കൊച്ചി: പങ്കാളിത്ത ജനാധിപത്യം വിപുലമാക്കാനും സമ്മതിദാനാവകാശമുള്ള മുഴുവന്‍ ആളുകള്‍ക്കും വോട്ടിങ്ങിനെ കുറിച്ച് വ്യക്തമായ അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പ് കമ്മിഷന് ബോധവത്കരണപരിപാടി സിസ്റമാറ്റിക് വോട്ടര്‍ എജ്യോൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്പ്) പദ്ധതി നടപ്പാക്കുന്നു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് പങ്കാളിത്തത്തില്‍ പിന്നിലായ സ്ത്രീകളെയും യുവതീയുവാക്കളെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും ബോധവത്കരണം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വജ്രജൂബിലിയാഘോഷങ്ങളുടെ ഭാഗമായി 2010 ലാണ് സ്വീപ്പിന് തുടക്കമിട്ടത്.
2010ല്‍ ബീഹാര്‍ തിരഞ്ഞെടുപ്പിലാണ് ഈ സംവിധാനത്തിന്റെ ഭാഗമായി ആദ്യമായി വിവര വിദ്യാഭ്യാസ വിനിമയ പദ്ധതി കമ്മിഷന് പ്രയോജനപ്പെടുത്തിയത്. ഈ സംവിധാനത്തെയാണ് പിന്നീട് വിപുലീകരിച്ച് സ്വീപ്പ് ആക്കിയത്. വോട്ടര്‍മാരുടെ സ്വഭാവപഠന സര്‍വെയാണ് ഇതിലെ പ്രധാനപ്പെട്ട ഒരു ഘടകം. 2010നു ശേഷം രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ എല്ലാം സ്വീപ്പിന്റെ പിന്‍ബലം കാണാനാകും.
ബീഹാറില്‍ 2005ല്‍ 45.85 ശതമാനം പേര് വോട്ട് ചെയ്ത സ്ഥാനത്ത് 2010ല്‍ 52.67 ശതമാനത്തിലേക്കെത്തിക്കുന്നതില് സ്വീപ്പിന്റെ പങ്ക് വലുതാണ്. ഗോവയില്‍ 2007ല്‍ പോളിങ് ശതമാനം 70.51 ആയിരുന്നത് 2012ല്‍ 81.73 ശതമാനമായി ഉയര്‍ന്നു. മധ്യപ്രദേശില്‍ 2008ല്‍ 69.28 ശതമാനം പേര് വോട്ടു ചെയ്തയിടത്ത് 2013ല്‍ ഇത് 72.66 ശതമാനമായി ഉയര്‍ന്നതിനു പിന്നിലും സ്വീപ്പിന്റെ ശക്തിയുണ്ട്.
ജനഹൃദയങ്ങളെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ തക്കവണ്ണം സ്ഥിരപ്രതിഷ്ഠ നേടിയ വ്യക്തികളെയാണ് ഇതിനായി കമ്മിഷന് രംഗത്തിറക്കിയത്. ഡോ.എ.പി.ജെ.അബ്ദുള്‍ കാലം, എം.എസ്.ധോണി, സെയ്ന നെഹ്വാള്, മേരികോം തുടങ്ങിയ ദേശീയതലത്തിലെ പ്രശസ്തര്‍ക്കൊപ്പം സംസ്ഥാനങ്ങളിലെ താരമൂല്യമുള്ളവരെയും ഉപയോഗിച്ചു. 2010നു ശേഷം നടന്ന എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പുകളിലും പോളിങ് ശതമാനം ഉയര്‍ന്നതിന് സ്വീപ്പ് പ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്.
ജനത്തിരക്കേറിയ ജംഗ്ഷനുകള്‍, ബസ് സ്റാന്റുകള്‍, റയില്‍വേ സ്റേഷനുകള്‍, സിനിമ തീയറ്ററുകള്‍, വിദ്യാഭ്യാസ സ്ഥാപങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളിലാണ് പ്രധാനമായും സ്വീപ്പ് ബോധവത്കരണപരിപാടി. ടി.വി. ചാനലുകള്‍, റേഡിയോ, പത്രമാധ്യമങ്ങള്‍ എന്നിവയും പ്രയോജനപ്പെടുത്തും. എന്‍.സി.സി. എന്‍.എസ്.എസ്., എസ്.പി.സി., എന്‍.വൈ.കെ. തുടങ്ങിയവയുടെ സേവനവും ഇതിനായി ലഭ്യമാക്കും. സമ്മതിദാനത്തിന്റെ പ്രാധാന്യം പുതുതലമുറയില്‍പ്പെട്ട ആളുകളിലുമെത്തിക്കുന്നതിനും പ്രത്യേക പരിപാടികളാണ് ആവിഷ്കരിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വിപുലമായി സ്വീപ്പ് നടപ്പാക്കുന്നതിനാണ് പദ്ധതി. ജില്ല കളക്ടര്‍ക്കു പുറമെ ജില്ലയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും വീടുകളിലെത്തി, വോട്ടര്‍മാരെ നേരില്‍ കണ്ട് സമ്മതിദാനാവകാശത്തിന്റെ മൂല്യവും വോട്ടുചെയ്യേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തും. വോട്ടു ചെയ്യുന്നതിനു പുറമെ അയല്‍വാസികളെയും ബന്ധുക്കളെയും വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുകയും വേണമെന്ന നിര്‍ദേശവും ജനങ്ങള്‍ക്ക് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: