തിരുവനന്തപുരം: കെഎസ്ആര്‍ടിസി പുനരുദ്ധാരണ പാക്കേജ് സംബന്ധിച്ച് അന്തിമതീരുമാനം ഇന്ന്. മന്ത്രിസഭായോഗത്തില്‍ ഇന്ന് ഇക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും. വിവിധ തൊഴിലാളിസംഘടനകളുമായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. കെഎസ്ആര്‍ടിസിയെ സഹായിക്കുന്നതിനുള്ള പാക്കേജിന്റെ ഭാഗമായി ടിക്കറ്റുകള്‍ക്കുമേല്‍ പെന്ഷന് സെസ് ചുമത്തുന്നത് ഉള്‍പ്പെടെയുള്ളവയാണ് ഇന്ന് തീരുമാനിക്കുക. ജീവനക്കാരുടെ അനുപാതം കുറയ്ക്കാനും യാത്രാടിക്കറ്റില് പെന്ഷന് സെസ് ഏര്‍പ്പെടുത്താനും ശുപാര്‍ശ ചെയ്യുന്ന പുനരുദ്ധാരണ പാക്കേജിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. 25 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്കായിരിക്കും പെന്ഷന് സെസ് ഏര്‍പ്പെടുത്തുക.
പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കുമ്പോള്‍ ജീവനക്കാരെ കൂടി പരിഗണിക്കുമെന്നും ജീവനക്കാരെ പിണക്കി പാക്കേജുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് ഒന്നുമുതല്‍ ജീവനക്കാര്‍ പണിമുടക്കിന് നോട്ടീസ് നല്കിയ സാഹചര്യത്തിലാണ് മന്ത്രി ജീവനക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.
ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടക്കില്ല. കോര്‍പ്പറേഷന്റെ നിലവിലെ അവസ്ഥ നന്നായി അറിയുന്നവരാണ് ജീവനക്കാര്‍. അതിനാല്‍ അവരുടെ അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കും. ജീവനക്കാര്‍ പാക്കേജ് പൂര്‍ണമായും അംഗീകരിച്ചിട്ടില്ല. എന്നാല്‍ ചില കാര്യങ്ങളില്‍ കൂടുതല്‍ വിശദീകരണം തേടിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയിലെ പെന്ഷന് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഇതിനായി ബസ്യാത്രാ നിരക്കില്‍ സെസ് ഏര്പ്പെടുത്തുന്നതുള്പ്പെടയുള്ള നിര്‍ദേശങ്ങളുണ്ടെങ്കിലും ജീവനക്കാരെ വിശ്വാസത്തിലെടുത്തേ ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കൂ. അതേസമയം ബസ്യാത്രാ നിരക്കില്‍ സെസ് ഏര്‍പ്പെടുത്തുന്നതില്‍ ജീവനക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. ദേശസാത്കൃത റൂട്ടുകള്‍ സ്വകാര്യ മേഖലക്ക് തുറന്നു കൊടുക്കുന്നതുള്‍പ്പെടെയുള്ള നയപരമായ കാര്യങ്ങളില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. കെഎസ്ആര്‍ടിസിയില്‍ നിലവിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ നിയമിക്കുന്നതിന് മുമ്പ് എം പാനല്‍കാരെ സ്ഥിരപ്പെടുത്തരുതെന്ന കോടതി നിര്‍ദേശം അംഗീകരിക്കും. എല്‍ഐസിയുമായി സഹകരിച്ച് കെഎസ്ആര്‍ടിസിയിലെ പെന്ഷന് പ്രശ്നം പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടെ കെഎസ്ആര്‍ടിസിയെ ഏതു രീതിയില്‍ സഹായിക്കാന്‍ സാധിക്കുമെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന പ്രത്യേകമന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. സാമ്പത്തിക സഹായം അനുവദിക്കില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ യാത്രാസൗജന്യം നിര്ത്തലാക്കേണ്ടിവരുമെന്നു ഗതാഗത വകുപ്പ് അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി. മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നുള്ള വരുമാനം എടുക്കാന്‍ കെഎസ്ആര്‍ടിസിയെ അനുവദിച്ചാലും മുന്നോട്ടുപോകാന്‍ സാധിക്കുമെന്നു നിര്‍ദേശമുയര്‍ന്നു.
പെന്ഷന് നല്‍കാനായി പ്രതിമാസം 37 കോടി രൂപയാണ് വേണ്ടിവരുന്നത്. കെഎസ്ആര്‍ടിസി 14.5 ശതമാനം പലിശനിരക്കില്‍ അഞ്ചു വര്‍ഷം കൊണ്ട് കെടിഡിഎഫ്സിക്ക് കൊടുത്തു തീര്‍ക്കാനുള്ള 1300 കോടി രൂപയുടെ വായ്പ ഏറ്റെടുക്കാന്‍ എല്‍ ഐസിയുമായി തത്വത്തില്‍ ധാരണയായി. നിലവില്‍ 40 കോടി രൂപയാണ് പ്രതിമാസം വായ്പായിനത്തിലെ തിരിച്ചടവ്. പുനരുദ്ധാരണ പദ്ധതി പ്രകാരം എല്‍ഐസി 10 ശതമാനം പലിശ നിരക്കില്‍ 15 വര്‍ഷം കൊണ്ട്് വായ്പ കൊടുത്തു തീര്‍ക്കാമെന്നാണ് ധാരണ. ഈ അടിസ്ഥാനത്തില്‍ പ്രതിമാസം 15 കോടി ലാഭിക്കാനാകും. പെന്ഷന് നഷ്ടം നികത്താനായി കെഎസ്ആര്‍ടിസി എംപ്ലോയീസ് പെന്ഷന് ഫണ്ട് ട്രസ്റ്റ് രൂപീകരിക്കാനും പാക്കേജ് വ്യവസ്ഥ ചെയ്യുന്നുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: