ആറന്മുള: ഒരു തീരുമാനങ്ങളും എടുക്കാത്ത ഫയലുകള്‍ നീക്കിവെയ്ക്കുന്ന ഇന്ത്യയുടെ പ്രതിരോധമന്ത്രി എ.കെ. ആന്റണി ആറന്മുള വിമാനത്താവളത്തിന് നിമിഷങ്ങള്‍ക്കുള്ളില്‍ നല്കിയ അനുമതിയുടെ പിന്നിലെ ശക്തിയാരെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്ന് ഡോ. ആറന്മുള ഹരിഹര പുത്രന് അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവളത്തിനെതിരെ വിമാനത്താവള വിരുദ്ധ ഏകോപന സമിതി നടത്തുന്ന സത്യാഗ്രഹത്തിന്റെ 48-ാം ദിവസം സമരപരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആറന്മുളക്കാരനാണെങ്കിലും തിരുവനന്തപുരത്ത് താമസിക്കുന്നതിനാല്‍ വിമാനത്താവള വിരുദ്ധസമരത്തില്‍ പങ്കെടുത്താല്‍ ആറന്മുളക്കാരന് അല്ലാതാകുന്ന പുതിയൊരു സിദ്ധാന്തമാണ് ഇവിടുത്തെ ജനപ്രതിനിധികളുടേത്. കടലാസില്‍ വെറുതെ എഴുതിവെച്ചതോ കൃത്രിമമായി പ്രചരിപ്പിക്കപ്പെട്ടതോ ആയ പൈതൃകമല്ല ആറന്മുളയുടേത്. ആയിരക്കണക്കിന് വര്‍ഷമായി നീണ്ടുനില്‍ക്കുന്ന ഒരു നദീതട സംസ്കാരമാണ് ആറന്മുളയിലേത്.
ഗ്രാമഭംഗി നിലനില്‍ക്കുന്ന ഈ പൈതൃക ഗ്രാമത്തില്‍ കെട്ടിയിറക്കുന്ന വിമാനത്താവള പദ്ധതി ഈ സംസ്കാരത്തെ തകര്‍ക്കാനുള്ളതാണെന്ന് സംശയമില്ലാത്ത കാര്യമാണ്. ഇതിനൊത്താശ ചെയ്യുന്ന ജനപ്രതിനിധികളെ ജനപിന്തുണയില്ലാത്തവരാക്കി മാറ്റുവാനുള്ള സുവര്‍ണ്ണാവസരമാണ് ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നതെന്നും ഡോ. ആറന്മുള ഹരിഹര പുത്രന് പറഞ്ഞു.
പോലീസ് അകമ്പടി ഉണ്ടെങ്കില്‍ മാത്രം പകല്‍ വെളിച്ചത്തില്‍ പുറത്തിറങ്ങുവാന്‍ കഴിയുന്നത്ര ജനകീയനാണ് ആറന്മുള എംഎല്‍എയെന്നും വല്ലപ്പോഴും വള്ളംകളിക്ക് മുമ്പില്‍ വന്നുനിന്നിട്ടുണ്ടെന്നല്ലാതെ ആറന്മുളയ്ക്കായി ഒന്നും ചെയ്യാത്ത ആളാണ് പി.ജെ കുര്യനെന്നും സത്യാഗ്രഹത്തില്‍ അധ്യക്ഷത വഹിച്ച മല്ലപ്പുഴശ്ശേരി പള്ളിയോട കരനാഥന് കെ.കെ. ഗോപാലന്നായര് അഭിപ്രായപ്പെട്ടു. ഒരു പള്ളിയോടക്കരയിലെ ജനങ്ങള്‍ മൊത്തമായി സമരത്തില്‍ പങ്കെടുക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. ആറന്മുള എംഎല്‍എ സൂക്ഷിക്കുന്ന പട്ടികയില്‍ ഞങ്ങളാരും തന്നെ ആറന്മുളക്കാരല്ല. എങ്കില്‍ എംഎല്‍എയുടെ പട്ടികയില്‍ പേരുള്ള ആറന്മുളക്കാര് ആരെന്ന് പ്രസിദ്ധീകരിക്കുവാനുള്ള ആര്‍ജ്ജവം കാണിക്കണമെന്ന് ഗോപാലന് നായര്‍ ആവശ്യപ്പെട്ടു.
കൂട്ടായ പോരാട്ടങ്ങള്‍ക്കെതിരെ നുണകളുടെ പെരുമഴ ചൊരിഞ്ഞ് നിഷ്പ്രഭമാക്കാന്‍ ശ്രമിക്കുകയാണ്. ഇതിങ്കഴിയാതെ വന്നാല്‍ ഗുണ്ടകളെ അഴിച്ചുവിടുക എന്നതാണ് കോര്‍പ്പറേറ്റ് തന്ത്രമെന്ന് സത്യാഗ്രഹത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ സിപിഐഎംഎല്‍ റെഡ് ഫ്ലാഗ് സംസ്ഥാന കമ്മറ്റിയംഗം പി എന്‍ ബാബു അഭിപ്രായപ്പെട്ടു.
മല്ലപ്പുഴശ്ശേരി പളളിയോട കരയോഗം പ്രസിഡന്റ് ആര് ഗീതാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപാലന്, മല്ലപ്പുഴശ്ശേരി എന്‍എസ്എസ് വനിത സമാജം പ്രസിഡന്റ് എം.ആര്. ശ്രീകുമാരി, പള്ളിയോട സേവസംഘം പ്രതിനിധികളായ കെ. അപ്പുകുട്ടന്‍നായര്‍, ശ്രീകുമാര്‍, യുവജന വേദി സംസ്ഥാന കമ്മറ്റിയംഗം അനീഷ് മാര്‍ക്കോസ്, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സാവിത്രി ബാലന്, ബാലോഗോകുലം ഭഗിനി പ്രമുഖ് പി.എം. പാര്‍വ്വതി, രവീന്ദ്രനാഥ്, ശ്രീരംഗനാഥന്, ആറന്മുള വിജയകുമാര്‍, സുനില്‍ മാലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
സത്യാഗ്രഹത്തിന്റെ 49-ാം ദിവസമായ തിങ്കളാഴ്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: