ആലപ്പുഴ: ക്രച്ചസിലൂന്നി, നിരാശ നിറഞ്ഞ മുഖവുമായി ചുട്ടു പഴുത്ത റോഡിലേക്കിറങ്ങുമ്പോള്‍ അന്നമ്മ കരഞ്ഞില്ലെന്നു മാത്രമേയുള്ളു. നാളെത്തേക്ക് പണം എവിടെ നിന്നുണ്ടുക്കുമെന്ന ചിന്ത ആധിയായി നെഞ്ചില്‍ കത്തിപ്പടര്‍ന്നു… അമ്പലപ്പുഴ സ്വദേശി അന്നമ്മയുടെ മാത്രമല്ല, കേരളത്തിലെ പതിനായിരക്കണക്കിന് വികലാംഗരുടേയും അവശ കലാകാരന്മാരുടേയും അവസ്ഥയാണിത്.
വിവിധ സാമൂഹിക പെന്‍ഷനുകളുടെ വിതരണം മുടങ്ങിയിട്ട് ആറുമാസത്തിലേറെയായി. പെന്‍ഷന്‍കാര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി കുഴഞ്ഞു. അവശ കലാകാരന്മാരുടെയും വികലാംഗരുടെയും പെന്‍ഷനാണ് മാസങ്ങളായി മുടങ്ങിയത്. കഴിഞ്ഞ ഓണത്തിനാണ് അവസാനമായി ഇവര്‍ക്ക് പെന്ഷന് ലഭിച്ചത്. മുന്‍കാലങ്ങളില്‍ വികലാംഗ പെന്ഷന് മൂന്നു മാസം കൂടുമ്പോള്‍ വിതരണം ചെയ്തിരുന്നു.
ഓണത്തിനു ശേഷം ഡിസംബറിലാണ് പെന്ഷന് വിതരണം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഇതുവരെ നല്‍കിയിട്ടില്ല. സംസ്ഥാനത്ത് മൂന്നു ലക്ഷത്തോളം വികലാംഗരാണ് പെന്ഷന് അര്‍ഹരായിട്ടുള്ളത്. പ്രതിമാസം ഒരാള്‍ക്ക് 700 രൂപയാണ് പെന്‍ഷനായി നല്‍കുന്നത്. കളക്ട്രേറ്റില്‍ നിന്ന് പഞ്ചായത്തുകള്‍ മുഖേന മണിയോര്‍ഡറായാണ് വിതരണം. എന്നാല്‍, സര്‍ക്കാരില്‍ നിന്നു ഫണ്ട് ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
ഭൂരിഭാഗം വികലാംഗരുടെയും വരുമാനമാര്‍ഗമായ പെന്ഷന് മുടങ്ങിയതോടെ നിത്യച്ചെലവിനുപോലും ഇവര്‍ ബുദ്ധിമുട്ടുകയാണ്. വളരെ പ്രായമേറിയവരാണ് പെന്ഷന് വാങ്ങുന്നതില്‍ ബഹുഭൂരിപക്ഷവും. പെന്ഷന് തുക കൃത്യമായി വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പലപ്പോഴും പ്രഖ്യാപിക്കാറുണ്ടെങ്കിലും നടപടിയുണ്ടാകാറില്ല. വിവിധ തൊഴിലാളി പെന്‍ഷനുകള്‍ മുടങ്ങുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളി സംഘടനകളും പ്രക്ഷോഭവുമായി രംഗത്തെത്താറുണ്ടെങ്കിലും അസംഘടിതരായതിനാല്‍ സാമൂഹിക പെന്‍ഷന്‍കാര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരുമില്ല.
സംസ്ഥാനത്തെ അവശകലാകാരന്മാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച കമ്മീഷന് റിപ്പോര്‍ട്ടില്‍ പത്ത് വര്‍ഷം കഴിഞ്ഞും നടപടി സ്വീകരിച്ചിട്ടില്ല. 2003 ഒക്ടോബറിലാണ് സാംസ്കാരിക വകുപ്പ് ആറന്മുള വാസ്തുവിദ്യാ ഗുരുകുലം ഡയറക്ടറായിരുന്ന പി.എന്‍.സുരേഷിനെ ഇവരുടെ കണക്കെടുപ്പ് സംബന്ധിച്ച കണക്കുകളും മറ്റും എടുക്കുന്നതിനായി ചുമതലപ്പെടുത്തിയത്. 2004ല്‍ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ ഇത്രയും പിന്നിട്ടിട്ടും അവശകലാകാരന്മാരുടെ പെന്‍ഷനും മറ്റു ആനുകൂല്യങ്ങള്‍ക്കും നടപടിയായില്ല.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: