭിനന്ദിക്കുന്നതായും ഇത്തരം മാതൃകകളിലൂടെ കൂടുതല്‍ പേര്‍ക്ക് പ്രചോദനമേകാന്‍ അമ്മയ്ക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: