കൊച്ചി: ഇടുക്കി മെത്രാനെ വിമര്‍ശിച്ചുവെന്ന കാരണത്താല്‍ വി.ടി. ബല്‍റാം എംഎല്‍എ ഇനി ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് വിലക്കിയ വി.എം. സുധീരന് കെസിബിസിയുടെ നോമിനിയാണോ കെപിസിസി പ്രസിഡന്റായതെന്ന് വ്യക്തമാക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. കെപിസിസി പ്രസിഡന്റ് ആകുന്നതുവരെ സംസ്ഥാനത്തെ സാമൂഹിക-പാരിസ്ഥിതിക വിഷയങ്ങളില്‍ സത്യസന്ധമായി പ്രതികരിച്ചിരുന്ന സുധീരന് ഇപ്പോള്‍ അവസരവാദ രാഷ്ട്രീയത്തിന്റെ വക്താവായി മാറിയതിലൂടെ ഇത്രയും കാലം ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
ആറന്മുള വിമാനത്താവള വിഷയത്തിലും ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ വിഷയത്തിലും മതമേലധ്യക്ഷന്മാരുടെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകളിലും സംസ്ഥാനത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃകയെന്നവണ്ണം പ്രസ്താവനകള്‍ പുറപ്പെടുവിച്ചിരുന്ന സുധീരന് ഇപ്പോള്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ബിനാമിയായി പെരുമാറുകയാണെന്ന് കൊച്ചിയില്‍ ചേര്‍ന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ യോഗം കുറ്റപ്പെടുത്തി.
തങ്ങള്‍ നിയന്ത്രിക്കുന്നുവെന്ന് മെത്രാന്മാരും മറ്റ് മതമേധ്യക്ഷന്മാരും അഹങ്കരിക്കുന്ന തങ്ങളുടെ സമുദായാംഗങ്ങളില്‍നിന്നും ഒരുശതമാനം പോലും പേരെ നിയന്ത്രിക്കുവാന്‍ കഴിയാത്തവരാണ് ഇത്തരക്കാര്‍ എന്നറിഞ്ഞിട്ടും വി.എം.സുധീരനെപ്പോലുള്ളവര്‍ അടങ്ങുന്ന രാഷ്ട്രീയ നേതൃത്വം പി.ടി. തോമസിനെപ്പോലെയും വി.ടി. ബല്റാമിനെപ്പോലെയും വി.ഡി. സതീശനെപ്പോലെയുമുള്ള നേതാക്കളെ ഇത്തരക്കാര്‍ക്കുവേണ്ടി ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരായ ജനരോഷമുയരണമെന്നും യോഗം അഭിപ്രായപ്പെട്ടു.
23ന് എറണാകുളം ഐഎംഎ ഹാളില്‍ നടക്കുന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ജനറല്‍ബോഡിയില്‍ രാഷ്ട്രീയ നിലപാടുകള്‍ ചര്‍ച്ച ചെയ്യും. പ്രസിഡന്റ് ലാലന് തരകന് അധ്യക്ഷത വഹിച്ച കേന്ദ്രസമിതി യോഗത്തില്‍ വൈസ് പ്രസിഡന്റ് വി.കെ.ജോയ് പ്രമേയം അവതരിപ്പിച്ചു. ഫെലിക്സ് ജെ.പുല്ലൂടന്‍, ആന്റോ കൊക്കാട്ട്, ജോസഫ് വെളിവില്‍, ജയിംസ് കുളത്തുങ്കല്‍, അഡ്വ. വര്‍ഗീസ് പറമ്പില്‍, പ്രൊഫ. എ.ജെ. പോളികാര്‍പ്പ്, കെ.ഇ. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: