തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാലയിലേക്ക് ശ്രീലങ്കന്‍ മൃഗശാലാഅധികൃതര് സമ്മാനമായി നല്കുന്ന ഏഴ് അനാക്കോണ്ടകള്‍ക്ക് ശ്രീലങ്കയില്‍ മെഡിക്കല്‍ ചെക്കപ്പ് പൂര്‍ത്തിയാകുന്നു. അവയ്ക്ക് അസുഖമൊന്നുമില്ലെന്ന ഡോക്ടര്‍മാര്‍ കണ്ടെത്തിയാല്‍ അടുത്തയാഴ്ച എയര്‍കാര്‍ഗോ വഴി അനാക്കോണ്ടകള്‍ ചെന്നൈ എയര്‍പോര്‍ട്ടിലെത്തും. ചെന്നൈയില്‍നിന്ന് പ്രത്യേക വാഹനം വഴി അവയെ കേരളത്തിലെത്തിക്കുമെന്ന് മൃഗശാല ഡയറക്ടര്‍ ജന്മഭൂമിയോടു പറഞ്ഞു. പ്രത്യേകം തയ്യാറാക്കിയ എയര്‍ കാര്‍ഗോ 330 വിമാനത്തിലായിരിക്കും അനാക്കോണ്ടയുടെ ഇന്തൃയിലേക്കുള്ള വരവ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തിരുവനന്തപുരം മൃഗശാലയില്‍ നിന്നും വിദഗ്ധ സംഘം കഴിഞ്ഞാഴ്ച ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. മൃഗങ്ങളെ ഇറക്കാന്‍ ഇന്ത്യയില്‍ ചെന്നൈ, മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത എന്നീ നാലു വിമാനത്താവളങ്ങള്ക്കേ അനുമതിയുള്ളൂ (പോര്‍ട്ട് ഓഫ് എന്‍ട്രി). ചെന്നൈ വിമാനത്താവള അധികൃതരുമായി ഇതു സംബന്ധിച്ച ഔദ്യോഗിക ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സാങ്കേതികതയാണ് അനാക്കോണ്ടയുടെ വരവ് വൈകിക്കുന്നത്. വിദേശങ്ങളില്‍ നിന്നും മൃഗങ്ങളെ എത്തിക്കുമ്പോള്‍ അനിമല്‍ ക്വാറന്റൈന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലേ വിമാനത്താവളത്തില്‍ നിന്നും മൃഗങ്ങളെ ലഭിക്കൂ. ഈ സര്‍ട്ടിഫിക്കറ്റ് നല്കാന് ഡോക്ടര്‍മാരെത്തി പരിശോധിക്കണം. അതിനു നാലു മുതല്‍ ആറുമാസം വരെ കാലതാമസമുണ്ടാകും. അനാക്കേണ്ടയെ പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ് നല്കുന്നതിനു ചെന്നൈയില്‍ തന്നെ സൗകര്യം ഒരുക്കി കാലതാമസം ഒഴിവാക്കാനാണ് ശ്രമം.
തിരുവനന്തപുരം മൃഗശാലയില്‍ അനാക്കോണ്ടയ്ക്കുള്ള താല്‍ക്കാലിക കൂടുകളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. സാധാരണ ഇഴജന്തുക്കള്‍ക്കു വേണ്ടി നിര്‍മ്മിക്കുന്ന കൂടുകളേക്കാള്‍ വലുപ്പത്തിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഒരാണും ആറു പെണ്ണും ഉള്‍പ്പെടെ ഏഴ് അനാക്കോണ്ട കുഞ്ഞുങ്ങളെയാണ് മൃഗശാലയിലേക്ക് കൊണ്ടുവരുന്നത്. ഇതോടെ രാജ്യത്ത് അനാക്കോണ്ടകളുള്ള രണ്ടാമത്തെ മൃഗശാലയാകും തിരുവനന്തപുരത്തേത്. നിലവില്‍ മൈസൂര്‍ മൃഗശാലക്കു മാത്രമാണ് ഈ പദവി. മൃഗശാലയിലെ ചുറ്റുപാടുകളുമായി പരിചയമാകുന്നതുവരെ ഇവയെ പ്രത്യേകം കൂടുകളിലാണ് പാര്‍പ്പിക്കുക. ഒരു മാസം മുതല്‍ ആറുമാസക്കാലം വരെ ഇവയെ നിരീക്ഷിച്ചശേഷം പാമ്പുകളെ പാര്‍പ്പിച്ചിരിക്കുന്ന റെപ്റ്റെയില് ഹൗസിലേക്ക് മാറ്റും. വളര്‍ച്ചയെത്തുമ്പോഴേക്കും പ്രത്യേക കൂടുകള്‍ സജ്ജമാക്കാനാണ് തീരുമാനം. ഏപ്രില്‍ പകുതിയോടെ വൈറ്റ് ടൈഗറും മൃഗശാലയിലെത്തും.
രണ്ട് ഒട്ടകപ്പക്ഷികളെ കൈമാറിയാണ് ദല്‍ഹിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് വെള്ളക്കടുവ-വൈറ്റ് ടൈഗറിനെ കൊണ്ടുവരുന്നത്. നാഗലാന്‍ഡ് മൃഗശാലയില്‍ നിന്ന് രണ്ടു ഹിമാലയന്‍ കരടികളെയും ലക്നൗ മൃഗശാലയില്‍ നിന്ന് സ്വാമ്പ് ഡിയറിനെയും എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പുതിയ മൃഗങ്ങള്‍ എത്തുന്നത് സ്കൂള്‍ അവധിക്കാലത്തായതു കൊണ്ട് വിനോദസഞ്ചാരത്തിനായി എത്തുന്നവരുടെ എണ്ണത്തിലും മൃഗശാലയുടെ വരുമാനത്തിനും വര്‍ധന വരും.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: