അമ്പലപ്പുഴ: സോളാര്‍ തട്ടിപ്പുകേസില്‍ ജയില്‍മോചിതയായ സരിത എസ്. നായര്‍ അമ്പലപ്പുഴ കോടതിയില്‍ ഹാജരായി. കഴിഞ്ഞ ദിവസം അമ്പലപ്പുഴ കോടതി നാലു കേസുകളില്‍ സരിതയ്ക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മാര്‍ച്ച് അഞ്ചിനു മുമ്പ് നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് മാപ്പപേക്ഷ നല്‍കാനാണ് സരിത കോടതിയിലെത്തിയത്. അഭിഭാഷകനായ ഫെനി ബാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.
തന്റെ ജീവനു ഭീഷണിയുണ്ടെന്ന് സരിത അറിയിച്ചു. കേസില്‍ രാഷ്ട്രീയ വിലപേശല്‍ നടത്തിയിട്ടില്ല. രണ്ടു ദിവസത്തിനുള്ളില്‍ താന്‍ മാധ്യമങ്ങളെ കാണുമെന്നും കേസില്‍ വലിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും സരിത അറിയിച്ചു. വിലപേശല്‍ നടത്തുന്നതിന്റെ ഭാഗമായല്ല താന്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് പറയുന്നത്. കേസുകളുമായി ബന്ധപ്പെട്ട് കുറച്ചു കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. അതിനുള്ള സമയം നല്‍കണം. താനിപ്പോള്‍ ഒരു അഭിഭാഷകയ്ക്കൊപ്പമാണ് താമസമെന്നും അവിടേക്കാണ് പോകുന്നത്. മാധ്യമങ്ങള്‍ തന്റെ സ്വകാര്യതയെ മാനിക്കണമെന്നും സരിത പറഞ്ഞു.
ഒരു കേസും താന്‍ പണം നല്കി ഒതുക്കിയിട്ടില്ല. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ അമ്മയും ബന്ധുക്കളും പലരോടെല്ലാം കടം വാങ്ങിയാണ് 13 ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവച്ചതെന്നും സരിത പറഞ്ഞു. കേസ് പണം കൊടുത്ത് ഒതുക്കി എന്നു പറയുന്നവര്‍ ആ കേസുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കണം. ഹോസ്ദുര്‍ഗ് കോടതിയിലെ കേസ് അവസാനിപ്പിച്ചതു പോലും പണം തിരികെ കൊടുക്കാമെന്ന് പരാതിക്കാരന്റെ കാലു പിടിച്ച് പറഞ്ഞിട്ടാണ്. പല കേസുകളിലും ജയിലില്‍ ആവുന്നതിന് മുമ്പ് തന്നെ ഭൂരിഭാഗം തുകയും മടക്കി നല്‍കിയിരുന്നുവെന്നും സരിത പറഞ്ഞു.
ജയില്‍മോചിതയായ ശേഷം അജ്ഞാതവാസത്തിലായിരുന്ന സരിതക്കെതിരേ പുതിയ നാലു കേസുകളില്‍ കൂടി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നേരത്തെ ഹോസ്ദുര്‍ഗ് കോടതിയില്‍ നിലനിന്നിരുന്ന കേസ് തിങ്കളാഴ്ച ഒത്തുതീര്‍പ്പായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: