ക്വലാലംപൂര്‍: അന്വേഷണത്തിനും ഫോറന്‍സിക് പരിശോധനയ്ക്കുമായി എംഎച്ച് 370 വിമാനത്തിന്റെ കോക്പിറ്റിലെ സന്ദേശത്തിന്റെ പൂര്‍ണരൂപം മലേഷ്യ പുറത്തു വിട്ടു. ബ്രിട്ടന്റേയും അമേരിക്കയുടേയും ചൈനയുടേയും രഹസ്യാന്വേഷണ ഏജന്‍സികള്‍ ഭീകരവാദ അട്ടിമറി സാധ്യതയെപ്പറ്റി വീണ്ടും അന്വേഷിച്ച് തുടങ്ങിയ സാഹചര്യത്തിലാണ് മലേഷ്യന്‍ സര്‍ക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ നിര്‍ബന്ധിതമായത്.
പുറത്തുവിട്ട രേഖയില്‍ മലേഷ്യന്‍ വിമാനത്തിലെ കോക്പിറ്റില്‍ നിന്നും വന്ന അവസാന സന്ദേശം സര്‍ക്കാര്‍ തെറ്റായി ലോകത്തെ അറിയിച്ചതായി തെളിഞ്ഞു. ഒടുവില്‍ സര്‍ക്കാരിന് സന്ദേശം തിരുത്തിപ്പറയേണ്ടി വന്നതില്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ബന്ധുക്കള്‍ പ്രതിഷേധം അറിയിച്ചു.
ആള് റൈറ്റ് ഗുഡ് നൈറ്റ് എന്നാണ് അവസാന സന്ദേശമെന്നായിരുന്നു നേരത്തെ മലേഷ്യന്‍ അധികൃതര്‍ നല്കിയ വിശദീകരണം. സര്‍ക്കാര്‍ പുറത്തുവിട്ട രേഖയില്‍ ഗുഡ് നൈറ്റ് മലേഷ്യന്‍ ത്രീ-സെവന്-സീറോ എന്ന സന്ദേശമാണ് മാര്‍ച്ച് 8 ന് രാവിലെ 1.19 ന് ക്വലാലംപൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഭിച്ചത്. ഈ സന്ദേശം നല്‍കിയതിന് ശേഷമാണ് എയര്‍ ട്രാഫിക് കണ്ട്രോളിന്റെ റേഡിയോ സിഗ്നല്‍ ബന്ധം പെയിലറ്റ് വിചേ്ഛദിക്കുന്നത്.
വിമാനത്തിന്റെ പെയിലറ്റ് ക്യാപ്റ്റന്‍ സഹരീ അഹമ്മദ് ഷായാണ് ഇതയച്ചത്. എന്നാല്‍ ഗുഡ് നൈറ്റ് മലേഷ്യന്‍ ത്രീ സെവന് സീറോ എന്ന സന്ദേശം പെയിലറ്റാണോ കോ പെയിലറ്റാണോ അയച്ചതെന്ന് അറിയാന്‍ ഫോറന്‍സിക് ഫലം വന്നാല്‍ മാത്രമെ വ്യക്തമാകുവെന്ന് അന്വേഷണ സംഘം അറിയിച്ചു.
എന്തുകൊണ്ടാണ് അവസാന സന്ദേശത്തില്‍ മാറ്റം വരുത്തിയതെന്ന് വ്യക്തമാക്കാനോ ഇക്കാര്യം പുറത്തുവിടാന്‍ ഇത്ര കാലതാമസം എടുത്തതെന്തിനെന്നോ പറയാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സഹാറി അഹമ്മദ് ഷായുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ സിമുലേറ്ററിനെ ചുറ്റിപ്പറ്റിയാണ് ചൈനയുടെ അന്വേഷണ ഏജന്‍സിയായ സിഐഎയുടെ അന്വേഷണം.
239 യാത്രക്കാരുമായി കഴിഞ്ഞ മാസം എട്ടിന് കാണാതായ മലേഷ്യന്‍ വിമാനത്തെക്കുറിച്ചു ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: