വോട്ടെടുപ്പ് ദിവസമടുക്കുമ്പോള്‍ ഇരുമുന്നണികളിലും കാലുവാരലിനു കളമൊരുക്കുന്ന പരസ്പര വിശ്വാസമില്ലായ്മ രൂക്ഷം. അതിനാല്‍ ഇത്തവണ ഏറ്റവും കൂടുതല്‍ നോട്ടാ വോട്ടുകള്‍ രേഖപ്പെടുത്താനിടയുള്ള സംസ്ഥാനം കേരളമായിരിക്കുമെന്നാണ് സൂചന. ബാലറ്റിലെ ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ടു ചെയ്യാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് അത് രേഖപ്പെടുത്താനുള്ള സംവിധാനമാണ് നോട്ടാ – നണ് ഓഫ് ദ എബൗ.
കേരളത്തിലെ മുന്നണി രാഷ്ട്രീയ സംവിധാനത്തോട് അനുഭാവികള്‍ക്ക് മാത്രമല്ല കക്ഷിരാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും വിയോജിപ്പ് ശക്തമാണ്. ഇടതുമുന്നണിയില്‍നിന്ന് ആര്‍എസ്പി പോയി കോണ്‍ഗ്രസ് മുന്നണിയില്‍ ചേര്‍ന്നതും ജെഎസ്എസ്, സിഎംപി കക്ഷികള്‍ യുഡിഎഫ് വിട്ട് ഇടതുപാളയത്തിലെത്തിയതുമെല്ലാം മുഖ്യ പാര്‍ട്ടികളുടെ പ്രവര്‍ത്തകരില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഇത് പ്രകടിപ്പിക്കാന്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മടിക്കില്ലെന്നാണ് പലരുടേയും നിലപാട്.
ആലപ്പുഴയില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കഴിഞ്ഞ് പിരിയുന്നവരില്‍ പ്രായം ചെന്ന ഒരു സഖാവിന്റെ പ്രതികരണം ഇങ്ങനെ- “സഖാവ് പറഞ്ഞതെല്ലാം ശരി. പക്ഷേ ഇവിടെ സ്ഥാനാര്‍ത്ഥി സിപിഐക്കാരനാണ്. അയാള്‍ക്ക് വോട്ടു കുത്തി ജയിപ്പിച്ചാല്‍ നാളെ ഇടതുമുന്നണിയിലുണ്ടാവുമെന്ന് എന്താണുറപ്പ്. ബിജെപി-കോണ്‍ഗ്രസ് ചിഹ്നത്തില്‍ കുത്താന്‍ കൈ പൊങ്ങുകയുമില്ല.” ചെങ്ങറ സുരേന്ദ്രന് കിട്ടേണ്ട വോട്ടാണ് സംസാരിച്ചത്. എന്നാല്‍ ഇത് ഇടതുമുന്നണിയുടെ മാത്രം സ്ഥിതിയല്ല. സിപിഐ കേരളത്തില്‍ സിപിഎമ്മിനൊപ്പം കോണ്‍ഗ്രസിനെതിരാണ്. തെലങ്കാനയില്‍ സിപിഎമ്മിനെതിരേ കോണ്‍ഗ്രസിനൊപ്പം മുന്നണിയിലാണ്. ആര്‍എസ്പി കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പമാണ്, ദേശീയ തലത്തില്‍ ഇടതു മുന്നണിയിലാണ്. എന്‍സിപി കേരളത്തില്‍ ഇടതു മുന്നണിയിലാണ്. ദല്‍ഹിയിലും മേറ്റ്വിടെയും കോണ്‍ഗ്രസിന്റെ കൂടെയാണ്.
കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ കാര്യവും ഇങ്ങനെയാണ്. കോണ്‍ഗ്രസ് ചിഹ്നത്തില്‍ വോട്ടു കുത്താന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. പക്ഷേ രണ്ടിലയില്‍ വോട്ടു ചെയ്യേണ്ടി വരുന്നതാണ് അവരുടെ ദുരവസ്ഥ. മുന്നണിയിലെ ചെറിയവരുടെ വലിയകളികള്ക്ക് ഒരു ഷോക്ക് കൊടുക്കേണ്ടതുണ്ടെന്ന പക്ഷക്കാരാണ് കോണ്‍ഗ്രസുകാര്‍. സംഘടിതമായി ഇത്തവണ നോട്ടയില്‍ വോട്ടു ചെയ്യാന്‍ തന്നെയാണ് തീരുമാനം. ഇത് ജോസ് കെ. മാണിക്ക് വന്‍ ഭീഷണിയായിത്തീര്‍ന്നിട്ടുണ്ട്. കേരളാ കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളും കോണ്‍ഗ്രസിന്റെ ഈ ഉള്ളിലിരുപ്പും കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ കോട്ടയത്ത് കീഴ്മേല്‍ മറിയും. ഇടതുപക്ഷത്തിന്റെ നിര്‍ബന്ധിച്ചു നിര്‍ത്തിയ സ്ഥാനാര്‍ത്ഥ മാത്യു.ടി. തോമസിന്റെ കറ്റയേന്തിയ കര്‍ഷക സ്ത്രീയ്ക്കു കിട്ടേണ്ട വോട്ടുകള്‍ ഏറെ നോട്ടായില് വീണേക്കും.
എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ സ്വതന്ത്രന്മാരുടെ കാര്യത്തില്‍ നോട്ടയുടെ ആഘാതം ഇടതുമുന്നണിക്കുണ്ടാകും. അതേസമയം, ചില മണ്ഡലങ്ങളില്‍ ഘടകകക്ഷികളുടെ നോട്ടാ പ്രയോഗം മുന്നണികളിലെ മുഖ്യ പാര്‍ട്ടികള്‍ക്കും ബാധകമാകും. ആലപ്പുഴയില്‍ ജെഎസ്എസിന്റെയും കണ്ണൂരില്‍ സിഎംപിയുടേയും മുന്നണി പ്രവേശം ഇടതു മുന്നണിക്ക് കരുത്തുപകരേണ്ടതാണെങ്കിലും അരിവാള്‍ ചുറ്റിക നക്ഷത്രത്തോടുള്ള വിയോജിപ്പ് നോട്ടയില്‍ വോട്ടാകുമെന്നാണ് വിലയിരുത്തല്‍.
കൊല്ലത്തെ കോണ്‍ഗ്രസുകാര്‍ക്ക് മണ്‍വെട്ടി-മണ്‍കോരി ചിഹ്നത്തോട് അത്ര എതിര്‍പ്പുണ്ടായേക്കില്ല . എന്നാല്‍ സിപിഐയുടെ വോട്ട് ഇവിടെ ബേബിയുടെ ചിഹ്നത്തിന് വീഴുമെന്ന് പൂര്‍ണമായി ഉറപ്പിക്കാനായിട്ടില്ല. പാലക്കാട്ട് കൈപ്പത്തിക്കു കുത്താനിരുന്നവര് നിരാശരാണ്. വീരേന്ദ്രകുമാറിനുള്ള വോട്ടുകള്‍ ഏറെ നോട്ടക്കു പോകും. പ്രത്യേകിച്ച് പട്ടാമ്പി-മലമ്പുഴ പ്രദേശത്ത്. അതേസമയം ഷൊര്‍ണൂരില്‍ സിപിഎമ്മില്‍ തിരികെയെത്തിയ എ.ആര്. മുരളിയുടെ അനുഭാവി വോട്ടുകള്‍ ഇടതുമുന്നണിയുടെ കണക്കിലെത്തില്ലെന്നുറപ്പ്; നോട്ടയായിരിക്കും ചാമ്പ്യനാകുക. നോട്ട ചാലക്കുടിയിലും എറണാകുളത്തും ഇടതു സ്വതന്ത്രര്‍ക്ക് വിനയാകും.
തലസ്ഥാനത്തായിരിക്കും നോട്ടയുടെ വിളയാട്ടം. ബന്നറ്റ് എബ്രഹാമിനെ ഇടതു സ്ഥാനാര്‍ത്ഥിയായി മുന്നണിയുടെ കടുത്ത പാര്‍ട്ടിവിശ്വാസികള്‍ അംഗീകരിച്ചിട്ടില്ല. സിപിഐയുടെ സീറ്റിലെ സിപിഎം സ്ഥാനാര്‍ത്ഥിയെന്ന ആക്ഷേപവും, സിപിഎമ്മിന്റെ കണക്കില്‍ കടന്നുവന്ന ഒരു വ്യവസായിയുടെ ബിനാമിയെന്ന ആരോപണവും സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ വ്യക്തിപരമായി നേരിടുന്ന എതിര്‍പ്പുകളും ബന്നറ്റിനുള്ള കടുത്ത പാര്‍ട്ടി വോട്ടുകള്‍ നോട്ടയിലെത്തിക്കും. ശശി തരൂരിനും എതിര് വോട്ടുകള്‍ ഏറും. അതില്‍ ഒരു വിഹിതം നോട്ടയുടെ പെട്ടിയില്‍ ആയിരിക്കും വീഴുക. അങ്ങനെ നോട്ടാ ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരു താരമാകാന്‍ പോവുകയാണ്. വോട്ടിംഗ് മെഷീന് തുറക്കുമ്പോള്‍ നോട്ടാവഴിയിലും കേരളം തെരഞ്ഞെടുപ്പു ചരിത്രത്തില്‍ കയറും.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: