ആറന്മുള: ആറന്മുളയിലെ വിമാനത്താവളത്തിനെതിരേ നടക്കുന്ന ജനങ്ങളുടെ സമരം 20 ദിവസം പിന്നിട്ടു. പ്രിദിനം വര്‍ദ്ധിച്ചു വരുന്ന വീര്യത്തോടെയുള്ള സമരത്തിന് ഇതിനകം സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ളവരുടെ ശക്തമായ പിന്തുണ കൈവന്നിരിക്കുകയാണ്. രാഷ്ട്രീയത്തിനും മറ്റു വിവഭിന്ന നിലപാടുകള്ക്കുമുപരി പ്രകതി സംരക്ഷണത്തിനു വേണ്ടി ഒന്നക്കുന്ന സംഘടനകളും നേതാക്കളും പ്രവര്‍ത്തകരും സമര വിരുദ്ധരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇന്നലെ അഭിഭാഷക സംഘടനകള്‍ സത്യഗ്രഹ സമരത്തില്‍ പങ്കുചേര്‍ന്നു.
അഭിഭാഷക സംഘടനകളായ ഭാരതീയ അഭിഭാഷക പരിഷത്ത്, ഓള് ഇന്ത്യാ ലോയേഴ്സ് യൂണിയന്, ഇന്ത്യന്‍ അസോസ്സിയേഷന് ഓഫ് ലോയേഴ്സ്, പ്രോഗ്രസീവ് ലോയേഴ്സ് ഫ്രണ്ട്, കേരള ബ്രാഹ്മണ സഭ എന്നീ സംഘടനകള്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തു. തിരുവന്തപുരം നഗരസഭാ കര്‍മ്മസമിതി പ്രവര്‍ത്തകരും മുളക്കുഴ പഞ്ചായത്തിലെ സമരസമിതി പ്രവര്‍ത്തകരും സമരത്തില്‍ പങ്കുചേര്‍ന്നു. ഭാരതീയ അഭിഭാഷക പരിഷത് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. അശോക് അദ്ധ്യക്ഷത വഹിച്ചു.
ഓള് ഇന്ത്യാ ലോയേഴ്സ് യൂണിയന് വൈസ് പ്രസിഡന്റ് അഡ്വ. ഇ.കെ. നാരായണന്, ആര്‍എസ്പി. ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. കെ.എസ്. ശിവകുമാര്‍, വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സംയോജകന്‍ എ. വിനോദ്, ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. റാഫി രാജ്, അഡ്വ. പി.ജി. പ്രസന്നകുമാര്‍, അഡ്വ. പി. മനോഹരന്, ബ്രാഹ്മണ സഭ ജില്ലാ പ്രസിഡന്റ് മണി എസ്. തിരുവല്ല, അഡ്വ. എ.എം. അജി, അഡ്വ. മനോജ്, അഡ്വ. അനില്‍ പി. നായര്‍, വത്സമ്മ മാത്യു, അഡ്വ. സി.ജി. രാജശേഖരന് നായര്‍ എന്നിവര്‍ സംസാരിച്ചു.
ഇന്ത്യന്‍ പാര്‍ലമെന്റ് കഴിഞ്ഞാല്‍ വൈവിദ്ധ്യമാര്‍ന്ന ജനസമൂഹം യോജിക്കുന്ന ഏക സ്ഥലമായി ആറന്മുള മാറിയതായും വൈവിദ്ധ്യത്തിന്റെ ഒരു പൂര്‍ണ്ണതയാണ് ഇന്ന് ആറന്മുളയില് കാണുന്നതെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മുന്‍ എം.പി. യുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്റെ ഇരുപതാം ദിവസമായ ഇന്നലെ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറന്മുളയെ സംരക്ഷിക്കുവാന്‍ കേരള ജനതയ്ക്ക് എന്ത് അവകാശം എന്ന കെ.ശിവദാസന്‍നായര്‍ എംഎല്‍എയുടെ ചോദ്യത്തിന് പ്രകൃതിയുടെ ജൈവവൈവിദ്ധ്യം നിലനിര്‍ത്താന്‍ എല്ലാവര്ക്കും അവകാശം ഉണ്ട് എന്നതാണ് ഉത്തരം. ആറന്മുളയുടെ സംസ്ക്കാരം, പരിസ്ഥിതി, ഐതിഹ്യം, പൈതൃകം ഇവ സംരക്ഷിക്കുവാന്‍ എല്ലാവര്ക്കും അവകാശം ഉണ്ട്.
കേരളത്തില്‍ എവിടെയും സംഭവിക്കുന്ന പ്രശ്നങ്ങളെപ്പറ്റി പ്രതികരിക്കുവാനും പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുവാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും ജനപ്രതിനിധികള്‍ ഇന്ന് ആര്‍ജ്ജവം നഷ്ടപ്പെടുന്നവരാണെന്നും സത്യഗ്രഹത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കെപിഎംഎസ് സംസ്ഥാന ട്രഷറാര്‍ തുറവൂര്‍ സുരേഷ് പറഞ്ഞു.
വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹം പോലെ ചരിത്രത്തില്‍ ഇടം നല്കുന്ന ഒരു വിജയസമരമാണ് ആറന്മുളയിലെ പൈതൃക പോരാട്ടമെന്നും ഇത് ഒരു പ്രാദേശിക സമരമല്ല, ദേശീയ സമരമെന്നും സുരേഷ് പറഞ്ഞു.
ആറന്മുള വിമാനത്താവളം പദ്ധതി അത്യന്തം വേദനാജനകമെന്നും അത് വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും പ്രശ്നമെന്നും സത്യാഗ്രഹം അഭിസംബോധനം ചെയ്ത് സംസാരിച്ച കേരള ബ്രാഹ്മണസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ. കൃഷ്ണയ്യര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: